വിഎസ് കേരളത്തിന്റെ ഫിദല്‍ കാസ്‌ട്രോ... അപ്പോള്‍ പിണറായി റൗള്‍ കാസ്‌ട്രോയോ?
തിരുവനന്തപുരം: ഗ്രാന്‍മ എന്ന പഴഞ്ചന്‍ പടക്കപ്പലില്‍ 81 വിപ്ലവകാരികളുമായി വന്നെത്തി ക്യൂബയെ കമ്യൂണിസ്റ്റ് ക്യൂബയാക്കി മാറ്റിയ ഫിദല്‍ കാസ്‌ട്രോയും കേരളത്തിലെ സിപിഎം നേതാവായ വിഎസ് അച്യുതാനന്ദനും തമ്മില്‍ എന്താണ് ബന്ധം? വിഎസ് അച്യുതാനന്ദന്‍ കേരളത്തിന്റെ ഫിദല്‍ കാസ്‌ട്രോ ആണെന്നാണ് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.
പിണറായി വിജയനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്ത വിവരം ഔദ്യോഗികമായി മാധ്യമങ്ങളെ അറിയിച്ചുകൊണ്ടായിരുന്നു യെച്ചൂരിയുടെ പരാമര്‍ശം. വിഎസ് അച്യുതാനന്ദനും കോടിയേരി ബാലകൃഷ്ണനും പത്രസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ യെച്ചൂരി മാത്രമാണ് മാധ്യമ പ്രവര്‍ത്തകരോട് സംസാരിച്ചത്.

ക്യൂബയില്‍ ഫിദല്‍ കാസ്‌ട്രോ ഇപ്പോള്‍ ചെയ്യുന്നതുപോലെ ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും വിഎസ് അച്യുതാനന്ദന്‍ നല്‍കും എന്നാണ് യെച്ചൂരിയുടെ വിശദീകരണം. എന്നാല്‍ ഫിദല്‍ കാസ്ട്രോ അടുത്തിടെ നടത്തിയ വികാരഭരിതമായ പ്രസംഗം ഏറെ ശ്രദ്ധേയമായ ഒന്നായിരുന്നു. ഇത് തന്‍റെ അവസാനത്തെ പൊതുപരിപാടിയാകും എന്ന രീതിയിലായിരുന്നു കാസ്ട്രോ പാര്‍ട്ടി പ്രവര്‍ത്തകരെ അന്ന് അഭിസംബോധന ചെയ്തത്.
വിഎസിനെ ക്യാബിനറ്റ് പദവിയോടെ എല്‍ഡിഎഫ് ചെയര്‍പേഴ്‌സണ്‍ ആക്കും എന്നൊരു വാര്‍ത്ത നേരത്തെ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് യെച്ചൂരി ഒരു പ്രതികരണവും നടത്തിയില്ല.
വിഎസ് അച്യുതാനന്ദനും ഇതുവരെ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിയ്ക്കാന്‍ തയ്യാറായിട്ടില്ല. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ച തീരുമാനത്തിന് ഇനി സംസ്ഥാന സമിതിയില്‍ നിന്ന് കൂടി അംഗീകാരം കിട്ടേണ്ടതുണ്ട്.












Click it and Unblock the Notifications