പാപത്തിന് കാരണമായ അവയവങ്ങള്‍ വെട്ടിയെറിയാന്‍ മാണിയോട് വിഎസ്
തിരുവനന്തപുരം: നിയമസഭയില്‍ ബൈബിള്‍ വചനങ്ങള്‍ ഉദ്ധരിച്ച് കെഎം മാണിയ്ക്ക് നേരെ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. ബാര്‍കോഴക്കേസില്‍ ആരോപണ വിധേയനായ മാണിയെ വിമര്‍ശിയ്ക്കാനാണ് വിഎസ് ബൈബിള്‍ വചനം ഉപയോഗിച്ചത്. പാപത്തിന് കാരണമായ അവയവങ്ങള്‍ വെട്ടിയെറിഞ്ഞ് ജീവനിലേയ്ക്ക് പ്രവേശിയ്ക്കാനാണോ അവയവങ്ങളുടെ നിത്യനരകാഗ്നിയിലേയ്ക്ക് പോകാനാണോ മാണി ആഗ്രഹിയ്ക്കുന്നതെന്ന് വിഎസ് അച്യുതാനന്ദന്‍ നിയമസഭയില്‍ ചോദിച്ചു.
ബൈബിള്‍ വചനങ്ങള്‍ ഉപയോഗിച്ചായിരുന്നു മാണിയ്ക്ക് നേരെ വിഎസിന്റെ ഉപദേശം. അടിയന്തര പ്രമേയം ചര്‍ച്ചചെയ്യുന്നതിനിടെയാണ് വിഎസ് തനത് ശൈലിയില്‍ മാണിയ്‌ക്കെതിരെ ആഞ്ഞടിച്ചത്. മാണി വിശ്വാസിയാണല്ലോ? അങ്ങനെയൊരാള്‍ കള്ളത്തരം കാണിച്ചിട്ട് ദൈവത്തോട് പ്രാര്‍ത്ഥിച്ചിട്ട് എന്തുഫലം? മിസ്റ്റര്‍ മാണിയെ വിശുദ്ധനാക്കാന്‍ ശ്രമിയ്ക്കുന്ന വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം പോള്‍ മാജിക്കുകാരനാണെന്നും വിഎസ് പരിഹസിച്ചു.

ബാര്‍കോഴ കേസില്‍ സിബിഐ അന്വേഷണം പ്രസക്തമാണെന്നും കേസ് തേച്ചുമാച്ചു കളയാമെന്ന മുഖ്യമന്ത്രിയുടെ വിചാരം വെറു വിചാരമാണെന്നും വിഎസ് പറഞ്ഞു. വിജിലന്‍സിന്റെ അന്തിമ റിപ്പോര്‍ട്ട് കോടതിയിലെത്തിയാല്‍ മന്ത്രി മാണിയ്‌ക്കെതിരെ കേസില്‍ കക്ഷി ചേരും. രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് വഴങ്ങി വിജിലന്‍സ് ഡയറക്ടര്‍ മാണിയ്‌ക്കെതിരെ കുറ്റപത്രം വേണ്ടെന്ന് തീരുമാനിച്ചത് നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും വിഎസ് പറഞ്ഞു.












Click it and Unblock the Notifications