'മദ്യപാന വിലക്ക് നീക്കിയത് ദൗര്‍ഭാഗ്യകരം'; വിഎം സുധീരൻ ഖർഗെയ്‌ക്ക് കത്തയച്ചു
കോൺഗ്രസ് പാർട്ടിയിൽ പ്രാഥമിക അംഗത്വം ലഭിക്കുന്നതിനു മദ്യം വർജിക്കണമെന്നും ഖാദി ധരിക്കണമെന്നുമുള്ള പാർട്ടി ഭരണഘടനയിലെ നിബന്ധനകളിൽ ഭേദഗതി വരുത്തിയ പ്ലീനറി സമ്മേളനത്തിന്റെ നടപടികൾ നിർഭാഗ്യകരം ആണെന്ന് വി.എം.സുധീരൻ.

തിരുവനന്തപുരം: കോൺഗ്രസ് പാർട്ടിയിൽ പ്രാഥമിക അംഗത്വം ലഭിക്കുന്നതിനു മദ്യം വർജിക്കണമെന്നും ഖാദി ധരിക്കണമെന്നുമുള്ള പാർട്ടി ഭരണഘടനയിലെ നിബന്ധനകളിൽ ഭേദഗതി വരുത്തിയ പ്ലീനറി സമ്മേളനത്തിന്റെ നടപടികൾ നിർഭാഗ്യകരം ആണെന്ന് വി.എം.സുധീരൻ. ഇക്കാര്യം വ്യക്തമാക്കി കോൺഗ്രസ് അധ്യക്ഷന് സുധീരൻ കത്തയച്ചു.
പാർട്ടി അഭിമാനപൂർവം കാലങ്ങളായി ഉയർത്തിപ്പിടിക്കുകയും പിന്തുടർന്നുവരുകയും ചെയ്യുന്ന പരമ്പരാഗത മൂല്യങ്ങൾക്കും പെരുമാറ്റച്ചട്ടങ്ങൾക്കും വിരുദ്ധമാണ് ഇത്തരമൊരു തീരുമാനം. ഇതിൽ ശക്തമായി പ്രതിഷേധിക്കുന്നു. വിഷയത്തിൽ ഇടപെട്ട് തീരുമാനം പിൻവലിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും പാർട്ടി അധ്യക്ഷനുള്ള കത്തിൽ സുധീരൻ ആവശ്യപ്പെടുന്നു.
മദ്യവർജനവും ഖാദി ധരിക്കലും സ്വാതന്ത്യ സമരത്തിന്റെ ഭാഗവും വളരെക്കാലമായി പാർട്ടിയുടെ മുദ്രാവാക്യവുമായിരുന്നു. ഭേദഗതിയിലൂടെ സ്വാതന്ത്യ്രസമര പോരാട്ടത്തോടും ഗാന്ധിയൻ മൂല്യങ്ങളോടും ബഹുമാനക്കുറവ് കാട്ടിയിരിക്കുകയാണ്. മദ്യപാനം നടക്കുന്നതുകൊണ്ട് ഭരണഘടനയിൽ ഭേദഗതി വരുത്താം എന്നു പറയുന്നത് കുറ്റകൃത്യങ്ങൾ നടക്കുന്നതുകൊണ്ട് നിയമങ്ങൾ പിൻവലിക്കാം എന്നു പറയുന്നതുപോലെയാണ്. മദ്യ, ലഹരി ഉപയോഗം രാജ്യത്ത് ആരോഗ്യ-സാമൂഹിക പ്രശ്നമായി വളരുന്ന കാലഘട്ടത്തിലാണ് ഭേദഗതി കൊണ്ടുവന്നിരിക്കുന്നത് എന്ന കാര്യം ഓർക്കേണ്ടതുണ്ടെന്ന് സുധീരൻ കത്തിൽ ചൂണ്ടിക്കാട്ടി.
ലോകാരോഗ്യ സംഘടന മദ്യത്തിന്റെ വിപത്തുകൾ ചൂണ്ടിക്കാട്ടി ക്യാംപയിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. പ്ലീനറി സമ്മേളനത്തിലെ തീരുമാനം ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുകയും മദ്യത്തിന്റെ വിൽപന വർധിപ്പിക്കാൻ ഇടയാക്കുകയും ചെയ്യും. വർഷങ്ങളായി കോൺഗ്രസ് പാർട്ടി സ്വീകരിച്ചുവന്ന മൂല്യങ്ങളിൽ നിന്നുള്ള പിൻവലിയലാണ് പുതിയ തീരുമാനം. തീരുമാനം പിൻവലിക്കാൻ നടപടി സ്വീകരിക്കണമെന്നും വി.എം.സുധീരൻ ആവശ്യപ്പെട്ടു.
മദ്യപിക്കുന്നതിനു കോൺഗ്രസ് പ്രവർത്തകർക്ക് പാർട്ടി ഏർപ്പെടുത്തിയ നിരോധനത്തിനു നേരിയ ഇളവ് ഏർപ്പെടുത്തിയിരുന്നു. മദ്യം ഉപയോഗിക്കരുതെന്ന പാർട്ടി ഭരണഘടനയിലെ വ്യവസ്ഥ ഒഴിവാക്കുന്നതിന് പ്ലീനറി സമ്മേളനം അംഗീകാരം നൽകിയിരുന്നു. അതേസമയം, മറ്റു ലഹരിപദാർഥങ്ങൾ ഉപയോഗിക്കുന്നതിനുള്ള കർശന വിലക്ക് തുടരും.












Click it and Unblock the Notifications