കേരളത്തിന് അഭിമാന മുഹുർത്തം: വിഴിഞ്ഞം തുറമുഖം ഇന്ന് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും
തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിക്കും. ഇന്ത്യയിലെ ആദ്യത്തെ സെമി-ഓട്ടോമേറ്റഡ് ട്രാൻസ്‌ഷിപ്മെന്റ് തുറമുഖമായ വിഴിഞ്ഞം, ആഗോള വാണിജ്യ ഭൂപടത്തിൽ കേരളത്തിന്റെ സ്ഥാനം ഉയർത്തുന്നതിനൊപ്പം സംസ്ഥാനത്തിന്റെ സാമ്പത്തിക-വ്യാവസായിക വളർച്ചയ്ക്കും കുതിപ്പേകുമെന്നാണ് പ്രതീക്ഷ.
ഉദ്ഘാടനത്തിനായി ഇന്നലെ തന്നെ പ്രധാനമന്ത്രി തിരുവനന്തപുരത്ത് എത്തിക്കഴിഞ്ഞു. ഇന്നലെ രാത്രി തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. രാജ്ഭവനില്‍ തങ്ങുന്ന പ്രധാനമന്ത്രി 10.15ന് വ്യോമസേനാ ഹെലികോപ്ടറിൽ പ്രധാനമന്ത്രി വിഴിഞ്ഞം തുറമുഖത്ത് എത്തും. തുടര്‍ന്ന് തുറമുഖം നടന്ന് കാണും. ഇതിനുശേഷമായിരിക്കും തുറമുഖം രാജ്യത്തിന് സമർപ്പിക്കുന്ന ചടങ്ങിൽ സംസാരിക്കുക. ഉച്ചയ്ക്ക് 12.30ഓടെ തിരുവനന്തപുരത്ത് നിന്ന് യാത്ര തിരിക്കും.

ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍, കേന്ദ്ര ഷിപ്പിങ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍, സംസ്ഥാന തുറമുഖമന്ത്രി സജി ചെറിയാന്‍, മന്ത്രിമാരായ വി ശിവന്‍കുട്ടി, ജിആര്‍ അനില്‍, സജി ചെറിയാന്‍ എംപിമാരായ ശശി തരൂര്‍, അടൂര്‍ പ്രകാശ്, എ.എ.റഹിം, എന്‍.വിന്‍സന്റ് എംഎല്‍എ, അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി, മേയര്‍ ആര്യ രാജേന്ദ്രന്‍, മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍, കരണ്‍ അദാനി തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുക്കും. പ്രതിപക്ഷ നേതാവ് വിഡി സതീശന് ക്ഷണമുണ്ടെങ്കിലും അദ്ദേഹം ചടങ്ങില്‍ പങ്കെടുക്കില്ല.
രാജ്യാന്തര കപ്പൽ ചാലിൽ നിന്ന് വെറും 18 കിലോമീറ്റർ അകലെയാണ് വിഴിഞ്ഞം സ്ഥിതി ചെയ്യുന്നത്. ഇത് കൂറ്റൻ മദർ ഷിപ്പുകൾക്ക് നങ്കൂരമിടാൻ അനുയോജ്യമായ ആഴക്കടൽ തുറമുഖമാണ്. 2024 ജൂലൈ 12-ന് ആരംഭിച്ച ട്രയൽ ഓപ്പറേഷൻ മുതൽ, 265-ലധികം കപ്പലുകളും 5.48 ലക്ഷം ടിഇയു (Twenty-foot Equivalent Unit) കണ്ടെയ്നറുകളും തുറമുഖം കൈകാര്യം ചെയ്തു. ആദ്യ പ്രവർത്തന വർഷത്തിൽ 10 ലക്ഷം കണ്ടെയ്നറുകൾ കൈകാര്യം ചെയ്യുക എന്ന ലക്ഷ്യം വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് (VISL) എംഡി ദിവ്യ എസ്. അയ്യർ പ്രഖ്യാപിച്ചിട്ടുണ്ട്.
തുറമുഖത്തിന്റെ പ്രവർത്തനം കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ വൻ കുതിച്ചുചാട്ടമുണ്ടാക്കുമെന്നും വിദഗ്ധർ വിലയിരുത്തുന്നു. 20 വർഷത്തിനപ്പുറം കേരളം സിംഗപ്പൂരിനോട് കിടപിടിക്കുന്ന തുറമുഖ നഗരമായി മാറുമെന്നാണ് സർക്കാർ അവകാശവാദം.
പൊതു-സ്വകാര്യ പങ്കാളിത്ത (PPP) മോഡലിൽ നടപ്പാക്കിയ രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യമേഖല നിക്ഷേപ പദ്ധതികളിലൊന്ന് കൂടിയാണ് വിഴിഞ്ഞം. 8867 കോടി രൂപ മുതല്‍ മുടക്കില്‍ 5595 കോടി രൂപ സംസ്ഥാന സർക്കാരും 818 കോടി രൂപ കേന്ദ്ര സർക്കാരും വഹിക്കുന്നു. 40 വർഷത്തെ കരാർ പ്രകാരം 2034 മുതൽ സംസ്ഥാന സർക്കാരിന് തുറമുഖ വരുമാനത്തിന്റെ വിഹിതം ലഭിക്കും. 2028-ഓടെ എല്ലാ ഘട്ടങ്ങളും പൂർത്തിയാകുന്നതോടെ, 10,000 കോടി രൂപയുടെ അധിക നിക്ഷേപം പ്രതീക്ഷിക്കുന്നു.
നഗരത്തില്‍ ഗതാഗത നിയന്ത്രണം
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. നിയന്ത്രണങ്ങൾ മെയ് 1 (വ്യാഴാഴ്ച) ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി 10 മണി വരെയും, മെയ് 2 (വെള്ളിയാഴ്ച) രാവിലെ 6:30 മുതൽ ഉച്ചയ്ക്ക് 2 മണി വരെയുമാണ്.
പാർക്കിങ് നിരോധനം
കവടിയാർ-വെള്ളയമ്പലം-ആൾത്തറ-ശ്രീമൂലം ക്ലബ്-ഇടപ്പഴിഞ്ഞി-പാങ്ങോട് മിലിട്ടറി ക്യാമ്പ്-പള്ളിമുക്ക് റോഡിന്റെ ഇരുവശങ്ങളിലും പാർക്കിങ് നിരോധിച്ചു.
ഗതാഗത നിയന്ത്രണമുള്ള റോഡുകൾ
ശംഖുമുഖം-വലിയതുറ, പൊന്നറ, കല്ലുമ്മൂട്-ഈഞ്ചയ്ക്കൽ-അനന്തപുരി ആശുപത്രി-മിത്രാനന്ദപുരം-എസ്.പി. ഫോർട്ട്-ശ്രീകണ്ഠേശ്വരം പാർക്ക്-തകരപ്പറമ്പ് മേൽപ്പാലം-ചൂരക്കാട്ടുപാളയം-തമ്പാനൂർ ഫ്ലൈഓവർ-തൈക്കാട്-വഴുതയ്ക്കാട്-വെള്ളയമ്പലം.
വഴുതയ്ക്കാട്-മേട്ടുക്കട-തമ്പാനൂർ ഫ്ലൈഓവർ-തമ്പാനൂർ-ഓവർ ബ്രിഡ്ജ്-കിഴക്കേകോട്ട-മണക്കാട്-കമലേശ്വരം-അമ്പലത്തറ-തിരുവല്ലം-വാഴമുട്ടം-വെള്ളാർ-കോവളം-പയറുംമൂട്-പുളിങ്കുടി-മുല്ലൂർ.തിരുവല്ലം-കുമരിച്ചന്ത-കല്ലുമ്മൂട്-ചാക്ക-ആൾസെയിന്റ്സ്-ശംഖുമുഖം.












Click it and Unblock the Notifications