രാഷ്ട്രീയക്കാരെ 'വിരട്ടിയോടിയ്ക്കുന്ന' മൂന്നാര്‍ സമരത്തിലേയ്ക്ക് വിഎസ് പോകുന്നു
മൂന്നാര്‍: ബോണസ് വര്‍ധന ആവശ്യപ്പെട്ട് മൂന്നാറില്‍ നടക്കുന്ന തൊഴിലാളി സമരം കൂടുതല്‍ ശക്തമാകുന്നു. സമരക്കാരുമായി ചര്‍ച്ചയ്ക്കെത്തിയ ദേവികുളം എംഎല്‍എ എസ് രാജേന്ദ്രനെ സമരക്കാരായ സ്ത്രീകള്‍ വിരട്ടിയോടിച്ചു. അതേ സമയം പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന് സമരസ്ഥലത്ത് എത്തിയേക്കും. രാഷ്ട്രീയ നേതാക്കളെ സമരത്തിലേയ്ക്ക് അടുപ്പിയ്ക്കില്ലെന്ന് പറയുമ്പോഴും വിഎസിന്റെ സന്ദര്‍ശനത്തോട് സമരക്കാര്‍ക്ക് വിയോജിപ്പില്ല.
സമരം തീര്‍ക്കാന്‍ സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ തൊഴിലാളികളുടെ സമരത്തിന്റെ മുന്‍ നിരയില്‍ താനുണ്ടാവുമെന്ന് അച്യുതാനന്ദന് പാലക്കാട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സമരത്തിന് പിന്നില്‍ തമിഴ് സംഘടനകളാണെന്ന പ്രചാരണത്തോട് യോജിപ്പില്ലെന്നും വിഎസ്. സമരത്തോട് നിസംഗ സമീപനം പുലര്‍ത്തുന്ന സര്‍ക്കാരിന്റെ നിലപാട് അംഗീകരിയ്ക്കാനാവില്ലെന്നും വിഎസ് പറഞ്ഞു. വിഎസ് എത്തുന്നതിനെ സമര സമതി സ്വാഗതം ചെയ്തിട്ടുണ്ട്.
ഇഎസ് ബിജിമോള്‍ എംഎല്‍എയും സമരവേദിയില്‍ എത്തി. ഏഴ് ദിവസമായി തുടരുന്ന സമരത്തിന്റെ രൂപവും ഭാവവും മാറുകയാണ്. റോഡുകള്‍ ഉപരോധിച്ച് നടത്തുന്ന സമരത്തില്‍ മൂന്നാറിലെ തോട്ടം മേഖലകള്‍ ഉള്‍പ്പടെ സ്തംഭിച്ച അവസ്ഥയിലാണ്. ആറായിരത്തോളം സ്ത്രീ തൊഴിലാളികളാണ് ഉപരോധത്തില്‍ പങ്കെടുക്കുന്നത്.
തങ്ങളെ കഴിഞ്ഞ ഏഴ് ദിവസമായി തിരഞ്ഞ് നോക്കാത്ത എംഎല്‍എ ഇനി ഇങ്ങോട്ട് വരേണ്ട ആവശ്യമില്ലെന്ന് പറഞ്ഞാണ് ദേവികുളം എംഎല്‍എയെ സ്ത്രീകള്‍ വിരട്ടിയോടിച്ചത്.ഇടുക്കിയിലെ ചെറുകിട തേയില കര്‍ഷകരെ ഉള്‍പ്പടെ സമരം ബാധിയ്ക്കുകയാണ്.