തീരമണിഞ്ഞ് പുതിയ ചരിത്രം: ആദ്യ കപ്പലിന് അതിഗംഭീര വരവേല്‍പ്പ്, അസാധ്യമായി ഒന്നുമില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ചരിത്രം പിറന്നു, വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പലിന് അതിഗംഭീര വരവേല്‍പ്പ്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചൈനീസ് കപ്പലായ ഷെന്‍ഹുവ 15 നെ ഫ്ലാഗ്സ് ഇന്‍ ചെയ്ത് സ്വീകരിച്ചു. കരിമരുന്ന് പ്രയോഗം അടക്കമുള്ള ചടങ്ങുകളോടെ സ്വീകരിച്ച കപ്പലിനെ വിഴിഞ്ഞം വാർഫിലേക്ക് അടുപ്പിച്ചു. വാട്ടർ സല്യൂട്ടോടെയാണ് കപ്പലിനെ വാർഫിലേക്ക് അടുപ്പിച്ചത്. തുറമുഖത്തിനാവശ്യമായ മൂന്ന് ക്രയിനുകളുമായിട്ടാണ് ആദ്യ കപ്പലെത്തിയത്. ഗുജറാത്തിലെ മുന്ദ്രതീരത്തു നിന്ന് ഷെൻഹുവ 15 കപ്പൽ നേരത്തെ തന്നെ പുറം കടലിൽ എത്തിയിരുന്നു.
കേന്ദ്ര തുറമുഖ വകുപ്പു മന്ത്രി സർബാനന്ദ സോനോവാളാനെ മുഖ്യാഥിതിയായി നിശ്ചയിച്ചെങ്കിലും മറ്റ് ചില തിരക്കുകള്‍ ഉള്ളതിനാല്‍ അദ്ദേഹം എത്തിയില്ല. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനാണ് കേന്ദ്ര സർക്കാറിനെ പ്രതിനിധീകരിക്കുന്നത്. തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലാണ് ചടങ്ങില്‍ അധ്യക്ഷത വഹിക്കുന്നത്.

നിറഞ്ഞ സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് ഈ പരിപാടിയില്‍ പങ്കെടുക്കുന്നതെന്ന് മുഖ്യമന്ത്രി ചടങ്ങില്‍ പറഞ്ഞു. കേരളത്തെ സംബന്ധിച്ചിടത്തോളം അസാധ്യം എന്ന വാക്കില്ലെന്നാണ് ഇതോടുകൂടി തെളിയുന്നത്. ഇന്ന് വന്നത് പോലത്തെ എട്ട് കപ്പലുകള്‍ കൂടി ഇനിയുള്ള ദിവസങ്ങളില്‍ വരും. അതായത് പ്രവർത്തനം അതിവേഗത്തിലായിരിക്കും. അഞ്ചോ ആറോ മാസങ്ങള്‍കൊണ്ട് തുറമുഖം കമ്മീഷന്‍ ചെയ്യാന്‍ സാധിക്കുമെന്നാണ് അദാനി കമ്പനി അധികൃതർ ഉറപ്പ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എത്ര വലിയ പ്രതിസന്ധിയായാലും അതിജീവിക്കുമെന്ന് നമ്മുടെ ഒരുമയിലൂടേയും കൂട്ടായ്മയിലൂടെയും നേരത്തെ തന്നെ തെളിയിച്ചിട്ടുള്ളതാണ്. ഈ തുറമുഖത്തിന്റെ കാര്യത്തിലും അതാണ് കാണാന്‍ കഴിയുന്നത്. കോവിഡ് അടക്കമുള്ള പ്രതിസന്ധികളാല്‍ കുറച്ചൊരു താമസം വന്നിട്ടുണ്ട്. എന്നാല്‍ പരമാവാധി വേഗത്തില്‍ പദ്ധതി പൂർത്തീകരിക്കാന്‍ സാധിച്ചു. ഇതുപൊലൊരു തുറമുഖം ലോകത്ത് തന്നെ അപൂർവ്വമാണ്. അത്രമാത്രം വികസ സാധ്യതയാണ് ഈ പോർട്ടിന്റെ ഭാഗമായുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
നമ്മുടെ ഭാവനകള്‍ക്ക് അപ്പുറമുള്ള വികസനമാണ് ഈ തുറമുഖ പദ്ധതിയൂടെ വരാന്‍ പോകുന്നത്. തുറമുഖത്തോട് അനുബന്ധിച്ച് റോഡ് വികസനം ഉള്‍പ്പെടേയുള്ള പദ്ധതികള്‍ കൂടി വരും. അതായത് നാം കണക്കാക്കുന്നതിന് അപ്പുറത്തുള്ള സാധ്യതയാണ് ഈ തുറമുഖം തുറന്നു വെക്കുന്നത്. കേരളം കൂടുതല്‍ വികസിക്കേണ്ടതായിട്ടുണ്ട്. എല്ലാ മേഖലയും അതിന് അനുസരിച്ച് ശക്തിപ്പെടേണ്ടതായിട്ടുണ്ട്. അതിന് അനുസരിച്ചുള്ള കാഴ്ചപ്പാടുമായിട്ടാണ് നാം മുന്നോട്ട് പോവുന്നത്. എല്ലാവരും ഒത്തുചേർന്ന് പ്രവർത്തിച്ചാല്‍ അസാധ്യമായി ഒന്നുമില്ലെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
രാജ്യത്തിന്റെയാകെ അഭിമാനകരമായ ഒരു പദ്ധതിയാണ് ഇത്. അത്തരം ഒരു കാര്യം ഉയർന്ന് വരുമ്പോള്‍ ചില അന്തരാഷ്ട്ര ലോബികള്‍ സ്വാഭാവികമായും അവരുടെ താല്‍പര്യം മുന്‍ നിർത്തിയുള്ള എതിരായ നീക്കം നടത്താറുണ്ട്. ഇവിടെ ഈ തുറമുഖത്തിന്റെ കാര്യത്തില്‍ അത്തരം ശക്തികള്‍ ഉണ്ടായിരുന്നു എന്നുള്ളത് വസ്തുതയാണ്. ചില പ്രത്യേക വാണിജ്യ ലോബികള്‍ക്കും ഈ തുറമുഖം യാഥാർത്ഥ്യമാകുന്നതിന് താല്‍പര്യമുണ്ടായിരുന്നില്ലെന്നും നാം ഓർക്കണം. എന്നാല്‍ അതിനെയെല്ലാം നാം അതിജിവിച്ചു. കേരളം ഇന്ത്യക്ക് നല്‍കുന്ന മഹത്തായ സംഭാവനകളില്‍ ഒന്നാം ഈ പോർട്ട് എന്നുള്ളതെന്ന് നാം കാണേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി, റവന്യു വകുപ്പ് മന്ത്രിയും വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് ഡയറക്ടർ ബോർഡ് അംഗവുമായ കെ രാജൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, ശശി തരൂർ എംപി, എം വിൻസെന്റ് എംഎൽഎ, മേയർ ആര്യ രാജേന്ദ്രൻ, ചീഫ് സെക്രട്ടറി ഡോ.വി വേണു, തുറമുഖ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ എസ് ശ്രീനിവാസ്, അദാനി വിഴിഞ്ഞം പോർട്ട് ലിമിറ്റഡ് ചെയർമാൻ കരൺ അദാനി, അദാനി വിഴിഞ്ഞം തുറമുഖ കമ്പനി സിഇഒ രാജേഷ് ഝാ എന്നിവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.












Click it and Unblock the Notifications