ഉമ്മന്‍ചാണ്ടിയെ പുറത്താക്കി സെക്രട്ടറിയേറ്റ് ചാണകവെള്ളം തളിച്ച് ശുദ്ധമാക്കണമെന്ന് വിഎസ്
തിരുവനന്തപും: പിണറായി വിജയനു പിന്നാലെ മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും രംഗത്തെത്തി. കേരളത്തിലെ അമ്മ-പെങ്ങന്മാരെ ഓര്‍ത്ത് മുഖ്യമന്ത്രി രാജിവെച്ച് പുറത്തു പോകണമെന്നാണ് വിഎസ് ആവശ്യപ്പെടുന്നത്. നാണംകെട്ട് അധികാരത്തില്‍ ഇരിക്കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.
സരിതയെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ലൈംഗികമായി ഉപയോഗിച്ചുവെന്ന ബിജു രാധാകൃഷ്ണന്റെ ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു വിഎസ്. ഇങ്ങനെ നാണംകെട്ട് അധികാരത്തില്‍ ഇരിക്കാന്‍ മറ്റൊരു മുഖ്യമന്ത്രിക്കും സാധിക്കില്ലെന്നും വിഎസ് കുറ്റപ്പെടുത്തി.

മുഖ്യമന്ത്രി രാജിവെച്ച് പുറത്തു പോയാല്‍ ഒരു പാത്രം ചാണകവെള്ളം തളിച്ച് സെക്രട്ടേറിയറ്റ് ശുദ്ധമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഉമ്മന്‍ചാണ്ടിക്കെതിരെ പിണറായി വിജയനും പ്രതികരിച്ചിരുന്നു. അന്വേഷണം അട്ടിമറിച്ചും തെളിവുകള്‍ നശിപ്പിച്ചും പണം നല്‍കിയും ഇതുവരെ ഉമ്മന്‍ചാണ്ടി പിടിച്ചു നിന്നു. ഇനി രക്ഷപ്പെടാന്‍ സാധിക്കില്ലെന്നാണ് പിണറായി വിജയന്‍ വ്യക്തമാക്കിയത്.
തട്ടിപ്പിന് കൂട്ടുനില്‍ക്കുന്ന മുഖ്യമന്ത്രി കേരളത്തിന്റെയും മലയാളിയുടെയും അഭിമാനത്തിന് തീരാകളങ്കമാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസില്‍ ആത്മാഭിമാനമുള്ളവര്‍ ഉണ്ടെങ്കില്‍ ഉമ്മന്‍ചാണ്ടിയെ ഇറക്കി വിടണമെന്നും പിണറായി പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് വിഎസിന്റെ പ്രതികരണം എത്തിയത്.












Click it and Unblock the Notifications