വിഴിഞ്ഞം കരാര്‍ ഒപ്പിട്ടു
തിരുവനന്തപുരം: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ വിഴിഞ്ഞം തുറമുഖ കരാര്‍ യാഥാര്‍ത്ഥ്യമായി. അദാനി പോര്‍ട്ട്‌സുമായി ഇതുസംബന്ധിച്ച കരാറില്‍ സംസ്ഥാന സര്‍ക്കാര്‍ ഒപ്പുവെച്ചു.
സര്‍ക്കാറിനു വേണ്ടി തുറമുഖ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജെയിംസ് വര്‍ഗീസും അദാനി ഗ്രൂപ്പിനുവേണ്ടി സന്തോഷ് മഹാപാത്രയുമാണ് കരാറില്‍ ഒപ്പിട്ടത്. ചടങ്ങില്‍ അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ അനൂപ് ജേക്കബ്, വിഎസ് ശിവകുമാര്‍, കെ ബാബു, കെഎം മാണി, അടൂര്‍ പ്രകാശ്, എന്‍ ശക്തന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
രണ്ടുവര്‍ഷത്തിനുള്ളില്‍ ആദ്യഘട്ട പണി ഭാഗികമായി പൂര്‍ത്തിയാക്കാനും ആദ്യ കപ്പല്‍ അടുപ്പിക്കാനും ശ്രമിക്കുമെന്ന് ഗൗതം അദാനി അറിയിച്ചു. മൊത്തം പദ്ധതി ചെലവ് 7525 കോടിയാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളാണ് പദ്ധതിക്കായി പണം ചെലവഴിക്കുന്നത്. നവംബര്‍ ഒന്നിന് നിര്‍മാണപ്രവര്‍ത്തികള്‍ ആരംഭിക്കും.