ഡോജില്‍ നിന്നും പിന്മാറി വിവേക് രാമസ്വാമി: കാരണം ഇലോണ്‍ മസ്ക്? അടുത്ത നീക്കം 2026 ല്‍ ഒഹായോ
വാഷിങ്ടന്‍: രണ്ടാം ഡൊണാള്‍ഡ് ട്രംപ് സർക്കാറില്‍ നിന്നും പിന്മാറി മലയാളി വംശജനായ വിവേക് രാമസ്വാമി. സർക്കാർ പ്രവർത്തനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കാനായി പ്രത്യേകം രൂപീകരിച്ച ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസിയിൽ (ഡോജ്) നിന്ന് വിവേക് രാമസ്വാമി സ്വയം ഒഴിവാകുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. അടുത്ത സുഹൃത്തും വ്യവസായിയുമായ ഇലോണ്‍ മസ്കിന് ട്രംപ് ഡോജിന്റെ പൂർണ്ണ ചുമതല കൈമാറിയിരുന്നു. ഇതിന് പിന്നാലെയാണ് വിവേക് രാമസ്വാമിയുടെ പടിയിറക്കം എന്നതും ശ്രദ്ധേയമാണ്.
ഡോജില്‍ മസ്കിന്റെ സാഹായി എന്ന ചുമതലയായിരുന്നു വിവേക് രാമസ്വാമിക്ക് വൈറ്റ് ഹൗസ് നൽകിയത്. ഇതില്‍ അദ്ദേഹത്തിന് വലിയ അമർഷമുണ്ടായിരുന്നുവെന്ന സൂചനകളും പുറത്ത് വരുന്നുണ്ട്. ഡോജില്‍ നിന്നും പിന്മാറുന്ന കാര്യ വിവേക് രാമസ്വാമി എക്സിലൂടെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ഒഹായോയിലെ ഗവർണ്ണർ സ്ഥാനത്തേക്ക് മത്സരിക്കുന്നത് സംബന്ധിച്ച സൂചനയും അദ്ദേഹത്തിന്റെ കുറിപ്പിലുണ്ട്.

'ഡോജിന്റെ രൂപീകരണത്തിൽ സഹായിക്കാൻ കഴിഞ്ഞതിൽ വളരെ അധികം അഭിമാനമുണ്ട്. സർക്കാരിന്റെ ഈ ചുമതലയില്‍ ഇലോൺ മസ്കും സംഘവും വിജയിക്കുമെന്ന ഉറപ്പുണ്ട്. ഒഹായോയിലെ ഭാവിപദ്ധതികളെക്കുറിച്ച് വൈകാതെ വ്യക്തമായി തന്നെ പറയാം. അമേരിക്കയെ വീണ്ടും മഹത്തരമാക്കാൻ ശ്രമിക്കുന്ന പ്രസിഡന്റ് ട്രംപിനെ സഹായിക്കാൻ നമ്മൾ എല്ലാവരും ഒരുമിച്ചുണ്ടാകും എന്നതാണ് പ്രധാനപ്പെട്ട കാര്യം' വിവേക് രാമസ്വാമി എക്സില്‍ കുറിച്ചു.
നേരത്തെ റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാർത്ഥിയായി പ്രൈമറിയില്‍ മത്സരിച്ച വ്യക്തിയാണ്. പിന്നീട് മത്സരത്തില്‍ നിന്നും പിന്മാറിയ വിവേക് ട്രംപിന് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. ഒരു ഘട്ടത്തില്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും അദ്ദേഹത്തിന്റെ പേര് ഉയർന്ന് വന്നിരുന്നു. 2026 നവംബറില്‍ നടക്കുന്ന ഒഹായോ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് വിവേക് രാമസ്വാമി ഡോജില്‍ നിന്നും ഒഴിവായതെന്ന് ഡോജ് ഉപദേശക സമിതി വക്താവ് അന്ന കെല്ലിയും വ്യക്തമാക്കി.
വിവേക് രാമസ്വാമി ഉടന്‍ തന്നെ തിഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആലോചിക്കുന്നുണ്ടെന്നാണ് അന്ന കെല്ലി പറഞ്ഞത്. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വേണ്ടി അദ്ദേഹം ഡോജില്‍ നിന്നും പുറത്ത് പോകുകകായാണ്. കഴിഞ്ഞ 2 മാസങ്ങളിലെ അദ്ദേഹത്തിന്റെ സംഭാവനകൾക്ക് വളരെ നന്ദിയുണ്ട്. അമേരിക്കയെ വീണ്ടും മഹത്തരമാക്കുന്നതല്‍ അദ്ദേഹം നിർണായക പങ്ക് വഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
600 മില്യണിലധികം ഡോളറിന്റെ ആസ്തിയുള്ള ടെക് സംരഭകനായ വിവേക് രാമസ്വാമിയുടെ മാതാപിതാക്കള്‍ വർഷങ്ങള്‍ക്ക് മുമ്പ് പാലക്കാട് നിന്നും അമേരിക്കയിലേക്ക് കുടിയേറിയവരാണ്. പാലക്കാട് വടക്കഞ്ചേരി ബാലവിഹാറിൽ സി ആർ ഗണപതി അയ്യരുടെ മകൻ വി ജി രാമസ്വാമിയാണ് വിവേകിന്റെ അച്ഛൻ. അമ്മ എറണാകുളം തൃപ്പൂണിത്തുറ സ്വദേശിയായ ഗീത രാമസ്വാമി. വിവേകിന്റെ ഭാര്യ അപൂർവ തിവാരി ഉത്തർപ്രദേശ് സ്വദേശിയുമാണ്. തുടക്കത്തില്‍ ഓഹിയോയിലെ ജനറൽ ഇലക്ട്രോണിക് പ്ലാന്റില്‍ അടക്കം ജോലി ചെയ്തിരുന്ന അദ്ദേഹം പിന്നീട് സംരഭകത്വത്തിലേക്ക് തിരിയുകയായിരുന്നു.












Click it and Unblock the Notifications