വിഎസ് അച്യുതാനന്ദന് ഹൃദയാഘാതം, തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
തിരുവനന്തപുരം: തലമുതിര്‍ന്ന സിപിഎം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദന് ഹൃദയാഘാതം. അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായത് എന്നാണ് വിവരം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹം നിലവില്‍ ചികിത്സയിലുളളത്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ വര്‍ഷമാണ് വിഎസ് അച്യുതാനന്ദന്‍ തന്റെ 102ാം പിറന്നാള്‍ ആഘോഷിച്ചത്. പ്രായാധിക്യം മൂലമുളള ആരോഗ്യപ്രശ്‌നങ്ങളാല്‍ അദ്ദേഹം 5 വര്‍ഷത്തിലധികമായി രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ നിന്നും മറ്റ് പൊതുപരിപാടികളില്‍ നിന്നും അടക്കം വിട്ട് നിന്ന് വീട്ടില്‍ സമ്പൂര്‍ണ വിശ്രമത്തിലാണ്.

4 വര്‍ഷം മുന്‍പാണ് വിഎസ് അച്യുതാനന്ദന് പക്ഷാഘാതം ഉണ്ടായത്. അതിന് ശേഷമാണ് അദ്ദേഹം പുറത്തേക്ക് ഇറങ്ങാതായത്. തിരുവനന്തപുരത്ത് ബാര്‍ട്ടന്‍ ഹില്ലിലെ മകന്‍ അരുണ്‍ കുമാറിനൊപ്പമാണ് വിഎസ് താമസിക്കുന്നത്. അദ്ദേഹത്തിന് ഡോക്ടര്‍മാര്‍ സന്ദര്‍ക വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആരോഗ്യാവസ്ഥ മോശമാണെങ്കിലും പുറത്ത് നടക്കുന്നതെല്ലാം അച്ഛന്‍ അറിയുന്നുണ്ട് എന്ന് അരുണ്‍ കുമാര്‍ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന് വീട്ടുകാര്‍ ദിവസവും രാവിലെ പത്രം വായിച്ച് കേള്‍പ്പിക്കാറുണ്ട്. മാത്രമല്ല ടിവിയില്‍ വാര്‍ത്ത കേട്ടും കേരളത്തിലെ സംഭവവികാസങ്ങള്‍ വിഎസ് അറിഞ്ഞു.
നിലവില്‍ വിഎസ് സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവാണ്. പതിറ്റാണ്ടുകള്‍ നീണ്ട വിഎസിന്റെ സമര-രാഷ്ട്രീയ ജീവിതത്തില്‍ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം, എല്‍ഡിഎഫ് കണ്‍വീനര്‍, മുഖ്യമന്ത്രി, സിപിഎം സംസ്ഥാന സെക്രട്ടറി തുടങ്ങി നിരവധി പദവികള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്. രാജ്യത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് രൂപം കൊടുത്ത 32 നേതാക്കളില്‍ ഒരാളാണ് വിഎസ്. പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളില്‍ ഇന്ന് ജീവിച്ചിരിക്കുന്ന ഒരേയൊരു നേതാവും വിഎസ് മാത്രമാണ്.












Click it and Unblock the Notifications