ജിഷയുടെ അമ്മയുടെ കരച്ചില്‍ ഹൃദയഭേദകം; രാഷ്ട്രീയം കലര്‍ത്തരുതെന്നും വിഎസ്
പെരുമ്പാവൂര്‍: ക്രൂരമായ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെരുമ്പാവൂര്‍ സ്വദേശി ജിഷയുടെ അമ്മയുടെ കരച്ചില്‍ ഹൃദയഭേദകമാണെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. ജിഷയുടെ അമ്മയെ പെരുമ്പാവൂര്‍ ആശുപത്രിയില്‍ചെന്ന് വിഎസ് സന്ദര്‍ശിച്ചിരുന്നു. ഇതിനുശേഷം ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് വിഎസ് അമ്മയുടെ ദു:ഖത്തെക്കുറിച്ചെഴുതിയത്.
കുറിപ്പില്‍ വിഎസ് പറയുന്നത് ഇങ്ങിനെയാണ്. ജിഷയുടെ വീട് ഞാന്‍ ഇന്ന് സന്ദര്‍ശിച്ചിരുന്നു. കൂലിവേല ചെയ്ത് തന്റെ മകളെ എം.എ.യും എല്‍.എല്‍.ബി യും വരെ പഠിപ്പിച്ച ആ അമ്മയുടെ ദു:ഖം കണ്ടുനില്‍ക്കാന്‍ എനിക്ക് കഴിഞ്ഞില്ല. കരളലിയിപ്പിക്കുന്ന ഒരുപാട് രംഗങ്ങള്‍ക്ക് ഞാന്‍ സാക്ഷ്യംവഹിച്ചിട്ടുണ്ട്. പക്ഷേ ജിഷയുടെ അമ്മയോട് ആശ്വാസ വാക്കുകള്‍ക്കായി ഞാന്‍ ബുദ്ധിമുട്ടി..
ഡല്‍ഹിയിലെ പെണ്‍കുട്ടിക്ക് സംഭവിച്ചതിനെക്കാള്‍ വലിയ ആക്രമണമാണ് ഈ പാവം കുട്ടിക്ക് നേരെ ഉണ്ടായത്. സ്ത്രീകളുടെ മാനത്തിന് യാതൊരു വിലയും നല്‍കാത്ത നിലയാണ് കേരളത്തില്‍ ഇപ്പോള്‍ ഉള്ളത്. വര്‍ക്കലയില്‍ ഒരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് റെയില്‍വേ ട്രാക്കില്‍ കൊണ്ട് തള്ളിയ സംഭവും ഇന്നാണ് പുറത്ത് വന്നത്.

എല്ലാവിധ ക്രിമനലുകള്‍ക്കും അഴിഞ്ഞാടാനുള്ള സൗകര്യമാണ് ഈ സര്‍ക്കാര്‍ ഉണ്ടാക്കിയിരിക്കുന്നത്. ഏത് കുറ്റകൃത്യം ചെയ്താലും അവരെ സംരക്ഷിക്കാന്‍ പൊലീസ് ഉണ്ടാകുമെന്ന അവസ്ഥയാണ്. ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും മന്ത്രിമാരും ഉള്‍പ്പെടെയുള്ളവര്‍ ലൈംഗിക ആരോപണങ്ങള്‍ നേരിടുന്നവരാണ്. ഇത്തരക്കാരുടെ മേല്‍നോട്ടത്തില്‍ സത്യം പുറത്ത് വരില്ല. ഇത്തരത്തിലുള്ള പൊലീസ് നയത്തിനെതിരെ കേരളത്തിലെ എല്ലാ സ്ത്രീകളും ജനാധിപത്യബോധമുള്ള ജനങ്ങളും ഒറ്റക്കെട്ടായി ശബ്ദമുയര്‍ത്തണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.
തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ജിഷയുടെ അതിക്രൂരമായ കൊലപാതകത്തില്‍ പ്രതിഷേധിക്കുന്നവര്‍ രാഷ്ട്രീയമുതലടുപ്പ് നടത്തുകയാണ് എന്ന് ആക്ഷേപിക്കുന്നവരോട് ഒരുവാക്ക്. ഈ പ്രതിഷേധം കേരളത്തിന്റെ മനസാക്ഷിയില്‍ നിന്ന് വരുന്നതാണ്. അതില്‍ ദയവുചെയ്ത് കക്ഷിരാഷ്ട്രീയം കാണരുത്. വിഎസ് പറഞ്ഞു.












Click it and Unblock the Notifications