സുധീരൻ്റെ രാജി; പ്രശ്നത്തിന് പരിഹാരമുണ്ടാകുമോ? ഇനി ഏക ആശ്രയം ഹൈക്കമാൻഡ്....
തിരുവനന്തപുരം: പുനഃസംഘടനയ്ക്ക് പിന്നാലെ തർക്കവിതർക്കങ്ങൾ രൂക്ഷമായ സംസ്ഥാന കോൺഗ്രസിൽ ഇടപെടലുമായി ഹൈക്കമാൻഡ്. രാഷ്ട്രീയകാര്യ സമിതിയിൽ നിന്ന് രാജിവെച്ച വി എം സുധീരനെ കണ്ടതിന് പിന്നാലെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുമായും താരിഖ് അൻവർ കൂടിക്കാഴ്ച നടത്തി.

കെപിസിസി പുനഃസംഘടനയ്ക്ക് കേരളത്തിലെത്തിയ താരിഖ് അൻവറിന് മുന്നിൽ കീറാമുട്ടിയായിട്ടാണ് സുധീരൻ്റെ പ്രശ്നം വന്നത്. രാഷ്ട്രീയകാര്യ സമിതിയെ നോക്കുകുത്തിയാക്കി നേതൃത്വം തീരുമാനങ്ങളെടുക്കുന്നതായി സുധീരൻ വിമർശനമുന്നയിച്ചിരുന്നു. അദ്ദേഹം രാഷ്ട്രീയകാര്യ സമിതിയംഗവും എഐസിസി അംഗത്വവും രാജിവച്ചതോടെയാണ് പുതിയ ചർച്ചകൾക്കും പ്രശ്നങ്ങൾക്കും വഴിയൊരുക്കിയത്.
എന്തൊരു ലുക്കാണ് കാണാന്‍; ബിഗ് ബോസ് താരം അലസാന്‍ഡ്രയുടെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

രാജിവച്ചശേഷം പരസ്യ പ്രതികരണം നടത്താതിരുന്ന വി എം സുധീരൻ കോൺഗ്രസ് നേതൃത്വത്തിനെതിരെ അതിരൂക്ഷ വിമർശനങ്ങളുന്നയിച്ചാണ് ഇന്ന് മാധ്യമങ്ങൾക്ക് മുന്നിലെത്തിയത്. ഗൗരീശപട്ടത്തെ സുധീരൻ്റെ വീട്ടിൽ താരിഖ് അൻവറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു പ്രതികരണം. സംസ്ഥാന കോൺഗ്രസ് നേതൃത്വം പ്രതീക്ഷയ്ക്ക് അനുസരിച്ച് ഉയർന്നില്ല. തെറ്റായ ശൈലിയും അനഭിലഷണീയ പ്രവണതകളും പ്രകടമാകുന്ന സ്ഥിതിവിശേഷമുണ്ടായെന്നും സുധീരൻ തുറന്നടിച്ചു.

ഹൈക്കമാൻഡിൻ്റെ ക്രിയാത്മക ഇടപെടൽ പ്രതീക്ഷിക്കുകയാണ്. തെറ്റായ നടപടികൾ തിരുത്തുമെന്നാണ് വിശ്വാസമെന്നും സുധീരൻ പറഞ്ഞു. നിർദ്ദേശങ്ങൾ എഐസിസിക്ക് മുന്നിൽ വച്ചിട്ടുണ്ടെന്നും രാജി പിൻവലിക്കുന്നതിനെ ക്കുറിച്ച് തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സുധീരൻ പാർട്ടിയിൽ ശക്തമായി തുടരുമന്നാണ് താരിഖ് അൻവർ പ്രതികരിച്ചത്. സുധീരൻ്റെ നിർദ്ദേശങ്ങൾ ഗൗരവത്തോടെ പരിഗണിക്കും. ചർച്ച പോസിറ്റീവ് ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പക്ഷേ, സുധീരൻ രാജി പിൻവലിക്കാൻ തയ്യാറാകാത്ത പശ്ചാത്തലത്തിൽ ചർച്ച പോസിറ്റീവാണെന്ന് പറയുന്നതിൽ എന്തർത്ഥം ഉണ്ടെന്നതാണ് രാഷ്ട്രീയ നേതാക്കൾ ചോദിക്കുന്ന മറുചോദ്യം.

ഏകദേശം ഒന്നര മണിക്കൂർ നീണ്ട സുധീരൻ്റെ വസതിയിലുള്ള കൂടിക്കാഴ്ച പൂർത്തിയാക്കിയാണ് താരിഖ് അൻവർ രമേശ് ചെന്നിത്തലയുടെ തിരുവനന്തപുരത്തുള്ള വീട്ടിലെത്തിയത്. കോൺഗ്രസിൽ ഉടലെടുത്തിട്ടുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിൻ്റെ ഭാഗമായി അനുനയ നീക്കത്തിൻ്റെ തുടർച്ചയെന്നോണമാണ് ചെന്നിത്തലയെയും കാണാൻ താരിഖ് അൻവർ എത്തിയത്. കൂടിക്കാഴ്ചകളും ചർച്ചകളും പൂർത്തിയാക്കി അദ്ദേഹം ദില്ലിക്ക് മടങ്ങുകയും ചെയ്തു.

കോൺഗ്രസ് ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്നും അതിനുള്ള സാഹചര്യം ഒരുക്കാൻ എഐസിസി മുൻകൈയ്യെടുക്കണമെന്നും ചർച്ചയ്ക്ക് ശേഷം ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചു. ആരെയും ഇരുട്ടിൽ നിർത്തുന്നത് ശരിയല്ല. മുതിർന്ന നേതാക്കളായ വിഎം സുധീരനുമായും മുല്ലപ്പള്ളി രാമചന്ദ്രനുമായും ചർച്ച നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതിനിടെ, കഴിഞ്ഞ ദിവസം വി എം സുധീരനെ കണ്ട് പ്രശ്നങ്ങൾ പരിഹരിക്കാനെത്തിയ പ്രതിപക്ഷനേതാവിനും കെപിസിസി അധ്യക്ഷനും മുന്നിൽ നിലപാടിൽ ഉറച്ചു നിന്നതോടെയാണ് അനുനയ നീക്കങ്ങൾ പാളിയത്. താരിഖ് അൻവറുമായുള്ള കൂടിക്കാഴ്ച സുധീരൻ ഇന്നലെ വൈകിട്ട് നിശ്ചയിച്ചിരുന്നു. എന്നാൽ, നിലപാടിൽ അയവ് വരുത്താതിരുന്നതോടെയാണ് കെപിസിസി നേതൃത്വം ഇടപെട്ട് ഇന്നത്തേക്ക് ചർച്ച മാറ്റിയത്.

എന്നാൽ, ഇന്ന് വൈകിട്ട് സുധീരനെ വീട്ടിലെത്തി കണ്ട താരിഖ് അൻവറോടും രാജി പിൻവലിക്കില്ലെന്ന് സുധീരൻ പറഞ്ഞു. പുതിയ നേതൃത്വത്തിൻ്റെ തെറ്റായ പ്രവണതകൾ തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും കെപിസിസി നേതൃത്വത്തിന് തെറ്റായ ശൈലിയാണെന്നും സുധീരൻ വിമർശിച്ചിരുന്നു. ദില്ലിയിലെത്തിയ ശേഷം സംസ്ഥാനത്തെ രൂക്ഷമായ പ്രതിസന്ധിയെ കുറിച്ച് താരിഖ് അൻവർ കോൺഗ്രസ് ഹൈക്കമാൻഡിന് റിപ്പോർട്ട് നൽകും. ഹൈക്കമാൻഡിൻ്റെ ക്രിയാത്മക ഇടപെടൽ ഇക്കാര്യത്തിലുണ്ടാകുമെന്നാണ് നേതാക്കളുടെ പ്രതീക്ഷ.












Click it and Unblock the Notifications