'എംസി റോഡിനെ ഉമ്മന്‍ചാണ്ടിയുടെ പേരില്‍ പുനര്‍നാമകരണം ചെയ്യണം': മുഖ്യമന്ത്രിക്ക് കത്ത്
തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേരില്‍ എം സി റോഡ് പുനര്‍നാമകരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. എം സി ഭാവിയില്‍ ഒ സി റോഡ് എന്നറിയപ്പെടട്ടെ എന്ന് സുധീരന്‍ മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ പറഞ്ഞു. കത്തിന്റെ പകര്‍പ്പ് ചീഫ് സെക്രട്ടറിക്കും പ്രതിപക്ഷ നേതാവിനും അയച്ചിട്ടുണ്ട്.
എം സി റോഡ് ആദരസൂചകമായി ഒ സി റോഡെന്ന് പുനര്‍നാമകരണം ചെയ്യണമെന്നാണ് കത്തില്‍ ഉന്നയിക്കുന്ന പ്രധാന ആവശ്യം. വിലാപയാത്രയില്‍ പരോക്ഷമായി ഇത്തരം പ്രതികരണം വന്നെങ്കിലും ആദ്യമായാണ് കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗികമായി ഈ ആവശ്യം ഇപ്പോള്‍ ഉയരുന്നത്.

ഇതുമായി ബന്ധപ്പെട്ട് എത്രയും പെട്ടെന്ന് നടപടികള്‍ സ്വീകരിക്കണമെന്നാണ് സുധീരന്‍ കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസ് മുതല്‍ എം സി റോഡ് വഴി അദ്ദേഹത്തിന്റെ വിലാപ യാത്രയില്‍ ജനസാഗരമായിരുന്നു പ്രത്യക്ഷപ്പെട്ടത്. അതേസമയം, ഇതേ ആവശ്യം ഉന്നയിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലും രംഗത്തെത്തിയിട്ടുണ്ട്.
'കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്ക് ഏറ്റവും അധികം യാത്ര ചെയ്ത വ്യക്തി ഉമ്മന്‍ ചാണ്ടിയാണ്. ഒരിക്കല്‍ കെ എം മാണി പറഞ്ഞ വാക്കുളാണിത്. ഒരു വലിയ അളവ് വരെ സത്യവുമാണത്. ആ യാത്രയില്‍ എത്ര മനുഷ്യരുടെ ആവലാതികള്‍ക്കാണ് ആ മനുഷ്യന്‍ പരിഹാരം കണ്ടിരിക്കുന്നത്'.
'അതുകൊണ്ട് കൂടിയാണല്ലോ അദ്ദേഹത്തിന്റെ അവസാന യാത്രയില്‍ റോഡ് കാണാനാകാത്ത വിധം ജനം നിറഞ്ഞത്.
അദ്ദേഹം നിത്യേനയെന്ന പോലെ യാത്ര ചെയ്തിരുന്ന എം സി റോഡിന്റെ പേര് അദ്ദേഹത്തോടുള്ള ആദര സൂചകമായി 'ഒ സി റോഡ്' എന്ന് പുനര്‍നാമകരണം ചെയ്യാനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കണം'- രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്കില്‍ കുറിച്ചു.












Click it and Unblock the Notifications