വിഴിഞ്ഞം ഓഹരി കൈമാറ്റം: അദാനിയും എംസ്സിയുവും തമ്മിലുള്ള ഇടപാട് കരാർ ലംഘനമെന്ന് തോമസ് ഐസക്
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഓഹരികൾ മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിക്ക് കൈമാറാനുള്ള നീക്കം കരാർ വ്യവസ്ഥകളുടെ ലംഘനമാണെന്ന ആരോപണവുമായി മുൻ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരണം. വിഴിഞ്ഞം കരാറിലെ 5(9) വകുപ്പ് ലംഘിച്ചുകൊണ്ടാണ് ഈ ഇടപാടെന്ന് അദ്ദേഹം ആരോപിച്ചു.
കരാറിലെ 5(9) വകുപ്പ് പ്രകാരം വിഴിഞ്ഞം തുറമുഖത്തിന്റെ 250 കിലോമീറ്റർ ചുറ്റളവിലുള്ള മറ്റൊരു തുറമുഖത്തിലും അദാനി ഗ്രൂപ്പിനോ, വിഴിഞ്ഞത്ത് 25 ശതമാനത്തിലധികം ഓഹരിയുള്ള മറ്റ് പങ്കാളികൾക്കോ നിശ്ചിത ശതമാനത്തിൽ കൂടുതൽ ഉടമസ്ഥാവകാശം ഉണ്ടാകാൻ പാടില്ല. മുൻപ് കുളച്ചൽ തുറമുഖ വികസനത്തിൽ നിന്ന് അദാനി ഗ്രൂപ്പ് പിന്മാറിയത് ഈ വ്യവസ്ഥ കാരണമാണെന്നും തോമസ് ഐസക് ഓർമ്മിപ്പിച്ചു. അദ്ദേഹത്തിൻ്റെ കുറിപ്പിൻ്റെ പൂർണരൂപം വായിക്കാം

"മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിക്ക് (MSC) വിഴിഞ്ഞം തുറമുഖ അദാനി കമ്പനിയുടെ 49% ഓഹരി വാങ്ങാൻ എന്ത് അവകാശം? ഇതാണ് യഥാർത്ഥ പ്രശ്നം. ഇത്തരമൊരു ഇടപാട് കരാറിലെ 5(9) വകുപ്പിന് എതിരാണ്.
കരാറിലെ 5(9) വകുപ്പ് പ്രകാരം അദാനി കമ്പനിയും സഹോദര സ്ഥാപനങ്ങളും വിഴിഞ്ഞം തുറമുഖത്തിന് 250 കിലോമീറ്ററിനുള്ളിൽ സ്ഥിതി ചെയ്യുന്ന മറ്റൊരു തുറമുഖത്തിലും 25 ശതമാനത്തിലധികം ഓഹരി എടുക്കാൻ പാടുള്ളതല്ല. ഇതുപോലെ മറിച്ചും. മറ്റു സമീപ തുറമുഖങ്ങളിൽ 25 ശതമാനത്തിലധികം ഉടമസ്ഥതയുള്ള ഒരു കമ്പനിക്കോ വ്യക്തിക്കോ വിഴിഞ്ഞം തുറമുഖത്തിൽ 25 ശതമാനത്തിലധികം ഓഹരി വാങ്ങാൻ അവകാശമില്ല.
കുളച്ചൽ തുറമുഖം വികസിപ്പിക്കുന്നതിന് അദാനി താല്പര്യമെടുത്തിരുന്നു. എന്നാൽ ഈ വകുപ്പിന്റെ അടിസ്ഥാനത്തിലാണ് അതിൽ നിന്നും പിന്മാറിയത്.
എന്നാൽ മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിക്ക് വിഴിഞ്ഞത്തു നിന്നും 187 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന തൂത്തുക്കുടി തുറമുഖത്തിൽ ഒരു ടെർമിനലിന്റെ പൂർണ്ണ ഉടമസ്ഥാവകാശമുണ്ട്. 2022-ൽ ആഫ്രിക്ക ലോജിസ്റ്റിക്സ് എന്ന കമ്പനി വാങ്ങിയപ്പോഴാണ് ഈ ടെർമിനൽ MSC-യുടേതായത്. തൂത്തുക്കുടി തുറമുഖം കൊളംബോയിൽ നിന്നും വിഴിഞ്ഞത്തു നിന്നും കണ്ടയ്നറുകൾ എടുക്കുകയും കൊടുക്കുകയും ചെയ്യുന്നത് ഈ ടെർമിനൽ വഴിയാണ്.
വിഴിഞ്ഞം അദാനി കമ്പനിയുടെ ഓഹരി കൈമാറ്റത്തിന് കരാറിലെ 5(3) വകുപ്പ് പ്രകാരം കേരള സർക്കാരിന്റെ അനുവാദം വാങ്ങിയിട്ടില്ല എന്നതിനെ ചുറ്റിപ്പറ്റിയാണ് ഇതുവരെ വിവാദം. എന്നാൽ യഥാർത്ഥ പ്രശ്നം കരാറിലെ 5(9) വകുപ്പാണ്.
ഇതു സംബന്ധിച്ച് എംപവേർഡ് കമ്മിറ്റി ചർച്ച ചെയ്തുവോ? കാബിനറ്റ് ചർച്ച ചെയ്തുവോ? ഇത്ര വിശദമായ പത്രസമ്മേളനം നടത്തിയിട്ടും എന്തുകൊണ്ട് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയില്ല? ഇതായിരുന്നുവോ മംഗലാപുരം ചാർട്ടേർഡ് വിമാന ദൗത്യത്തിനു പിന്നിലെ വിഷയം? കേരളത്തിന് ഇവ അറിയാൻ അവകാശമുണ്ട്. മുഖ്യമന്ത്രി വി.ഡി. സതീശൻ കേരളത്തിനു മുന്നിൽ വസ്തുതകൾ പൂർണ്ണമായും തുറന്നു പറയാൻ തയ്യാറാകണം', അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications