ഇതല്ലേ ശരിക്കും ബംപർ: 500 രൂപയുടെ സമ്മാനവും വാങ്ങി വീട്ടില്‍ പോയി, പക്ഷെ ശരിക്കും അടിച്ചതോ..
ആലപ്പുഴ സ്വദേശിയായ വിശ്വംഭരന്‍ എന്ന എഴുപത്തിരണ്ടുകാരനാണ് ഇത്തവണത്തെ വിഷു ബംബപർ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 12 കോടി രൂപ അടിച്ചിരിക്കുന്നത്. സമ്മാനർഹമായ ടിക്കറ്റ് അദ്ദേഹം ബാങ്കില്‍ സമർപ്പിക്കുകയും ചെയ്തു. ബംപർ സമ്മാനം അടിച്ചത് വിശ്വംഭരനാണെങ്കിലും ആലപ്പുഴയിലെ തന്നെ മോനച്ചനും ബംപർ അടിച്ച സന്തോഷമാണുള്ളത്.
സീരിയല്‍ നമ്പറുകളുടെ വ്യത്യാസത്തില്‍ ബംപർ സമ്മാനം തന്നെ നഷ്ടമായെങ്കിലും അതൊന്നും മോനച്ചന്‍ അറിഞ്ഞിരുന്നില്ല. മാത്രവുമല്ല, ബംപറിന്റെ സമാശ്വാസ സമ്മാനമായ ലക്ഷം രൂപ ലഭിച്ച ഭാഗ്യശാലികളിൽ ഒരാളുമായിരുന്നു മോനച്ചന്‍. ഇതും അദ്ദേഹം ശ്രദ്ധിച്ചില്ലെന്നതാണ് ശ്രദ്ധേയം. അവസാനത്തെ നാലക്കത്തിന് 500 രൂപയുടെ സമ്മാനവും ഈ ടിക്കറ്റിലുണ്ടായിരുന്നു. ഇത് മാത്രമായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്.

പതിവ് പോലെ ചെറിയ സമ്മാനങ്ങളാണ് മോനച്ചന്‍ നോക്കിയത്. അവസാന നാലക്കത്തിന് 500 രൂപ ഉണ്ടെന്ന് മനസ്സിലാക്കിയപ്പോള്‍ തന്നെ തുമ്പോളിയിലെ മാതാ ലോട്ടറി ഏജൻസിയിലെത്തി ടിക്കറ്റ് നൽകി പണം വാങ്ങി മടങ്ങി. ലോട്ടറി ഏജന്‍സിക്കാരും ആദ്യം സമാശ്വാസ സമ്മാനത്തിന്റെ കാര്യം ശ്രദ്ധിച്ചിരുന്നില്ല. തുടർന്ന് കലവൂരിലെ മൊത്തവിതരണ ഏജന്റ് മുഴുവൻ നമ്പറും പരിശോധിച്ചപ്പോഴാണ് മോനച്ചന്റെ ലോട്ടറിക്ക് ഒരു ലക്ഷം രൂപയുടെ സമ്മാനമുണ്ടെന്ന് മനസ്സിലാകുന്നത്.
സമ്മാനത്തിന്റെ കാര്യം മൊത്തവിതരണ ഏജന്റ് ഉടന്‍ തന്നെ മാതാ ലോട്ടറി ഏജന്‍സി ഉടമയായ ഡാനിയേലിനെ അറിയിക്കുകയും ചെയ്തു. ഇടക്ക് ലോട്ടറി വാങ്ങാന്‍ കടയില്‍ എത്തുന്ന ആളാണ് മോനച്ചനെങ്കിലും വീട് എവിടെയാണെന്ന് കൃത്യമായി ഡാനിയേലിന് അറിയില്ലായിരുന്നു. വിവിധ ഇടങ്ങളില്‍ നടത്തിയ അന്വേഷണത്തിനൊടുവില്‍ മോനച്ചന്റെ നമ്പർ സംഘടിപ്പിക്കാന്‍ ഡാനിയേലിന് സാധിച്ചു.
ഒടുവില്‍ ശനിയാഴ്ച വൈകുന്നേരത്തോടെ തുമ്പോളിയിലെ മാതാ ലോട്ടറിയിലെത്തിയ മോനച്ചന് ലക്ഷം രൂപ സമ്മാനം കിട്ടിയ വിഎ 490987 എന്ന ടിക്കറ്റ് ഡാനിയേൽ കൈമാറി. ഒരു ലക്ഷം രൂപയുടെ സമ്മാനമായതിനാല്‍ ലോട്ടറി ഓഫീസ് വഴി മാത്രമേ തുക ലഭിക്കുകയുള്ളു. അതേസമയം വിസി 490987 എന്ന നമ്പറിനായിരുന്നു ഒന്നാം സമ്മാനമായ 12 കോടി ലഭിച്ചത്.
അതേസമയം ബപർ അടിച്ച വിശ്വംഭരന്‍ ആലപ്പുഴയിലെ തൃക്കാർത്തിക എന്ന ഏജന്‍സിയില്‍ നിന്നുമാണ് സമ്മാനർഹമ്മായ ടിക്കറ്റ് എടുത്തിരുന്നത്. സ്ഥിരമായി ലോട്ടറി എടുക്കുന്ന വ്യക്തിയാണ് ഇദ്ദേഹം. എല്ലാം ബംപറുകളും എടുക്കാറുണ്ട്. ഒന്നിലേറെ ടിക്കറ്റ് എടുക്കുന്നതാണ് ശീലം. ഇത്തവണ തന്നെ ബംപർ സമ്മാനത്തിന് പുറമെ മറ്റൊരു ടിക്കറ്റിലൂടെ അയ്യായിരം രൂപയും വിശ്വംഭരന് സമ്മാനമായി ലഭിച്ചിട്ടുണ്ട്. സിആർഎഫ് വിമുക്തഭടനായ വിശ്വംഭരൻ ഇപ്പോൾ വിശ്രമജീവിതം നയിക്കുകയാണ്.












Click it and Unblock the Notifications