അമ്മയ്ക്ക് വേണ്ടി വിഎസ്; അണികള്‍ക്ക് പ്രതിഷേധം
കോഴിക്കോട്: ഗെയ്ല്‍ ട്രെഡ്വെല്‍ വിവാദത്തില്‍ മാതാ അമൃതാനന്ദ മയി മഠത്തിനെ ന്യായീകരിച്ച് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ രംഗത്ത്. അമേരിക്കക്കാരിയായ ആ സ്ത്രീ നമ്മെ അവഹേളിക്കാന്‍ വേണ്ടി പറയുന്നതെന്നാണ് പ്രഥമവീക്ഷണത്തില്‍ എനിക്ക് തോന്നുന്നത് എന്നായിരുന്നു വി എസ് മീഡിയ വണ്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.
അന്യമതങ്ങളിലുള്ള ആളുകള്‍ പാവപ്പെട്ട മതങ്ങളില്‍ നിന്നുയര്‍ന്നു വരുന്ന ആളുകള്‍ക്കെതിരെ നടത്തുന്ന ആക്രമണങ്ങളുടെ ഭാഗമായിട്ടാണ് വി എസ് ഗെയ്ല്‍ ട്രെഡ്വെല്ലിന്റെ ആരോപണങ്ങളെ കാണുന്നത്. ഈ ശ്രമങ്ങള്‍ വളരെ കാല്‍ക്കുലേറ്റഡ് ആണെന്നും അദ്ദേഹം അഭിമുഖത്തില്‍ പറയുന്നുണ്ട്. നേരത്തെ ട്രെഡ്വെല്‍ ഹോളി ഹെല്‍ എന്ന പുസ്തകത്തിലൂടെ ആരോപണങ്ങള്‍ പുറത്തുവിട്ടപ്പോള്‍ 'പഠിച്ചു പ്രതികരിക്കാം' എന്നായിരുന്നു വി എസ് പ്രതികരിച്ചത്.

വി എസ് അച്യുതാനന്ദന്റെ ഈ പ്രതികരണം ഇടതുപക്ഷ അനുഭാവികളില്‍ ആശങ്കയും പ്രതിഷേധവും ഉണ്ടാക്കിയിട്ടുണ്ട്. ടി പി വധക്കേസില്‍ പാര്‍ട്ടി അന്വേഷണം അംഗീകരിച്ചതും പിണറായി വിജയനെ പുകഴ്ത്തി പറഞ്ഞതും വി എസിനെ ഔദ്യോഗിക പക്ഷത്തിനും പ്രിയങ്കരനാക്കിയിരുന്നു. എന്നാല്‍ തൊട്ടടുത്ത ദിവസം പാര്‍ട്ടി നിലപാടിന് വിരുദ്ധമായി അമൃതാനന്ദമയിക്ക് വേണ്ടി സംസാരിച്ചത് പാര്‍ട്ടിയെയും അണികളെയും പ്രതിരോധത്തിലാക്കി.
ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലും വി എസ് അച്യുതാനന്ദനെതിരെ കടുത്ത അമര്‍ഷമാണ് പ്രചരിക്കപ്പെടുന്നത്. വി എസ് അച്യുതാനന്ദനെ വള്ളിക്കാവ് ശങ്കരന്‍ അച്യുതാനന്ദന്‍ എന്ന് വിളിക്കണം എന്ന് വരെ പറയുന്നവരുണ്ട്. വി എസിന്റെ നിലപാട് മാറ്റങ്ങള്‍ അറിയുന്നതിനാല്‍ ഇതൊന്നും വലിയ കാര്യമായി എടുക്കേണ്ട പറയുന്നവരും കുറവല്ല.












Click it and Unblock the Notifications