കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡബ്ല്യുഎംഒ വിവാഹസംഗമം നടത്തി; 50 യുവതികള്‍ സുമംഗലികളായി

  • By Desk
Google Oneindia Malayalam News

മുട്ടില്‍: പ്രാര്‍ത്ഥനകള്‍ അനുഗ്രഹമായി പെയ്തിറങ്ങിയ ശുഭദിനത്തില്‍ വയനാട് മുസ്‌ലിം യതീംഖാനയില്‍ വീണ്ടും മംഗല്യം. ചരിത്രം പുതിയ പേരിട്ട് വിളിച്ച ഈ സാമൂഹ്യമുന്നേറ്റത്തിന് ഇത്തവണ നേര്‍സാക്ഷ്യം വഹിക്കാനെത്തിയത് ആയിരങ്ങള്‍. മൈലാഞ്ചി മൊഞ്ചില്‍ അണിഞ്ഞൊരുങ്ങി നിന്ന 50 യുവതികള്‍ ഇനി മുതല്‍ മംഗല്യ സൗഭാഗ്യത്തിന്റെ നറുതേന്‍ നുകരും. രാവിലെ മുതല്‍ പരന്നൊഴുകിയ സഹൃദയരുടെ ആശീര്‍വാദങ്ങളേറ്റ് 5 ഹൈന്ദവ സഹോദരിമാര്‍ ഡബ്ല്യു.എം.ഒ ജിദ്ദ ഹോസ്റ്റലില്‍ പ്രത്യേകം തയ്യാറാക്കിയ കതിര്‍മണ്ഡപത്തില്‍ വിവാഹിതരായി.

കരുവാരക്കുണ്ട് സമന്വയാശ്രമം ഗുരു സ്വാമി ആത്മദാസ് യമി മുഖ്യാതിഥിയായിരുന്നു. ഈശ്വരന്‍ നമ്പൂതിരി കര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഓര്‍ഫനേജ് അങ്കണത്തില്‍ നടന്ന പതിനാലാമത് സ്ത്രീധന രഹിത വിവാഹസംഗമത്തിന്റെ ഉദ്ഘാടനവും നികാഹിന്റെ നികാഹ് മുഖ്യകാര്‍മികത്വവും പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു.

vivahasangamam

ഡബ്ല്യു.എം.ഒ വിവാഹസംഗമം മതമൈത്രിയുടെ മഹനീയ മാതൃകയാണെന്നും കാലിക പ്രസക്തമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഡബ്ല്യു.എം.ഒ പ്രസിഡണ്ട് കെ.കെ അഹ്മദ് ഹാജി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.എ മുഹമ്മദ് ജമാല്‍ സന്ദേശം നല്‍കി. പി.കെ കുഞ്ഞാലിക്കുട്ടി എം.പി, എം.ഐ ഷാനവാസ് എം.പി, മജീദ് മണിയോടന്‍, ഖാദര്‍ ചെങ്കള, തുടങ്ങിയവര്‍ പ്രസംഗിച്ചു.

കെ.ടി ഹംസ മുസ്ലിയാര്‍ ഉല്‍ബോധന പ്രസംഗം നടത്തി. റാഷിദ് ഗസ്സാലി കൂളിവയല്‍ ഖുതുബ നിര്‍വഹിച്ചു. ഹാഫിള് നിഅ്മത്തുല്ല ബീഹാര്‍ ഖിറാഅത്ത് നടത്തി. എം.ബി.ബി.എസ് ബിരുദം നേടിയ ഡബ്ല്യു.എം.ഒ വിദ്യാര്‍ത്ഥി അസ്ഹര്‍ മീനങ്ങാടിയ്ക്ക് സൗദി ഖമീസ് മുഷെയ്ത്ത് ചാപ്റ്ററിന്റെ ഉപഹാരം മുനവ്വറലി ശിഹാബ് തങ്ങള്‍ കൈമാറി. കരീം ഹാജി (ബഹറൈന്‍), മൊയ്തീന്‍ കുട്ടി, ഹമീദ് മരുതൂര്‍, ഹസന്‍ ഹാജി, മുസ്തഫ പൊഴുതന (ഖത്തര്‍), മഹ്മൂദ് കണ്ണൂര്‍ ( ദുബൈ), അയ്യൂബ്, അക്ബര്‍, ആലിക്കുട്ടി ഹാജി (കുവൈത്ത്), ലത്തീഫ് മാനന്തവാടി (ഒനൈസ), റഷീദ്, കുഞ്ഞിമോന്‍, കബീര്‍ (ഖമീസ് മുഷെയ്ത്ത്), ഖാദര്‍ ചെങ്കള (ദമാം), ഇബ്രാഹീം കുപ്പാടിത്തറ (മസ്‌കത്ത്), റസാഖ് കല്‍പ്പറ്റ (സലാല), ഡബ്ല്യു.എം.ഒ കമ്മിറ്റി അംഗങ്ങള്‍, വെല്‍ഫെയര്‍ കമ്മിറ്റി അംഗങ്ങള്‍, ജനറല്‍ ബോഡി മെമ്പര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

vivahasangamam

ജോയിന്റ് സെക്രട്ടറിമാരായ മായന്‍ മണിമ സ്വാഗതവും മുഹമ്മദ് ഷാ മാസ്റ്റര്‍ നന്ദിയും പറഞ്ഞു. ഹിന്ദു, മുസ്‌ലിം കുടുംബങ്ങളില്‍ നിന്നുള്ള 100 യുവതീ യുവാക്കളാണ് വിവാഹിതരായത്. ഇതോടെ ഡബ്ല്യു.എം.ഒ വിവാഹസംഗമങ്ങളിലൂടെ ദാമ്പത്യത്തിലേക്ക് കടന്നവരുടെ എണ്ണം 1806 ആയി. പൊതു സമ്മേളന വേദിയില്‍ വെച്ചാണ് നികാഹുകള്‍ നടന്നത്. ഡബ്ല്യു.എം.ഒയുടെ സംരക്ഷണത്തിലുള്ള 10 പേരും സംഗമത്തില്‍ വിവാഹിതരായി. ഇവരില്‍ ഫാത്തിമ നിസാറ തോല്‍പ്പെട്ടി, ഷംസുദ്ദീന്‍ കാട്ടിക്കുളം ദമ്പതികളുടെ വിവാഹത്തിന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും, മറ്റു നികാഹുകള്‍ക്ക് കെ.ടി ഹംസ മുസ്‌ലിയാര്‍, കെ.പി അഹ്മദ് കുട്ടി ഫൈസി, എസ് മുഹമ്മദ് ദാരിമി, മഹല്ല് ഖത്തീബുമാര്‍ എന്നിവരും നേതൃത്വം നല്‍കി.

വനിതകള്‍ക്ക് വേണ്ടി നടന്ന പ്രതേ്യക ചടങ്ങുകളുടെ ഉദ്ഘാടനം അഡ്വ. നൂര്‍ബിന റഷീദ് നിര്‍വഹിച്ചു. ഖമറുന്നിസ അന്‍വര്‍ അധ്യക്ഷത വഹിച്ചു. സ്ത്രീധനമോ മറ്റോ ഉപാധികളാവാതെ വിവാഹത്തിന് തയ്യാറായ നിര്‍ധന കുടുംബങ്ങളില്‍ നിന്നുള്ളവരെയാണ് വിവാഹസംഗമത്തിലേക്ക് തിരഞ്ഞെടുത്തത്. 2005ലാണ് ഡബ്ല്യു.എം.ഒ സ്ത്രീധന രഹിത വിവാഹസംഗമത്തിന് തുടക്കമിട്ടത്. ഗ്രാമപഞ്ചായത്ത്, താലൂക്ക് തുടങ്ങി വിവിധ തലങ്ങളില്‍ നടന്ന കുടുംബയോഗങ്ങള്‍ സ്ത്രീധനത്തിനെതിരെയുള്ള വലിയ മുന്നറിയിപ്പാണ് നല്‍കിയത്.

ആറായിരത്തിലധികം വനിതകള്‍ കാമ്പയിനില്‍ പങ്കാളികളായിട്ടുണ്ട്. വിദേശ ഗള്‍ഫ് നാടുകളില്‍ നടന്ന സ്‌നേഹസംഗമങ്ങള്‍, ബെനവലന്റ്‌സ് മീറ്റ് തുടങ്ങി വിവാഹസംഗമത്തിന്റെ ഭാഗമായി നിരവധി ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിച്ചു. വധൂവരന്മാര്‍ക്ക് എന്‍.പി ഹാഫിസ് മുഹമ്മദിന്റെ നേതൃത്വത്തില്‍ വിവാഹപൂര്‍വ കൗണ്‍സിലിംഗ് നല്‍കിയിരുന്നു. വധുവിന് അഞ്ച് പവന്‍ സ്വര്‍ണ്ണാഭരണങ്ങളും വരന് ഒരു പവന്‍ സമ്മാനവും വിവാഹവസ്ത്രവും സമ്മാനിച്ചു.

പരിപാടിയുടെ വിജയത്തിനായി 50 സബ് കമ്മിറ്റികളും ഡബ്ല്യൂ.എം.ഒ. സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് പുറമെ ജില്ലയില്‍ നിന്നുള്ള ആയിരം സ്ത്രീ പുരുഷ വളണ്ടിയര്‍മാരും പങ്കെടുത്തു. മനുഷ്യസ്‌നേഹത്തിന്റെയും മതമൈത്രിയുടെയും പ്രഖ്യാപനമായ വിവാഹസംഗമത്തില്‍ ഡബ്ല്യു.എം.ഒ വിദ്യാര്‍ത്ഥികള്‍, കഴിഞ്ഞ വിവാഹസംഗമങ്ങളില്‍ വിവാഹിതരായ വധൂവരന്മാര്‍, അവരുടെ കുടുംബങ്ങള്‍, ഈ വര്‍ഷത്തെ വധൂവരന്മാരുടെ കുടുംബങ്ങള്‍, വിവിധ കമ്മിറ്റി പ്രതിനിധികള്‍, പ്രവര്‍ത്തകര്‍ തുടങ്ങി ഡബ്ല്യു.എം.ഒയെ സ്‌നേഹിക്കുന്ന ഇരുപതിനായിരത്തോളം പേര്‍ പങ്കെടുത്തു.

ക്യാപ്ഷന്‍

വയനാട് മുസ്ലീം യത്തീംഖാനയില്‍ നടന്ന വിവാഹസംഗമത്തില്‍ നിന്ന്‌

English summary
wayanad wmo conducted 50 wedding for poor women
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X