'പിഞ്ചുകുഞ്ഞിന് നീതി നിഷേധിക്കുന്ന അവസ്ഥ കേരളത്തിന് സഹിക്കാനാകില്ല'; വിടി ബൽറാം
കണ്ണൂർ; പാനൂരിനടുത്ത് പാലത്തായിയിൽ സ്കൂളിൽവെച്ച് നാലാംക്ലാസുകാരി പീഡനത്തിനിരയായ സംഭവത്തിൽ രൂക്ഷപ്രതികരണവുമായി വിടി ബൽറാം എംഎൽഎ. ഗൗരവതരമായ കുറ്റകൃത്യത്തിലേക്ക് സംസ്ഥാന ആഭ്യന്തര മന്ത്രിയുടേയും, കുട്ടികളുടെ ക്ഷേമത്തിന്റ ചുമതലയുള്ള മന്ത്രി കൂടിയായ സ്ഥലത്തെ ജനപ്രതിനിധിയുടേയും അടിയന്തര ശ്രദ്ധ പതിയേണ്ടതായിട്ടുണ്ടെന്ന് ബൽറാം പറഞ്ഞു.
സിപിഎമ്മിന്റെ ഒരു പാർട്ടി ഗ്രാമത്തിലാണ്, പാർട്ടി നാട് ഭരിക്കുമ്പോൾ, ബിജെപി നേതാവായ ഒരു കൊടും ക്രിമിനലിന് ഒരു മാസക്കാലത്തോളമായി പോലീസിൻ്റെയും അധികാരസ്ഥാനങ്ങളുടേയും ഈ സംരക്ഷണം ലഭിച്ചുകൊണ്ടിരിക്കുന്നത്.ലൈറ്റണച്ചും പ്രതിപക്ഷത്തോട് വായടക്കാൻ പറഞ്ഞും പരസ്പരം മുന്നേറുന്ന ഭായീ - ഭായീ ബന്ധം ഒരു പിഞ്ചുകുഞ്ഞിന് നീതി നിഷേധിക്കുന്ന അവസ്ഥയുണ്ടാക്കുന്നത് കേരളത്തിന് സഹിക്കാൻ സാധിക്കില്ലെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പില് വിടി ബൽറാം പറഞ്ഞു.

അതിനിടെ ബിജെപി നേതാവിന്റെ അറസ്റ്റ് വൈകുന്നതിനെതിരെ സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി.എഴുത്തുകാരായ കെ ആര്‍ മീര, കെ സച്ചിദാനന്ദന്‍, ബിആര്‍പി ഭാസ്‌കര്‍, കെ അജിത, എം എന്‍ കാരശ്ശേരി, ജെ ദേവിക, ഡോ:ഖദീജ മുംതാസ്, ടി ടി ശ്രീകുമാര്‍, പി ഗീത, സി എസ് ചന്ദ്രിക, സിവിക് ചന്ദ്രന്‍ തുടങ്ങിയവരുള്‍പ്പടെയുള്ളവരാണ് പരാതി നൽകിയത്. പരാതിയുടെ പൂർണരൂപം ഇങ്ങനെ
ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയുടെയും കൂത്തുപറമ്പ് എം.എൽ.എ കൂടിയായ ബഹുമാനപ്പെട്ട ആരോഗ്യ ,വനിതാ ശിശുക്ഷേമകാര്യ മന്ത്രി കെ.കെ.ശൈലജ ടീച്ചറുടെയും അടിയന്തര ശ്രദ്ധക്ക് താഴെ പറയുന്നവർ സമർപ്പിക്കുന്ന പരാതി
കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ് നിയോജക മണ്ഡലത്തിൽപ്പെട്ട പാലത്തായിയിൽ ഒരു നാലാം ക്ലാസുകാരി പെൺകുട്ടി സ്വന്തം സ്കൂളിലെ അധ്യാപകനാൽ പീഡിപ്പിക്കപ്പെട്ടതായി മൊഴി നല്കി ,പോക്സോപ്രകാരം കേസെടുത്തിട്ട് 25 ദിവസങ്ങൾ കഴിഞ്ഞു.ബി.ജെ.പി. തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് പത്മരാജനാണ് പ്രതി.പോക്സോപ്രകാരം കേസെടുത്ത പ്രതിയെ ഉടൻ തന്നെ അറസ്റ്റ് ചെയ്യുന്നതിനു പകരം കുട്ടിയെ വീണ്ടും വീണ്ടും ചോദ്യം ചെയ്ത് മാനസികമായി തളർത്താനുള്ള ശ്രമമാണ് പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നത്.
ആദ്യം ചൈൽഡ് ലൈൻ അംഗങ്ങൾ വീട്ടിൽ വന്ന് മൊഴിയെടുത്തു. പിന്നീട് പാനൂർ പോലീസ് മൊഴിയെടുത്ത് FIR രെജിസ്റ്റർ ചെയ്തു. പിറ്റേന്ന് വൈദ്യ പരിശോധന നടത്തുകയും മട്ടന്നൂർ മജിസ്ട്രേറ്റ് കോടതിയിൽ കുട്ടിയെ ഹാജരാക്കി മജിസ്ട്രേറ്റിനു മുന്നിൽ മൊഴി കൊടുക്കുകയും ചെയ്തു. എന്നാൽ പ്രതിയെ അറസ്റ്റു ചെയ്യാതെ കുട്ടിയെ വീണ്ടും വീണ്ടും ചോദ്യം ചെയ്യുകയാണ് പിന്നീടുണ്ടായത്.
Dys pതന്നെ മാധ്യമങ്ങളോട് പ്രതി കുറ്റം ചെയ്തുവെന്ന് തെളിഞ്ഞതായി പറഞ്ഞിട്ടുണ്ട്. എന്നാൽ പല പ്രാവശ്യം DySP യും CI യും നാലാം ക്ലാസുകാരിയായ കുട്ടിയെ ചോദ്യം ചെയ്യുകയുണ്ടായി.പിന്നീട് മാർച്ച് 27 ന് കുട്ടിയുടെ മാനസിക നില പരിശോധിക്കണമെന്ന് പറഞ്ഞ് ലോക്ക് ഡൗൺ കാലത്ത് തന്നെ കോഴിക്കോട് പ്രശസ്തമായ മാനസികാരോഗ്യ കേന്ദ്രത്തിൽ കൊണ്ടുപോയി ഡോക്ടറെ കാണിച്ചത് കേസ് വഴിതിരിച്ചുവിടാനും പ്രതിയെ രക്ഷിക്കാനുമുള്ള ശ്രമത്തിൻ്റെ ഭാഗമായാണെന്ന് സംശയിക്കുന്നു.
വിദ്യാർത്ഥികളുടെ സംരക്ഷകരാകേണ്ട അധ്യാപകൻ തന്നെയാണ് പ്രതി സ്ഥാനത്ത് എന്നത് കുറ്റകൃ ത്യത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.
ലോക്ഡൗണിന്റെ പേര് പറഞ്ഞ് പ്രതിയെ അറസ്റ്റ് ചെയ്യാതിരിക്കുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. കുട്ടികൾക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങളിൽ എത്രയും വേഗം പ്രതിയെ അറസ്റ്റു ചെയ്ത് നിയമനടപടികൾ പൂർത്തിയാക്കണമെന്നിരിക്കെ പ്രതിയെ അറസ്റ്റു ചെയ്യാൻ പോലും തയ്യാറാകാത്തത് പ്രതിയെ രക്ഷിക്കാൻ വേണ്ടിയാണെന്ന് സംശയിക്കുന്നു. വാളയാർ
ആവർത്തിക്കാതിരിക്കാൻ ജാഗ്രത വേണം. എത്രയും പെട്ടെന്ന് പ്രതികളെ അറസ്റ്റു ചെയ്യാനുള്ള ഇടപെടലുകൾ മുഖ്യമന്ത്രിയുടെയും എം.എൽ.എയുടെയും ഭാഗത്ത് നിന്ന് ഉണ്ടാവണമെന്നും ,പ്രതിയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്ന പോലീസ് ഉദ്യേഗസ്ഥർക്കെതിരെ നടപടി വേണമെന്നും ഞങ്ങൾ ആവശ്യപ്പെടുന്നു.












Click it and Unblock the Notifications