ഇരയാക്കപ്പെട്ട 'അവൾക്കൊപ്പം' നിന്ന വിഎസ്, പെൺപ്രശ്നങ്ങൾ പറഞ്ഞാൽ മനസ്സിലാകുന്ന ആണൊരുത്തൻ: ദീദി
സ്ത്രീ സുരക്ഷയ്ക്ക് വേണ്ടിയുള്ള വി.എസിന്റെ നിലപാടുകൾ കാലത്തിന്റെ ആവശ്യകത കൂടിയായിരുന്നു എന്നാണ് നടി മഞ്ജു വാര്യർ വിഎസ് അച്യുതാനന്ദനെ അനുസ്മരിച്ച് കൊണ്ട് എഴുതിയത്. സ്ത്രീകളുടെ പ്രശ്നങ്ങൾ പറഞ്ഞാൽ മനസ്സിലാകുന്ന ആണൊരുത്തനായിരുന്നു വിഎസ് എന്ന് ദീദി ദാമോദരൻ കുറിക്കുന്നു.
കൊച്ചിയിൽ വെച്ച് നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ചില രാഷ്ട്രീയക്കാരും സിനിമാക്കാരും വേട്ടക്കാരനൊപ്പം നിന്നപ്പോൾ താൻ അവൾക്കൊപ്പമാണെന്ന് പ്രഖ്യാപിച്ച നേതാവാണ് വിഎസ് എന്നും ദീദി കുറിക്കുന്നു.
ദീദി ദാമോദരന്റെ കുറിപ്പ്: '' നീതി തേടി തെരുവിലിറങ്ങുന്ന പെൺപോരാട്ടങ്ങൾക്കൊപ്പം വരുംവരായ്കകൾ നോക്കാതെ നിൽക്കാൻ തയ്യാറുള്ള , പെൺപ്രശ്നങ്ങൾ പറഞ്ഞാൽ മനസ്സിലാകുന്ന ആണൊരുത്തൻ - അതാണ് വി.എസ്സ് . അത്രയും വിശ്വാസം മറ്റൊരു രാഷ്ട്രീയനേതാവിനോടും ഇന്നോളം തോന്നിയിട്ടില്ല. 2017 ൽ സിനിമയിലെ സഹപ്രവർത്തക ആക്രമിക്കപ്പെട്ടപ്പോൾ അനാരോഗ്യം മറന്നും "അവൾക്കൊപ്പം" എന്ന പോരാട്ടത്തിൽ വി.എസ്സ് ഞങ്ങൾക്കൊപ്പം നിന്നു.

കറകളഞ്ഞ നിലപാടായിരുന്നു : "ഇരയാക്കപ്പെട്ട സഹോദരിക്ക് ഒപ്പമല്ല കേരളത്തിലെ ചില രാഷ്ട്രീയക്കാരും,സിനിമാ പ്രവർത്തകരും വേട്ടക്കാർക്കൊപ്പമാണ് നിലകൊള്ളുന്നത് . പക്ഷേ ഞാൻ നിലകൊള്ളുന്നത് ഇരയ്ക്കോപ്പം തന്നെയായിരിക്കും നീതി ലഭിക്കും വരെ അവൾക്കൊപ്പമാണ് ഞാൻ"
സൂര്യനെല്ലിക്കേസിൽ , ഐസ്ക്രീം പാർലർ പെൺവാണിഭക്കേസ്സിൽ , കവിയൂർ, കിളിരൂർ കേസിൽ ഒക്കെ ആ നിശ്ചയദാർഢ്യം പൊരുതുന്ന സ്ത്രീകൾ തിരിച്ചറിഞ്ഞതാണ് . മുന്നാറിലെ തേയിലത്തോട്ടങ്ങളിലെ കോടമഞ്ഞിൽ ഉണർന്ന പൊമ്പിളൈ ഒരുമൈ തെരുവിലേക്കിറങ്ങി നിന്ന രാത്രിയിൽ വി.എസ്സിൻ്റെ വരവ് ഒരു ചരിത്ര സംഭവമായിരുന്നു. നിരാലംബരായ നഴ്സുമാർ വേതനനീതിക്കായി പൊരിവെയിലിൽ തെരുവിലിറങ്ങിയപ്പോഴും കക്ഷിരാഷ്ട്രീയത്തിൻ്റെ ഹൃസ്വദൃഷ്ടികൾ വക വയ്ക്കാതെ ഒപ്പം നിൽക്കാൻ വി.എസ്സുണ്ടായിരുന്നു .
ഏറ്റെടുത്ത എല്ലാ പോരാട്ടങ്ങളും ജയിച്ചത് കൊണ്ടല്ല വി.എസ്. പ്രിയങ്കരനായത്. തോൽവിയുടെ നെല്ലിപ്പടിയിൽ നിൽക്കുമ്പോഴും തളരരുത് എന്ന ആത്മശ്വാസം തന്ന് എല്ലാ പോരാട്ടങ്ങളുടെയും തുടർചലനമായത് കൊണ്ടാണ് . ജീവിയ്ക്കുവാനും പിടിച്ചു നിൽക്കാനുമുള്ള പ്രചോദനമായിരുന്നു അതെന്നും. ലാൽസലാം സഖാവേ''.
വി എസ് നിരന്തരം തളിര്‍ക്കുന്ന വന്‍മരമായിരുന്നു എന്നാണ് സുജ സൂസൻ ജോർജ് കുറിച്ചിരിക്കുന്നത്. സൂര്യനെല്ലി കേസുമായി ബന്ധപ്പെട്ടുളള അനുഭവവും സുജ സൂസൻ ജോർജ് കുറിച്ചിരിക്കുന്നു: '' ഒരു നൂറ്റാണ്ട് കടന്നു പോയ ജീവിതം. അതൊരു വ്യക്തിയുടെയോ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെയോ ചരിത്രമായിരുന്നില്ല. കേരളത്തിന്‍റെ മാറ്റത്തിന്‍റെ ചരിത്രമായിരുന്നു.
കണ്ണേ ,കരളേ വിഎസേ,ഞങ്ങടെ ചങ്കിലെ റോസാപ്പൂവേ എന്ന് തൊണ്ട പൊട്ടി,തൊണ്ട ഇടറി ,കണ്ണ് നിറഞ്ഞ് ,ജീവന്‍റെ ആഴത്തില്‍ നിന്ന് ഉതിര്‍ന്ന മുദ്രാവാക്യങ്ങള്‍ ശബ്ദമില്ലാത്തവരുടെ ശബ്ദങ്ങളുടെ ഇടിമുഴക്കമായിരുന്നു. പലപ്പോഴും ആ പ്രകമ്പനങ്ങള്‍ എന്‍റെ ഹൃദയത്തെയും ഭേദിച്ച് കടന്നു പോയിട്ടുണ്ട്. വിറകൊണ്ട് നിന്നിട്ടുണ്ട് ഞാനും.
സൂര്യനെല്ലി കേസും വിഎസും
അത് വലിയൊരു ചരിത്രമാണ്.അതിലെ അവസാന ഖണ്ഡമാണ് ഇവിടെ കുറിക്കുന്നത്. വി എസ് പ്രതിപക്ഷ നേതാവായിരുന്ന കാലം. ഒരു ദിവസം എനിക്ക് വന്ന ഒരു ഫോണ്‍വിളി വിഎസ് അച്യുതാനന്ദന്‍റേതായിരുന്നു. അദ്ദേഹത്തിന് എന്നെ നേരിട്ട് കണ്ട് സൂര്യനെല്ലി കേസിനെ കുറിച്ച് സംസാരിക്കണമെന്ന് പറഞ്ഞു. അങ്ങനെ കുട്ടനാട് പാര്‍ടി ഓഫീസില്‍ വെച്ച് അദ്ദേഹത്തെ കണ്ട് ദീര്‍ഘമായി സംസാരിച്ചു. ഞാനത്ര അടുത്തിരുന്ന് വിഎസിനെ ആദ്യം കാണുകയാണ്.
ടോണ്‍ഡ് ബോഡി. തിളങ്ങുന്ന ത്വക്ക്. നരകേറി കറുപ്പ് മായാന്‍ ഇനിയുമേറെയുണ്ട് ബാക്കി .പ്രായം 85നു മേല്‍.
അതിന് അടുത്ത ആഴ്ച വിഎസ് ചെങ്ങനാശേരിയിലെ അവരുടെ വീട് സന്ദര്‍ശിച്ചു. അടച്ചിട്ട മുറിയിലിരുന്ന് മാതാപിതാക്കളോടും അവളോടും സംസാരിച്ചു. അവരുടെ സങ്കടങ്ങളെ ആറ്റിത്തണുപ്പിച്ചു. പുറമെ നിന്ന് ഞാന്‍ മാത്രം.
വിഎസ് ബാഗ് തുറന്ന് ഒരു ലക്ഷം രൂപ എടുത്ത് അവളുടെ പപ്പയുടെ കയ്യില്‍ കൊടുത്തു. അദ്ദേഹം അത് വാങ്ങാന്‍ മടിച്ചു. വളരെ പതുക്കെ മന്ത്രിക്കും പോലെ വിഎസ് പറഞ്ഞു. ''ഇത് അവളുടെ മുത്തശ്ശന്‍ തരുന്നതാണ് വാങ്ങിക്കോളൂ. ഇതെന്‍റെ പെന്‍ഷന്‍ കാശ് സൂക്ഷിച്ചു വെച്ചതാണ്.'' അതാണ് വിഎസ്. അങ്ങനെയായിരുന്നു വി എസ്. വിട ! ഈ നൂറ്റാണ്ടിന്‍റെ നായകന്..''












Click it and Unblock the Notifications