'എല്‍ഡിഎഫ് സര്‍ക്കാരിന്റെ നാലാം വാര്‍ഷികം സിപിഎമ്മും ബിജെപിയും ഒന്നിച്ചാണോ ആഘോഷിക്കുന്നത്'
പാലക്കാട്: വിഴിഞ്ഞം തുറമുഖ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ പ്രതികരണവുമായി വിഡി സതീശന്‍. എട്ടുകാലി മമ്മൂഞ്ഞിന്റെ അബദ്ധം പിണറായിക്ക് സംഭവിക്കരുത് എന്ന് അദ്ദേഹം പറഞ്ഞു. ബിജെപിയുടെ കൊലവിളി രാഷ്ട്രീയത്തിനെതിരെ ഡിസിസി പാലക്കാട് സംഘടിപ്പിച്ച ജനകീയ പ്രതിരോധ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
വിഴിഞ്ഞം തുറമുഖത്ത് പോയി സകുടുംബം ഫോട്ടോ എടുത്തിട്ട് പിണറായി വിജയന്‍ പറയുകയാണ്, ഞാന്‍ ചെയ്തത് കണ്ടില്ലേയെന്ന്! പിണറായി വിജയന്‍മാര്‍ ഭാവിയില്‍ ഉണ്ടാകുമെന്ന് കണ്ടുകൊണ്ടാണ് വൈക്കം മുഹമ്മദ് ബഷീര്‍ എട്ടുകാലി മമ്മൂഞ്ഞിനെ സൃഷ്ടിച്ചത്. നാട്ടില്‍ എന്ത് നടന്നാലും അതിന്റെ പിതൃത്വം അവകാശപ്പെടുന്ന എട്ടുകാലി മമ്മൂഞ്ഞിന്റെ അബദ്ധം പിണറായി വിജയന് സംഭവിക്കരുത്.

വിഴിഞ്ഞം തുറമുഖം ഉമ്മന്‍ ചാണ്ടി കൊണ്ടുവന്നപ്പോള്‍ ആറായിരം കോടി രൂപയുടെ അഴിമതി നടത്തിയെന്നാണ് അന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ പറഞ്ഞത്. കടല്‍ക്കൊള്ളയെന്നും മത്സ്യത്തൊഴിലാളികള്‍ പട്ടിണിയില്‍ ആകുമെന്നുമാണ് ദേശാഭിമാനി എഴുതിയത്. പിണറായി 9 കൊല്ലമായി അധികാരത്തില്‍ ഇരുന്നിട്ടും ഉമ്മന്‍ ചാണ്ടി ചെയ്ത ഒരു അഴിമതി പുറത്തുകൊണ്ടു വരാന്‍ സാധിച്ചോ എന്നും സതീശന്‍ ചോദിച്ചു.
2019ല്‍ തീര്‍ക്കേണ്ട വിഴിഞ്ഞം പദ്ധതി ആറു കൊല്ലം വൈകി ഇപ്പോള്‍ സ്വാഭാവികമായും പൂര്‍ത്തിയായതാണ്. കരാര്‍ പ്രകാരമുള്ള റെയില്‍, റോഡ് കണക്ടിവിറ്റികള്‍ പോലും ഇതുവരെ പൂര്‍ത്തിയാക്കിയിട്ടില്ല. ഉമ്മന്‍ ചാണ്ടിയുടെ പടമാണ് വിഴിഞ്ഞം തുറമുഖത്തിന് മുന്നില്‍ വയ്ക്കേണ്ടത്. പ്രധാനമന്ത്രിയെയും കൂട്ടി പിണറായി വിജയന്‍ ഉദ്ഘാടനത്തിന് പോകുമ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ ചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ നേതാവിനെ വിളിക്കണോ വേണ്ടയോ എന്നത് ഓരോരുത്തരുടെയും ഔചിത്യമാണ്. അപ്രിയ സത്യങ്ങള്‍ പറയുമെന്ന് ഭയന്നാകും വിളിക്കാതിരുന്നത്. സര്‍ക്കാരിന്റെ നാലാം വാര്‍ഷികം പ്രതിപക്ഷം ബഹിഷ്‌ക്കരിച്ചതു കൊണ്ടാണ് വാര്‍ഷികത്തിന്റെ ഭാഗമായുള്ള തുറമുഖത്തിന്റെ ഉദ്ഘാടനത്തിന് പ്രതിപക്ഷ നേതാവിനെ വിളിക്കാതിരുന്നത് എന്നാണ് മന്ത്രി വിഎന്‍ വാസവന്‍ പറഞ്ഞത്.
അപ്പോള്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ നാലാം വാര്‍ഷികം സിപിഎമ്മും ബിജെപിയും ഒന്നിച്ചാണോ നടത്തുന്നത്? അതുകൊണ്ടാണോ പ്രധാനമന്ത്രിയെ വിളിച്ചത്. പിണറായി വിജയന്റെ നാലാം വാര്‍ഷികത്തില്‍ പങ്കെടുക്കാനാണോ പ്രധാനമന്ത്രി വരുന്നത്? മോദിയെ കൊണ്ട് പിണറായി വിജയന്‍ അഭിനന്ദന വാക്ക് പറയിപ്പിച്ചാലും കേരളത്തിലെ ജനങ്ങള്‍ വിഡ്ഢികളാകില്ല. ജനങ്ങള്‍ക്ക് അറിയാം വിഴിഞ്ഞം തുറമുഖം കൊണ്ടു വന്നത് ആരാണെന്ന്.
ഉമ്മന്‍ ചാണ്ടി കൊണ്ടു വന്ന മെട്രോ റെയിലിന്റെ ഉദ്ഘാടത്തിന് പോലും ഈ സര്‍ക്കാര്‍ അദ്ദേഹത്തെ വിളിച്ചില്ല. ഉമ്മന്‍ ചാണ്ടി ശ്രദ്ധാ കേന്ദ്രമാകുമെന്ന് ഭയന്നാണ് അന്ന് അദ്ദേഹത്തെ പിണറായി വിജയന്‍ വിളിക്കാതിരുന്നത്. ഇതെല്ലാം പറയും എന്നതു കൊണ്ടാണ് ഇപ്പോള്‍ വിഴിഞ്ഞം ഉദ്ഘാടനത്തിന് പ്രതിപക്ഷ നേതാവിനെയും വിളിക്കാതിരുന്നത്. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും സിപിഎമ്മും ബിജെപിയും ചേര്‍ന്ന് തുറമുഖം ഉദ്ഘാടനം ചെയ്താലും ജനങ്ങളുടെ മനസില്‍ ഉമ്മന്‍ ചാണ്ടിയുണ്ടാകുമെന്നും വിഡി സതീശന്‍ പറഞ്ഞു.












Click it and Unblock the Notifications