വിഷു ബമ്പർ നറുക്കെടുപ്പ്; 12 കോടിയുടെ ഭാഗ്യവാൻ ആരാകും? ഇത്തവണയും പാലക്കാടേക്കോ?
ഈ വർഷത്തെ വിഷു ബമ്പർ നറുക്കെടുപ്പ് 23 ന് നടക്കും.. തിരുവനന്തപുരം പാളയത്തുള്ള ഗോർക്കി ഭവനിൽ ഉച്ചയ്ക്ക് 2 മണിയോടെയാണ് നറുക്കെടുപ്പ് ആരംഭിക്കുക.കഴിഞ്ഞ വർഷത്തെ പോലെ തന്നെയാണ് ഇത്തവണയും ഒന്നാം സമ്മാനം 12 കോടി രൂപ.ഒന്നാം സമ്മാനം നേടുന്ന അതേ അക്കം വരുന്ന മറ്റ് അഞ്ച് പരമ്പരകള്‍ക്ക് ഒരു ലക്ഷം രൂപയുടെ സമാശ്വാസ സമ്മാനമുണ്ടാകും.
രണ്ടാം സമ്മാനമായി ആറ് പേർക്ക് ഒരു കോടി രൂപ വീതം ലഭിക്കും. ആകെ 6 കോടി രൂപയാണ് ഈ വിഭാഗത്തിൽ വിതരണം ചെയ്യുക. മൂന്നാം സമ്മാനമായി ആറ് വിജയികൾക്ക് 10 ലക്ഷം രൂപ വീതം ലഭിക്കും. ഈ വിഭാഗത്തിൽ മാത്രം 60 ലക്ഷം രൂപയാണ് സമ്മാനമായി നൽകുന്നത്.

നാലാം സമ്മാനമായി ആറ് പേർക്ക് 5 ലക്ഷം രൂപ വീതം ലഭിക്കും. രണ്ടാം, മൂന്നാം സമ്മാനങ്ങളെ പോലെ തന്നെ ഈ വിഭാഗത്തിലും ആറ് വിജയികളെയാണ് തിരഞ്ഞെടുക്കുക. ആകെ 30 ലക്ഷം രൂപയാണ് നാലാം സമ്മാനമായി വിതരണം ചെയ്യുക.
അഞ്ചാം സമ്മാനമായി 5,000 രൂപ വീതം 16,200 പേർക്കും , ആറാം സമ്മാനമായി 2,000 രൂപ വീതം 12,960 പേർക്കും ഏഴാം സമ്മാനമായി 1,000 രൂപ വീതം 29,160 പേർക്കും എട്ടാം സമ്മാനമായി 500 രൂപ വീതം 1,37,160 പേർക്കും ഒൻപതാം സമ്മാനമായി 300 രൂപ വീതം 1,84,680 പേർക്ക് ലഭിക്കും.
മാർച്ചിലാണ് ടിക്കറ്റ് വിൽപ്പന ആരംഭിച്ചത്. 300 രൂപയാണ് ടിക്കറ്റ് നിരക്ക്. കഴിഞ്ഞ തവണത്തെ പോലെ തന്നെ മികച്ച വിൽപ്പനാണ് നടക്കുന്നത്.
നികുതി എത്ര?
കേരളം ഉൾപ്പെടെ സിക്കിം, പഞ്ചാബ്, അസം, നാഗാലാൻഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ലോട്ടറി സമ്മാനങ്ങൾക്ക് നിലവിൽ നിശ്ചിത നികുതി നിരക്കുണ്ട്. 10,000 രൂപയ്ക്ക് മുകളിലുള്ള സമ്മാനങ്ങൾക്ക് 30% നികുതി നിർബന്ധമായും ഈടാക്കും.
ഇതിന് പുറമെ 4% ആരോഗ്യ-വിദ്യാഭ്യാസ സെസും ബാധകമാണ്. ഇതോടെ മൊത്തം നികുതി നിരക്ക് 31.2% ആയി ഉയരും. വലിയ സമ്മാനത്തുകകൾക്ക് അധിക സർചാർജും ബാധകമായേക്കാം. അതിനാൽ സമ്മാനത്തുക മുഴുവൻ കൈയിൽ ലഭിക്കില്ലെന്ന കാര്യവും വിജയികൾ ശ്രദ്ധിക്കണം.
കഴിഞ്ഞ തവണ പാലക്കാടേക്ക്
കഴിഞ്ഞ തവണ പാലക്കാട് വിറ്റ VD 204266 എന്ന നമ്പരിലുള്ള ലോട്ടറിക്കാണ് ഒന്നാം സമ്മാനം ലഭിച്ചത്. ജസ്വന്ത് ഏജൻസി വിറ്റ ടിക്കറ്റിനായിരുന്നു സമ്മാനം. എന്നാൽ വിജയി തൻ്റെ പേര് വെളിപ്പെടുത്തിയിരുന്നില്ല.












Click it and Unblock the Notifications