സര്‍വകക്ഷിയോഗത്തില്‍ ഞങ്ങളെ വിളിച്ചില്ല.. അപലപനീയം; പരാതിയുമായി ആര്‍എസ്പി
തിരുവനന്തപുരം: വിഴിഞ്ഞം സംഘര്‍ഷവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം വിളിച്ച സര്‍വ്വകക്ഷി യോഗത്തില്‍ തങ്ങളെ ക്ഷണിച്ചില്ല എന്ന പരാതിയുമായി ആര്‍ എസ് പി. തിങ്കളാഴ്ച ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ നടന്ന സര്‍വകക്ഷി യോഗത്തിലേക്ക് തങ്ങളെ വിളിച്ചില്ല എന്നാണ് ആര്‍ എസ് പി ജില്ലാ സെക്രട്ടറി ഇറവൂര്‍ പ്രസന്നകുമാര്‍ പറയുന്നത്.
സര്‍വ്വകക്ഷി യോഗത്തിന് ആര്‍ എസ് പിയെ വിളിക്കാത്തത് അപലപനീയമാണ് എന്ന് ഇറവൂര്‍ പ്രസന്ന കുമാര്‍ കൂട്ടിച്ചേര്‍ത്തു. വിഴിഞ്ഞം സമരത്തിന് പിന്നാലെ നടന്ന അക്രമ സംഭവങ്ങള്‍ നീതീകരിക്കാനാവുന്നതല്ല എന്നും ആര്‍ എസ് പി വ്യക്തമാക്കി. സ്ഥലത്ത് ഇല്ലാത്ത മതമേലധ്യക്ഷന്മാരെ കള്ളക്കേസില്‍ കുടുക്കിയത് വിഷയം സങ്കീര്‍ണമാക്കി എന്നും ഇറവൂര്‍ പ്രസന്നകുമാര്‍ ആരോപിച്ചു.

ഞായറാഴ്ച വൈകീട്ടോടെ ആണ് വിഴിഞ്ഞത്ത് അക്രമസംഭവങ്ങള്‍ അരങ്ങേറിയത്. അദാനി ഗ്രൂപ്പിന്റെ തുറമുഖ നിര്‍മാണത്തിനെ സമരം ചെയ്യുന്നവര്‍ വിഴിഞ്ഞം പൊലീസ് സ്റ്റേഷന്‍ ഉള്‍പ്പടെ ആക്രമിക്കുകയായിരുന്നു. സംഭവത്തിനിടെ പൊലീസ് സ്റ്റേഷന്‍ ആക്രമിക്കുകയും പൊലീസ് ജീപ്പ് തകര്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ കണ്ടാലറിയാവുന്ന 3000 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

വധശ്രമം, ലഹളയുണ്ടാക്കല്‍, പൊലീസ് സ്റ്റേഷന്‍ ആക്രമം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതിന് പുറമേ വിഴിഞ്ഞം കെ എസ് ആര്‍ ടി സി ഡിപ്പോ ആക്രമിച്ച് ബസുകള്‍ തകര്‍ത്ത സംഭവത്തില്‍ പൊലീസ് മറ്റൊരു കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ കണ്ടാല്‍ അറിയാവുന്ന 50 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. കെ എസ് ആര്‍ ടി സി ബസ് തകര്‍ത്തതിലൂടെ 7,96,000 രൂപയുടെ നാശനഷ്ടം സംഭവിച്ചു എന്നാണ് എഫ് ഐ ആര്‍.

സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്നലെ ആണ് ജില്ലാ കളക്ടര്‍ വിഴിഞ്ഞത്ത് സര്‍വ്വകക്ഷിയോഗം വിളിച്ച് ചേര്‍ത്തത്. അതേസമയം വിഴിഞ്ഞം പദ്ധതിക്ക് സമരസമിതി ഒഴികെ എല്ലാവരും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട് എന്നാണ് സര്‍വകക്ഷി യോഗത്തിന് ശേഷം മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞത്. വിഴിഞ്ഞത്ത് കേട്ടുകേള്‍വി പോലുമില്ലാത്ത കാര്യങ്ങളാണ് സംഭവിച്ചത് എന്നും അദ്ദേഹം ആരോപിച്ചു.

സംഘര്‍ഷത്തില്‍ പൊലീസ് ആത്മസംയമനം പാലിച്ചു എന്നും സര്‍വ്വകക്ഷി യോഗത്തിന്റെ സ്പിരിറ്റ് സമരക്കാര്‍ ഉള്‍ക്കൊള്ളും എന്നാണ് പ്രതീക്ഷിക്കുന്നു എന്നും ജി ആര്‍ അനില്‍ പറഞ്ഞിരുന്നു. അതേസമയം കേരളത്തില്‍ മനപൂര്‍വം കലാപമുണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നത് എന്നാണ് സി പി ഐ എം ആരോപിക്കുന്നത്. സമരത്തിന് പിന്നില്‍ ഗൂഢലക്ഷ്യങ്ങളുണ്ടെന്നും സി പി ഐ എം ആരോപിച്ചിരുന്നു.












Click it and Unblock the Notifications