'രായപ്പന്റെ ഗതി അച്ഛനോട് ചോദിച്ചാൽ മതി, വകതിരിവ് വട്ടപ്പൂജ്യം'; വിസ്മയ മോഹൻലാലിന് സൈബർ ആക്രമണം
രാജ്യതലസ്ഥാനത്ത് നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തെ പിന്തുണച്ച മോഹൻലാലിൻ്റെ മകൾ വിസ്മയക്കെതിരെ സൈബർ ആക്രമണം രൂക്ഷം. സ്വന്തം പൌരൻമാരോട് ഒരു ജനാധിപത്യ സംവിധാനം യഥാർത്ഥത്തിൽ ഇങ്ങനെയാണോ പെരുമാറേണ്ടതെന്നായിരുന്നു വിദ്യാർത്ഥികൾക്കെതിരായ പോലീസ് നടപടിയെ വിമർശിച്ച് വിസ്മയ മോഹൻലാൽ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ഇതിന് പിന്നാലെയാണ് വിസ്മയക്കെതിരെ സോഷ്യൽ മീഡിയയിലൂടെ ചിലർ രംഗത്തെത്തിയത്. പുതിയ സിനിമ ഇറങ്ങാനിരിക്കെയുള്ള പിആർ തന്ത്രമാണ് പ്രതികരണമെന്നും മുൻപ് പൃഥ്വിരാജിന് അനുഭവിക്കേണ്ടി വന്നത് എന്താണെന്ന് അച്ഛനോട് ചോദിച്ചാൽ മനസിലാകും എന്നൊക്കെയാണ് കമൻ്റുകൾ.

ചില കമൻ്റുകൾ ഇങ്ങനെ
'രായപ്പന്റെ ഗതി എന്താണെന്നു അച്ഛനോട് ചോദിച്ചാൽ പറഞ്ഞു തരും', 'അപ്പൻ ആനക്കൊമ്പ് കൈവശം വെച്ചത് കുറ്റം അല്ലേ മോളെ... അതോ അപ്പന് അവാർഡ് കിട്ടാഞ്ഞിട്ടാണോ കേന്ദ്രസർക്കാരിനെതിരെ മോൾ ഇറങ്ങിയിരിക്കുന്നത്',
'പെട്ടന്നൊരു പൗര ബോധം.... സിനിമയ്ക്ക് ആളെ കൂട്ടാൻ കൊച്ച് പറഞ്ഞ പോലെ ചില പ്രതികരണങ്ങൾ നടത്തിയാൽ മതിയെന്ന് ആരെങ്കിലും ഉപദേശിച്ചിരുന്നോ ....?10 ആനക്കൊമ്പും 13 ivory idols ഉം കൈയ്യിൽ വെച്ച അച്ഛന് പദ്മ വിഭൂഷനും ദാദ സാഹബ് ഫാൽക്കെ അവാർഡും നൽകിയ അതെ സർക്കാർ തന്നെ ആണ് ഇപ്പോഴും രാജ്യം ഭരിക്കുന്നത്...'
'തുടക്കം തന്നെ പാളിയല്ലോ ചേച്ചി.ഗ്രൗണ്ടിൽ ഇറങ്ങും മുൻപ് തന്നെ കളി തോറ്റു'
'തുടക്കം തന്നെ ഒടുക്കം ആക്കിയല്ലോ. രാജ്യത്തെ തകർക്കാൻ നോക്കുന്നവരുടെ ഒപ്പം കൂട്ട് കൂടിയാൽ ലാലേട്ടന്റെ മോള് എന്ന പരിഗണന ഒന്നും തരില്ല ശക്തമായി തന്നെ എതിർക്കും'
'2021ൽ സംസ്ഥാനവ്യാപകമായി പിഎസ്‌സി റാങ്ക് ഹോൾഡർമാരുടെ പ്രതിഷേധം നടന്നു vismaya mohanlal അറിഞ്ഞിരുന്നോ?സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ പണിമുടക്കുകൾ (2017-2026) നടന്നു... അറിഞ്ഞിരുന്നോ , ആശവർക്കർമാർ നാളുകൾ നീണ്ട സമരം നടത്തി, മാഡം അറിഞ്ഞിരുന്നോ! അതൊക്കെ ഈ കൊച്ചു No1കേരളത്തിൽതന്നെയാ നടന്നത്. Complete actor നോട് ചോദിക്ക്. ചിലപ്പോൾ അറിയുമാരിക്കും.. പുതിയ സിനിമ ഇറങ്ങാറായി അല്ലെ! മൂക്കാതെ വാടി വീഴുന്ന പഴങ്ങൾ കണ്ടിട്ടുണ്ട്, പക്ഷേ മൂക്കാതെ ഒരു ഫലവും പഴുത്തിട്ടില്ല നടിയേ'
'ഇത്രയും കാലം എവിടേ ആയിരുന്നു ,പെട്ടന്ന് ഒരു പൗര ബോധം. നിന്റെ തന്തയോട് ഒരു അച്ഛൻ കഥാപാത്രം പറഞ്ഞതെ പറയാനുള്ളു "വകതിരുവു വട്ടപ്പൂജ്യം".നിന്റെ ഗതിയും രായപ്പന്റെ പോലെ തന്നെ', ഇങ്ങനെ പോകുന്നു കമൻ്റുകൾ. അതേസമയം ഇത്തരം കമൻ്റുകൾക്കൊന്നും വിസ്മയ മറുപടി നൽകിയിട്ടില്ല.
കടുത്ത ഭാഷയിലായിരുന്നു പോലീസ് നടപടിക്കെതിരെ ഇന്നലെ വിസ്മയ പ്രതികരിച്ചത്. ' 'ടിയർ ഗ്യാസ്, ലാത്തി ചാർജ്, വിദ്യാർത്ഥികൾക്ക് പരിക്കേറ്റു, റോഡുകൾ ബ്ലോക്കാണ്, മെട്രോ സ്റ്റേഷനുകൾ അടച്ചിട്ടിരിക്കുന്നു., നഗരത്തിലങ്ങോളം ഇങ്ങോളം ബാരിക്കേഡുകളാണ്, ഇൻ്റർനെറ്റ് സസ്പെൻ്റ് ചെയ്തിരിക്കുന്നു.
നിങ്ങൾ പ്രക്ഷോഭകരെ പിന്തുണയ്ക്കണമെന്നില്ല. അവരുടെ ആവശ്യങ്ങൾ അംഗീകരിക്കണമെന്നില്ല. ഈ സമരത്തിൽ ഭാഗമായ സംഘടനയെ നിങ്ങൾ ഇഷ്ടപ്പെടണമെന്നുമില്ല. എന്നാൽ പൗരന്മാർ ശബ്ദമുയർത്തുമ്പോൾ അതിനുള്ള മറുപടി ചർച്ചകൾക്ക് പകരം അതിശക്തമായ അടിച്ചമർത്തലാണെങ്കിൽ എന്ത് തരത്തിലുള്ള ജനാധിപത്യത്തിലേക്കാണ് നമ്മൾ പോകുന്നത്. കാരണം ഒരുപക്ഷെ നാളെ കേൾക്കപ്പെടേണ്ടത് നിങ്ങളുടെ ശബ്ദമായിരിക്കും, ഒരു പക്ഷെ നിങ്ങളുടെ നാടായിരിക്കും, അയൽപക്കമായിരിക്കും, ഒരുപക്ഷെ കുടുംബമായിരിക്കാം. എല്ലാവരോടുമുള്ള എൻ്റെ ചോദ്യം വളരെ സിമ്പിളാണ്. സ്വന്തം പൌരൻമാരോട് ഒരു ജനാധിപത്യ സംവിധാനം യഥാർത്ഥത്തിൽ ഇങ്ങനെയാണോ പെരുമാറേണ്ടത്' എന്നായിരുന്നു താരത്തിൻ്റെ വാക്കുകൾ.
അതേസമയം വിസ്മയയെ കൂടാതെ ടൊവീനോ തോമസ്, കുഞ്ചാക്കോ ബോബൻ, പാർവതി തിരുവോത്ത് തുടങ്ങിയ പ്രമുഖരും വിഷയത്തിൽ വിദ്യാർത്ഥികൾക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.


Click it and Unblock the Notifications