വിഷു ബംബര്‍ നറുക്കെടുപ്പിന് ഇനി മണിക്കൂറുകള്‍ മാത്രം: കോടികള്‍ കിട്ടുന്ന ഭാഗ്യവാന്‍ പേര് വെളിപ്പെടുത്തുമോ?
കേരളം കാത്തിരിക്കുന്ന വിഷു ബംപര്‍ ഭാഗ്യശാലി ആരാണെന്ന് അറിയാന്‍ ഇനി മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പ് മാത്രമാണുള്ളത്. നാളെ ഉച്ചയ്ക്ക് രണ്ടിനാണ് വിഷു ബംപര്‍ നറുക്കെടുക്കുന്നത്. ഒന്നാം സമ്മാനമായ 12 കോടി രൂപ ആരു കൊണ്ടുപോകുമെന്നാണ് കേരള ജനത ഉറ്റുനോക്കുന്നത്.
വില്‍പനയ്ക്ക് എത്തിച്ചത് മുതല്‍ ലക്ഷക്കണക്കിന് ടിക്കറ്റുകളാണ് ഭാഗ്യാന്വേഷികള്‍ വാങ്ങിക്കൂട്ടുന്നത്. കേവലം 300 രൂപ മുടക്കിയാല്‍ കോടിക്കണക്കിന് രൂപ കയ്യില്‍ കിട്ടുമെന്ന പ്രതീക്ഷയാണ് ടിക്കറ്റുകള്‍ വാങ്ങാന്‍ ഓരോരുത്തരെയും പ്രേരിപ്പിക്കുന്നത്. ടിക്കറ്റ് എടുത്തവര്‍ നെഞ്ചിടിപ്പോടെയാണ് നാളത്തെ ഫലം കാത്തിരിക്കുന്നത്. വായ്പ അടച്ചു തീര്‍ക്കുന്നത് മുതല്‍ സ്വന്തമായൊരു നല്ല വീട് വരെയുള്ള സ്വപ്‌നങ്ങള്‍ നെയ്തുകൂട്ടുന്നവരും ഇക്കൂട്ടത്തില്‍ ഉണ്ടാകും.

ഇനി നറുക്കെടുപ് കഴിഞ്ഞാല്‍ 12 കോടിയുടെ ഭാഗ്യശാലി ആരെന്നറിയാനുള്ള നെട്ടോട്ടമായിരിക്കും. ഭാഗ്യശാലി താനാണെന്ന തരത്തിലുള്ള വ്യാജ അവകാശവാദങ്ങളും ഉന്നയിച്ച ചരിത്രം ഇവിടെയുണ്ട്. അന്യസംസ്ഥാനക്കാര്‍ കൂടുതലായി കേരളത്തില്‍ ജോലി ചെയ്യാന്‍ തുടങ്ങിയതോടെ ഇവരും വലിയ തോതില്‍ ലോട്ടറികള്‍ വാങ്ങാന്‍ തുടങ്ങി. ഇതോടെ ഭാഗ്യം അതിര്‍ത്തി കടന്ന സംഭവങ്ങള്‍ കേരളത്തിലെ ജനങ്ങള്‍ നിരാശയോടെയാണ് നോക്കിക്കണ്ടത്.
ഭാഗ്യവാന്‍ ആരെന്നറിഞ്ഞാല്‍ അയാള്‍ക്കു പിന്നാലെയാകും രണ്ടു ദിവസം മാധ്യമങ്ങളും ജനങ്ങളും. ഭാഗ്യവാന്റെ പിന്നാലെ സഹായം തേടിയും നിരവധി പേരെത്തും. ഒറ്റദിവസം കൊണ്ട് ഭാഗ്യം തേടിയെത്തിയവരെ ശനിദശ പിടികൂടുന്നതും കണ്ടിട്ടുണ്ട്. കോടികള്‍ ലോട്ടറിയിലൂടെ അടിച്ചവര്‍ പിന്നീട് പാപ്പരായ ചരിത്രവും കേരളത്തില്‍ ഉണ്ടായിട്ടുണ്ട്.
അതിനാല്‍ 2023-ല്‍ വിഷു ബംപര്‍ അടിച്ചയാള്‍ തന്റെ പേരു വിവരങ്ങള്‍ പുറത്തു വിടരുതെന്ന് ഭാഗ്യക്കുറി വകുപ്പിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. വ്യക്തി വിവരങ്ങള്‍ പുറത്തറിഞ്ഞാലുള്ള സഹായ അഭ്യര്‍ത്ഥനകളും പൊല്ലാപ്പുകളും ഒഴിവാക്കാനായിരുന്നു ഈ അഭ്യര്‍ത്ഥന. കഴിഞ്ഞ വര്‍ഷം ആലപ്പുഴ സ്വദേശിയായ വിശ്വംഭരനായിരുന്നു 12 കോടി ലഭിച്ചത്.
ലോട്ടറികള്‍ നറുക്കെടുക്കുന്ന സമയത്ത് മലയാളികള്‍ എപ്പോഴും ഓര്‍ത്തിരിക്കുന്ന ഒരു പേരാണ് അനൂപിന്റേത്. 2022 ലെ തിരുവോണം ബംബര്‍ വിജയിയാണ് തിരുവനന്തപുരം സ്വദേശിയായ അനൂപ്. അപൂര്‍വ്വം പേര്‍ക്ക് മാത്രം ലഭിക്കുന്ന ഭാഗ്യം തേടിയെത്തിയിട്ടും അതിനു പിറ്റേന്ന് മുതല്‍ മനസമാധാനം നഷ്ടപ്പെട്ട അവസ്ഥയായിരുന്നു അനൂപിന്. സഹായം ആവശ്യപ്പെട്ട് വരുന്നവരുടെ എണ്ണം വര്‍ധിച്ചതോടുകൂടി സ്വന്തം വീട്ടില്‍ നിന്ന് ഒളിച്ചുമാറേണ്ട അവസ്ഥ പോലും ഉണ്ടായി.
അന്ന് കേരള ലോട്ടറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയാണ് അനൂപിന് ലഭിച്ചത്. 25 കോടിയായിരുന്നു സമ്മാനത്തുക. കേരളം അനൂപിന്റെ ഭാഗ്യത്തെ വലിയതോതില്‍ ആഘോഷിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനു പിന്നാലെ മനസമാധാനം നഷ്ടപ്പെട്ട കഥ അനൂപ് മാധ്യമങ്ങളോട് പങ്കു വയ്ക്കുകയും ചെയ്തു. വിജയികള്‍ പൊതുസമൂഹത്തിന് മുന്നിലേക്ക് വരരുതെന്ന് ഒരു മുന്നറിയിപ്പായി അനൂപ് പറഞ്ഞിരുന്നു. സമ്മാനത്തുക ഉപയോഗിച്ച് അനൂപ് ഒരു ലോട്ടറി കട ആരംഭിക്കുകയും ചെയ്തു.
ഇപ്പോഴും അന്യസംസ്ഥാനങ്ങളില്‍ നിന്ന് പോലും സഹായം അഭ്യര്‍ത്ഥിച്ച് അനൂപിന് കോളുകള്‍ വരാറുണ്ട്. പണം കിട്ടിയ ഉടനെ ചിലവാക്കരുതെന്നും ഒരു ചാര്‍ട്ടേഡ് അക്കൗണ്ടിന്റെ സഹായത്തോടെ പണം നിക്ഷേപിക്കുന്നതിനെക്കുറിച്ച് ആലോചിക്കണമെന്നുമാണ് അനൂപിന്റെ അഭിപ്രായം. സമ്മാനത്തുക കിട്ടുന്ന ഉടനെ ചിലവാക്കാന്‍ തുടങ്ങിയാല്‍ ടാക്‌സ് അടയ്ക്കാനുള്ള പൈസ ഇല്ലാതാകുമെന്ന മുന്നറിയിപ്പും അനൂപ് നല്‍കുന്നുണ്ട്. സഹായം നല്‍കാത്തതിന്റെ പേരില്‍ നിരവധി ബന്ധുക്കളും സുഹൃത്തുക്കളും പിണങ്ങിപ്പോയ കഥയും അനൂപ് പങ്കുവെച്ചിരുന്നു.
ലോട്ടറി വകുപ്പിന്റെ പഠനത്തില്‍ ലോട്ടറി അടിച്ച ഭൂരിപക്ഷം പേരും വലിയ അനാവശ്യ കാര്യങ്ങള്‍ക്കായി ചെലവഴിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ലോട്ടറി ജേതാക്കള്‍ സമ്മാനത്തുക ശരിയായി വിനിയോഗിക്കാന്‍ ബോധവല്‍ക്കരണം നല്‍കാനും സര്‍ക്കാരിന് പദ്ധതിയുണ്ട്.












Click it and Unblock the Notifications