സംഘ് പരിവാറിന്റെ ജീർണ്ണിച്ച പ്രത്യയശാസ്ത്രമാണ് ഇദ്ദേഹത്തേക്കൊണ്ട് ഇങ്ങനെയൊക്കെ പറയിപ്പിക്കുന്നത്: വിടി ബൽറാം
കൊച്ചി: ഗോത്ര വിഭാഗത്തിന്റെ ഉന്നമനത്തിന് ഉന്നതകുല ജാതൻ മന്ത്രിയാകണമെന്ന കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ വിവാദ പരാമർശത്തിന് പിന്നാലെ വിമർശനുവമായി വി ടി ബൽറാം. ഉന്നതകുലജാതർ എന്ന ഒരു വർഗം തന്നെയുണ്ടായത് മറ്റ് അധ്വാനിക്കുന്ന മനുഷ്യരെ നൂറ്റാണ്ടുകളോളം ചൂഷണം ചെയ്തിട്ടാണ് എന്ന് എത്ര തവണ പറഞ്ഞാലാണ് ഈ ചരിത്രബോധവിഹീനർക്ക് മനസ്സിലാവുക എന്ന് അദ്ദേഹം ചോദിച്ചു.
മനുസ്മൃതിയിലൂന്നിയ സംഘ് പരിവാറിന്റെ ജീർണ്ണിച്ച പ്രത്യയശാസ്ത്രമാണ് സുരേഷ് ഗോപിയെ കൊണ്ട് ഇങ്ങനെയൊക്കെ പറയിപ്പിക്കുന്നതെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ബൽറാം പറഞ്ഞു. എത്ര പേർ, എത്ര തവണ, എത്ര അവസരങ്ങളിൽ ഏതെല്ലാം രീതിയിൽ ചൂണ്ടിക്കാട്ടിയിട്ടും ഈപ്പറയുന്നതിലെയൊക്കെ മനുഷ്യവിരുദ്ധതയും പുളിച്ചു തികട്ടുന്ന സവർണ്ണതയും ഇദ്ദേഹത്തിന് മനസ്സിലാകുന്നില്ല എന്ന് വച്ചാൽ എന്ത് ചെയ്യാനാണെന്നും അദ്ദേഹം ചോദിച്ചു.

ഫേസ്ബുക്ക് കുറിപ്പ്:
ഇതെന്തൊരു കഷ്ടമാണ്! എത്ര പേർ, എത്ര തവണ, എത്ര അവസരങ്ങളിൽ ഏതെല്ലാം രീതിയിൽ ചൂണ്ടിക്കാട്ടിയിട്ടും ഈപ്പറയുന്നതിലെയൊക്കെ മനുഷ്യവിരുദ്ധതയും പുളിച്ചു തികട്ടുന്ന സവർണ്ണതയും ഇദ്ദേഹത്തിന് മനസ്സിലാകുന്നില്ല എന്ന് വച്ചാൽ എന്ത് ചെയ്യാനാണ്! "ഉന്നതകുലജാതർ" ഒരു സർക്കാർ വകുപ്പിന്റെയല്ല, ഈ നാടിന്റെ തന്നെ മൊത്തം അധികാരവും കയ്യാളി തന്നിഷ്ടത്തിനനുസരിച്ച് ഭരിച്ചിരുന്ന പഴയ രാജഭരണകാലത്തൊക്കെ ഇവിടത്തെ ദലിതർക്കും ആദിവാസികൾക്കുമൊക്കെ പിന്നെ സ്വർഗമായിരുന്നല്ലോ!
ഈ "ഉന്നതകുലജാതർ" എന്ന ഒരു വർഗം തന്നെയുണ്ടായത് മറ്റ് അധ്വാനിക്കുന്ന മനുഷ്യരെ നൂറ്റാണ്ടുകളോളം ചൂഷണം ചെയ്തിട്ടാണ് എന്ന് എത്ര തവണ പറഞ്ഞാലാണ് ഈ ചരിത്രബോധവിഹീനർക്ക് മനസ്സിലാവുക? മനുസ്മൃതിയിലൂന്നിയ സംഘ് പരിവാറിന്റെ ജീർണ്ണിച്ച പ്രത്യയശാസ്ത്രമാണ് ഇദ്ദേഹത്തേക്കൊണ്ട് ഇങ്ങനെയൊക്കെ പറയിപ്പിക്കുന്നത്.
ബഹുമാനപ്പെട്ട കേന്ദ്രമന്ത്രിക്ക് ഇടപെടാവുന്ന ചില കാര്യങ്ങൾ ധന്യാ രാമനെപ്പോലുള്ള ആക്ടിവിസ്റ്റുകൾ കൃത്യമായി ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇദ്ദേഹത്തിന്റെ വകുപ്പിന് കീഴിൽ കേരളത്തിൽത്തന്നെ പട്ടികജാതി/വർഗ്ഗക്കാർക്കായി 100ഓളം പെട്രോൾ പമ്പുകൾ അനുവദിച്ചിട്ടുണ്ട്. അതൊക്കെ ഇപ്പോൾ ആരാണ് കൈവശപ്പെടുത്തിയിരിക്കുന്നത് എന്നും ആദിവാസികളുടെ പേരിൽ ആരാണ് കോടിക്കണക്കിന് രൂപ ലാഭമുണ്ടാക്കിക്കൊണ്ടിരിക്കുന്നത് എന്നും ബഹു. കേന്ദ്രമന്ത്രി തന്റെ ഔദ്യോഗിക സംവിധാനങ്ങൾ വഴി കൃത്യമായി അന്വേഷിച്ച് നടപടി സ്വീകരിക്കാമോ?
ഇദ്ദേഹം മന്ത്രിയായതിന് ശേഷം അനുവദിച്ചവയാണ് ഈ എല്ലാ പമ്പുകളും എന്ന് പറയുന്നില്ല, എന്നാൽ നിലവിൽ ഇക്കാര്യത്തിൽ ഇടപെടാൻ അധികാരമുള്ളത് സ്വയം "ഉന്നതകുലജാതനാ"യ ഇദ്ദേഹത്തിനാണ്. എന്തെങ്കിലും നടപടി ഉണ്ടാവുമോ?












Click it and Unblock the Notifications