
ജയിലില്‍ കിരണ്‍ കുമാറിന് തോട്ടപ്പണി; ദിവസം 63 രൂപ കൂലി, ഒരു വര്‍ഷം കഴിഞ്ഞാല്‍ 127 രൂപ
തിരുവനന്തപുരം: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് കൊല്ലം സ്വദേശി വിസ്മയ ആത്മഹത്യ ചെയ്ത കേസില്‍ ശിക്ഷിക്കപ്പെട്ട് തടവിലായ ഭര്‍ത്താവ് എസ്. കിരണ്‍ കുമാറിന് ജയിലില്‍ ലഭിച്ചത് തോട്ടപ്പണി. അസി.മോട്ടര്‍ വെഹിക്കിള്‍ ഇന്സ്പെക്ടറായിരിക്കെയായിരുന്നു കിരണ്‍ കുമാര്‍ ആത്മഹത്യ പ്രേരണ കുറ്റത്തിന് അറസ്റ്റിലായത്. പിന്നീട് കിരണ്‍ കുമാറിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു.
നിലവില്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ് കിരണ്‍ കുമാറുള്ളത്. കേസില്‍ 10 വര്‍ഷം കഠിന തടവിനാണ് കിരണ്‍ കുമാര്‍ ശിക്ഷിക്കപ്പെട്ടിരിക്കുന്നത്. പൂജപ്പുര സെന്‍ട്രല്‍ ജയില്‍ മതിലിനുള്ളിലെ തോട്ടപ്പണിയാണ് കിരണ്‍ കുമാറിന് നിര്‍ദേശിച്ചിരിക്കുന്നത്. ജയില്‍ മതില്‍ക്കെട്ടിനുള്ളിലെ 9.5 ഏക്കറില്‍ ചില ഭാഗങ്ങളില്‍ കൃഷിയുണ്ട്. ജയില്‍ സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി ചിലയിടങ്ങളില്‍ അലങ്കാര ചെടികളും നട്ട് പിടിപ്പിച്ചിരിക്കുകയാണ്.
എന്തിനേറെ ക്യാപ്ഷന്‍..? ഈ ഫോട്ടോ തന്നെ മതിയല്ലോ; അന്ന രാജന്റെ കലക്കന്‍ ചിത്രങ്ങള്‍

ഇതെല്ലാം കിരണ്‍ കുമാര്‍ അടക്കമുള്ള തിരഞ്ഞെടുക്കപ്പെടുന്ന ജയില്‍ തടവുകാരാണ് പരിപാലിക്കേണ്ടത്. എല്ലാ ദിവസവും രാവിലെ 7.15 നാണ് തോട്ടത്തിലെ ജോലി ആരംഭിക്കുക. പ്രതിദിനം 63 രൂപയാണ് കൂലി. കിരണ്‍ കുമാറിനും 63 രൂപ വേതനമായി ലഭിക്കും. ഒരു വര്‍ഷം കഴിഞ്ഞാല്‍ ദിവസ വേതനം 127 രൂപയായി വര്‍ധിക്കും. ജോലിക്കിടയില്‍ രാവിലെയും ഉച്ചയ്ക്കും ഭക്ഷണത്തിന് ഇടവേള അനുവദിക്കും.

വൈകിട്ട് ചായയും ലഭിക്കും. രാത്രി ഭക്ഷണം നല്കി 5.45നാണ് തടവുകാരെ സെല്ലില്‍ കയറ്റുന്നത്. സെന്‍ട്രല്‍ ജയിലിലെ അഞ്ചാം ബ്ലോക്കിലാണ് കിരണ്‍ കുമാര്‍ കഴിയുന്നത്. ജയിലില്‍ വരുന്നവരെ ആദ്യം മതില്‍ക്കെട്ടിന് പുറത്തുള്ള ജോലികള്‍ക്ക് വിടാറില്ലെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു. ഇത് കൂടാതെ അപകടകാരികള്‍, വാര്‍ത്താ പ്രാധാന്യമുള്ള കേസുകളില്‍പ്പെട്ടവര്‍, സ്ഥിരം കുറ്റവാളികള്‍ തുടങ്ങിയവരെയും പുറത്തെ പണിക്കു വിടില്ല.

ജയിലിലെത്തിയാല്‍ അധികൃതരുടെ വിശ്വാസം നേടിയെടുക്കുന്നത് വരെ ജയിലിന് അകത്ത് തന്നെ ജോലി ചെയ്യണം. ശിക്ഷ അനുഭവിക്കുന്ന തടവുപുള്ളികള്‍ എല്ലാവരും ജോലി ചെയ്യണം എന്നാണ് നിയമം അനുശാസിക്കുന്നത്. പൂജപ്പുര ജയിലില്‍ പച്ചക്കറി കൃഷിയും, ഗാര്ഡന് നഴ്സറിയുമുണ്ട്. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ജയിലില്‍ പച്ചക്കറി വില്‍ക്കാറുണ്ട്. ശരാശരി പതിനായിരം രൂപയുടെ വില്പന നടക്കുന്നതായാണ് ജയില്‍ അധികൃതര്‍ പറയുന്നത്.

ശിക്ഷയ്ക്കു പുറമെ കിരണിന് 12.55 ലക്ഷം രൂപയാണ് പിഴയായി വിധിച്ചിട്ടുള്ളത്. ഇതില്‍ 4 ലക്ഷം രൂപ വിസ്മയയുടെ മാതാപിതാക്കള്‍ക്ക് നല്‍കണം എന്ന് കോടതി ഉത്തരവിട്ടിരുന്നു. പിഴ അടച്ചില്ലെങ്കില്‍ 27 മാസവും 15 ദിവസവും കൂടി തടവ് ശിക്ഷ അനുഭവിക്കണം എന്നാണ് വിധി. കേരളത്തില്‍ ആദ്യമായാണ് സ്ത്രീധന നിരോധന നിയമപ്രകാരം ഇത്രയും വലിയ പിഴ വിധിക്കുന്നത്.

2021 ജൂണ്‍ 21നാണ് വിസ്മയയെ ശാസ്താംകോട്ട പോരുവഴിയിലുള്ള ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നത്. 2020 മേയ് 30നായിരുന്നു വിസ്മയയും കിരണ്‍ കുമാറും തമ്മിലുള്ള വിവാഹം. മേയ് 24 നാണ് കിരണ്‍ കുമാര്‍ ശിക്ഷക്കാരനാണ് എന്ന് കോടതി വിധിച്ചത്. സ്ത്രീധന പീഡനത്തില്‍ ഐപിസി 304 പ്രകാരം പത്ത് വര്‍ഷം തടവും ആത്മഹത്യാപ്രേരണയ്ക്ക് ഐപിസി 306 പ്രകാരം ആറുവര്‍ഷം തടവും രണ്ട് ലക്ഷം രൂപ പിഴയുമാണ് കിരണ്‍ കുമാറിന് ശിക്ഷ വിധിച്ചത്.

കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.എന്‍. സുജിത്താണ് വിസ്മയ കേസില്‍ വിധി പറഞ്ഞത്. സ്ത്രീധനമായി നല്കിയ കാറില്‍ തൃപ്തനല്ലാത്തതിനാലും വാഗ്ദാനം ചെയ്ത സ്വര്‍ണം ലഭിക്കാത്തതിനാലും ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിനെ തുടര്‍ന്ന് വിസ്മയ ആത്മഹത്യ ചെയ്തു എന്നായിരുന്നു കേസ്. നാല് മാസം നീണ്ട വിചാരണയ്ക്കൊടുവിലാണ് കോടതി ശിക്ഷ വിധിച്ചത്.