മാണിയെ എല്‍ഡിഎഫിലേക്ക് വലിച്ചു കേറ്റേണ്ടെന്ന് വിഎസ്
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് നേതാവ് കെഎം മാണിയെ മുഖ്യമന്ത്രിയാക്കിക്കൊണ്ട് ഇടതുപക്ഷം പുതിയ സര്‍ക്കാരിനുള്ള ശ്രമം ആരംഭിച്ചെന്ന വാര്‍ത്തകള്‍ക്കിടെ മാണിയെ വലിച്ചുകേറ്റേണ്ടന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് വിഎസ് അച്യുതാനന്ദന്‍ ഇക്കാര്യത്തെ കുറിച്ച് പ്രതികരിച്ചത്.
കെഎം മാണി ഇടതുപക്ഷത്തേക്ക് വരുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന് അക്കാര്യം വിശദമായ ചര്‍ച്ച ചെയ്ത ശേഷം മാത്രമേ തീരുമാനിക്കൂ എന്ന് അദ്ദേഹം വ്യക്തമാക്കി. യുഡിഎഫിന്റെത് അഴിമതി നിറഞ്ഞ ഭരണമാണ്. സ്വാഭാവികമായും മാണിയും അതിന്റെ ഭാഗമാണ്. അതുകൊണ്ടുതന്നെ മാണിയെ ഇടതുപക്ഷത്തേക്ക് വലിച്ചു കേറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.

കെഎം മാണിയും കോടിയേരി ബാലകൃഷ്ണനും തമ്മില്‍ മുന്നണി മാറ്റവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തിയോ എന്ന ചോദ്യത്തിന് അക്കാര്യം അറിയില്ലെന്നായിരുന്നു വിഎസ്സിന്റെ മറുപടി. മാണിയെ മുഖ്യമന്ത്രിയാക്കണമെന്ന് കേരള കോണ്‍ഗ്രസിലെ ചിലര്‍ പരസ്യമായി ആവശ്യം ഉന്നയിച്ചത് സംസ്ഥാന രാഷ്ട്രീയത്തില്‍ പുതിയ ചേരിതിരിവിന് വഴിതെളിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.
മുഖ്യമന്ത്രിയാക്കിയില്ലെങ്കില്‍ കേരളാ കോണ്‍ഗ്രസ് ഇടതുപക്ഷത്തേക്ക് പോകുമെന്ന സൂചനയും പിസി ജോര്‍ജ് അടക്കമുള്ള നേതാക്കള്‍ പ്രകടിപ്പിച്ചിരുന്നു. അതിനിടയിലാണ് മാണിയും കോടിയേരിയും തമ്മില്‍ ഫോണിലൂടെ ചര്‍ച്ച നടത്തിയതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ അങ്ങിനെയൊരു ചര്‍ച്ച നടന്നിട്ടില്ലെന്നും മുഖ്യമന്ത്രിയാകുന്നകാര്യം ആലോചിച്ചിട്ടുപോലും ഇല്ലെന്നുമായിരുന്നു കെഎം മാണി പ്രതികരിച്ചത്.












Click it and Unblock the Notifications