കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഇടതുമുന്നണിയുടെ വാക്കും പ്രവർത്തിയും തമ്മിൽ ബന്ധമില്ലെന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു'

Google Oneindia Malayalam News

തിരുവനന്തപുരം: ഡ്രൈ ഡേ പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ രൂക്ഷ വിമ്ര‍ശനവുമായി കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. പാശ്ചാത്യ നാടുകളിലെ കുത്തഴിഞ്ഞ സാമൂഹ്യ അരാജക അന്തരീക്ഷം കേരളത്തിലും പകർത്തി നാടിനെ അരക്ഷിതമായ അവസ്ഥയിൽ എത്തിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ജനതാല്പര്യത്തെക്കാളും മദ്യശാല ഉടമകളുടെ താൽപര്യങ്ങൾക്കാണ് സർക്കാർ മുൻതൂക്കം നൽകുന്നതെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ വിഎം സുധീരന്‍ കുറ്റപ്പെടുത്തി. പോസ്റ്റ് വായിക്കാം

കേരളീയ സമൂഹത്തെയും തലമുറകളെയും സർവ്വനാശത്തിലേക്ക് എത്തിക്കാൻ വെമ്പൽ കൊള്ളുന്ന പിണറായി സർക്കാർ അതിനുള്ള ദുർനടപടികളുമായി മുന്നോട്ടു തന്നെയാണെന്ന് ആവർത്തിച്ച് വ്യക്തമാക്കപ്പെട്ടിരിക്കുന്നു. മദ്യ വ്യാപനത്തിനും മയക്കുമരുന്ന് വിപണനത്തിനും കളമൊരുക്കി കേരളത്തിലെ സാമൂഹ്യ അന്തരീക്ഷത്തെ അരാജകമായ ദുരവസ്ഥയിലേക്ക് എത്തിച്ചിട്ടും മതിവരാത്ത മട്ടിലാണ് പിണറായി സർക്കാരിന്റെ പോക്ക്.

pinarayi-vijayan

അക്രമങ്ങളും കൊലപാതകങ്ങളും കുറ്റകൃത്യങ്ങളും വൻതോതിൽ വർദ്ധിച്ചതും സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ പെരുകിയതും റോഡപകടങ്ങൾ വൻതോതിലായതും കുടുംബങ്ങളുടെ സാമ്പത്തികഭദ്രത തകർന്നതും കണ്ടില്ലെന്ന് നടിച്ചു കൊണ്ടാണ് മുഖ്യമന്ത്രിയും കൂട്ടരും മുന്നോട്ടുപോകുന്നത്.

മദ്യപാനിയായ ഭർത്താവിന്റെ പീഡനങ്ങളും കുടുംബത്തെ കൊടും പട്ടിണിയിലേക്കെത്തിച്ച നടപടിയും തുടർന്ന് കുഞ്ഞുങ്ങൾ മണ്ണ് തിന്നേണ്ടി വന്നതുമൊക്കെ ആധികാരികമായിത്തന്നെ പുറത്തുവന്നതാണ്. രാഷ്ട്രീയ സമ്മർദ്ദങ്ങളിലൂടെയും സ്വാധീനങ്ങളിലൂടെയും ഈ സംഭവത്തിന് പുത്തൻ ഭാഷ്യം ചമച്ച് ജനശ്രദ്ധ തിരിക്കാൻ സർക്കാരും സിപിഎം നേതൃത്വവും ശ്രമിച്ചെങ്കിലും അതൊന്നും സത്യം അറിയാവുന്ന ജനങ്ങൾക്കിടയിൽ വിലപ്പോയിട്ടില്ല.

തെറ്റായ മദ്യനയത്തിൻ്റെയും തുടർനടപടികളുടെയും ഫലമായി നാടിനും ജനങ്ങൾക്കും ഉണ്ടായിക്കൊണ്ടിരിക്കുന്ന വൻ കെടുതികളിൽ നിന്നും അപരിഹാര്യമായ നാശങ്ങളിൽ നിന്നും നാടിനെയും ജനങ്ങളെയും രക്ഷിക്കാൻ ആവശ്യമായ തിരുത്തൽ നടപടികളിലേക്ക് പോകാൻ ഇനിയും സർക്കാർ തയ്യാറാകാത്തത് കടുത്ത ജനദ്രോഹമാണ്.

ഇതിനെല്ലാം പുറമേയാണ് എ കെ ആൻറണി സർക്കാരിന്റെ കാലത്ത് നടപ്പാക്കിയ 'ഡ്രൈ ഡേ' ഇല്ലാതാക്കാൻ ശ്രമിക്കുന്നത്. ശമ്പള ദിവസമായ ഒന്നാം തീയതി മദ്യഷാപ്പുകൾ അടച്ചതുകൊണ്ട് മദ്യ ഉപയോഗത്തിൽ കുറവ് വന്നു എന്നത് യാഥാർത്ഥ്യമാണ്. പക്ഷേ മദ്യ ഉപയോഗം കുറച്ചുകൊണ്ടു വരലല്ല, അത് കൂടുതൽ കൂടുതൽ വ്യാപിക്കുന്നതിലാണ് സർക്കാരിൻ്റെ താൽപര്യം.

മദ്യത്തിന്റെ ലഭ്യതയും ഉപയോഗവും കുറച്ചു കൊണ്ടു വരുന്ന നയമായിരിക്കും ഇടതുമുന്നണിയുടേതെന്ന് തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ജനങ്ങൾക്ക് ഉറപ്പുനൽകിയ അതേ ഇടതുമുന്നണി സർക്കാരാണ് ജനങ്ങളെ വെല്ലുവിളിച്ചു കൊണ്ട് അതിനെല്ലാം നേരെ വിപരീതമായി ഇതെല്ലാം ചെയ്യുന്നത്.

വാക്കും പ്രവർത്തിയും തമ്മിൽ ഇടതുമുന്നണിക്ക് യാതൊരു ബന്ധവുമില്ല എന്നത് അവർ വീണ്ടും തെളിയിച്ചിരിക്കുകയാണ്. ആ പരിഹാസ്യമായ നിലപാടിൻ്റെ തുടർച്ചയാണ് വീര്യം കുറഞ്ഞ മദ്യം ഉൽപ്പാദിപ്പിക്കാനുള്ള സർക്കാരിന്റെ ഇപ്പോഴത്തെ നീക്കങ്ങൾ. അതോടൊപ്പം സർക്കാർ തന്നെ പബ്ബുകൾ ആരംഭിക്കാനുള്ള ആവേശവും.

പാശ്ചാത്യ നാടുകളിലെ കുത്തഴിഞ്ഞ സാമൂഹ്യ അരാജക അന്തരീക്ഷം കേരളത്തിലും പകർത്തി നാടിനെ അരക്ഷിതമായ അവസ്ഥയിൽ എത്തിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ജനതാല്പര്യത്തെക്കാളും മദ്യശാല ഉടമകളുടെ താൽപര്യങ്ങൾക്കാണ് സർക്കാർ മുൻതൂക്കം നൽകുന്നത്. നാട് നശിച്ചാലും തങ്ങൾക്കതൊരു പ്രശ്നമല്ല; ജനജീവിതം തകർത്ത് മദ്യ ലോബിയെയും സമൂഹത്തിന് ദോഷം വരുത്തുന്ന സാമൂഹ്യ ദ്രോഹികളെയും തങ്ങൾ വളർത്തിയെടുക്കും.- അതാണ് സർക്കാർ നിലപാട്.

ആരെതിർത്താലും വിരോധമില്ല, ജനങ്ങൾക്കും നാടിനും ദോഷകരമായ ഈ ദുഷ്ചെയ്തികൾ തുടരും എന്ന നയമാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. ഇതിനെതിരെ നാടിനെയും ജനങ്ങളെയും സ്നേഹിക്കുന്നവരുടെ ശക്തമായ പ്രതിഷേധം ഉയർന്നു വരേണ്ടിയിരിക്കുന്നു. അതൊന്നുമുണ്ടാവില്ല എന്ന സർക്കാരിൻ്റെ മിഥ്യാധാരണ തിരുത്തിക്കുറിക്കേണ്ടിയിരിക്കുന്നു.

അതിനു കഴിഞ്ഞില്ലെങ്കിൽ മദ്യത്തിനും മയക്കുമരുന്നിനും അടിമകളായി ചേതനയറ്റ ഒരു സമൂഹമായി നാട് മാറുന്ന ആപൽക്കരമായ അവസ്ഥയിലേക്കായിരിക്കും എത്തിച്ചേരുക.

English summary
VM Sudheeran against dry day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X