ആര്‍എസ്പി:അനുനയിപ്പിക്കാന്‍ വിഎസ്, കൂട്ടാന്‍ വിഎം
തിരുവനന്തപും: ആര്‍എസ്പി മുന്നണി വിട്ട് കൊല്ലത്ത് തനിച്ച് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതോടെ അനുനയ ശ്രമങ്ങള്‍ തുടങ്ങി. അതോടൊപ്പം ആര്‍എസ്പിയെ കൂടെ ചേര്‍ക്കാന്‍ യുഡിഎഫിന്റെ ഭാഗത്ത് നിന്നും ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്.
ആര്‍എസ്പി നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വിഎസ് അച്യുതാനന്ദന്‍ നേരിട്ടാണ് അനുരഞ്ജനത്തിന് ഇറങ്ങിയിരിക്കുന്നത്. തിരഞ്ഞെടുപ്പില്‍ താന്‍ പാര്‍ട്ടിക്കൊപ്പം ഉണ്ടെന്ന് ഒരിക്കല്‍കൂടി ഊട്ടിഉറപ്പിച്ചുകൊണ്ടാണ് വിഷയത്തില്‍ വിഎസിന്റെ ഇടപെടല്‍.

സീറ്റ് വിഷയത്തില്‍ കടുത്ത നിലപാടെടുക്കരുതെന്ന് വിഎസ് ആര്‍എസ്പി നേതാക്കളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. വിഷയത്തില്‍ ഇടപെടാന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനോടും വിഎസ് ആവശ്യപ്പെട്ടു. ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കാമെന്ന് ആര്‍എസ്പി നേതൃത്വത്തിന് വിഎസ് ഉറപ്പ് നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍.
അതേ സമയം കെപിസിസി അധ്യക്ഷന്‍ വിഎം സുധീരനും ആര്‍എസ്പി നേതാക്കളുമായി ആശയവിനിമയം നടത്തി. ആര്‍എസ്പി ലയനവും യുഡിഎഫ് പ്രവേശനവും കൊല്ലം സീറ്റും ഒക്കെ വാദ്ഗാനം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ ആര്‍എസ്പിയുടെ ഭാഗത്ത് നിന്ന് പ്രതികരണം ഒന്നും പുറത്ത് വന്നിട്ടില്ല.
കേരളത്തില്‍ ഇടത് ജനാധിപത്യ മുന്നണി രൂപീകരിച്ച കാലം മുതല്‍ ആര്‍എസ്പി അതില്‍ അംഗമാണ്. പശ്ചിമ ബംഗാളിലും ഇക്കാലമത്രയും ആര്‍എസ്പി ഇടതുമുന്നണിക്കൊപ്പം തന്നെയായിരുന്നു.












Click it and Unblock the Notifications