കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎമ്മിനെ ആരും ക്ഷണിച്ചിട്ടില്ല.. ശ്രമം ജീവിച്ചിരിക്കുന്നു എന്ന് തെളിയിക്കല്‍.. തുറന്നടിച്ച് ബൽറാം

Google Oneindia Malayalam News

കോഴിക്കോട്: സാമൂഹ്യമാധ്യമങ്ങളിൽ സജീവമായി നിലനിൽക്കുന്ന ജനപ്രതിനിധികളിൽ മുന്നിലുണ്ട് തൃത്താല എംഎൽഎ വിടി ബൽറാം. സോളാർ കേസുമായി ബന്ധപ്പെട്ട ഒരു കമന്റിന് എകെജിയെ അധിക്ഷേപിക്കുന്ന മറുപടി നൽകിയതിന്റെ ക്ഷീണം ബൽറാമിന് മാറി വരുന്നതേ ഉള്ളൂ. വിവാദം ആറിത്തുടങ്ങിയെങ്കിലും ബൽറാം പങ്കെടുക്കുന്ന പരിപാടികളിൽ സിപിഎം പ്രതിഷേധം ഉയർത്തുന്നുണ്ട്.

ജയമോളുടെ രഹസ്യങ്ങൾ തേടി പോലീസ്.. ഫോണിൽ വിളിച്ചത് ആരെയൊക്കെ? ഭർത്താവ് ജോബിനെ ആക്രമിക്കുന്നതും പതിവ്!ജയമോളുടെ രഹസ്യങ്ങൾ തേടി പോലീസ്.. ഫോണിൽ വിളിച്ചത് ആരെയൊക്കെ? ഭർത്താവ് ജോബിനെ ആക്രമിക്കുന്നതും പതിവ്!

എകെജി വിവാദത്തിന്റെ പശ്ചാത്തലത്തിൽ സോഷ്യൽ മീഡിയയിൽ നിന്നും ബൽറാം ചെറിയൊരു ഇടവേളയെടുത്തിരുന്നു. കോൺഗ്രസുമായി കൈകോർക്കണോ എന്ന കാര്യത്തിൽ സിപിഎമ്മിനകത്ത് സംവാദം പുകയുന്ന സാഹചര്യത്തിൽ പ്രതികരണവുമായി ബൽറാം രംഗത്ത് വന്നിട്ടുണ്ട്. സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് കൊണ്ടാണ് ഫേസ്ബുക്കിലെ ബൽറാമിന്റെ നീണ്ട കുറിപ്പ്.

പിന്തുണ ആവശ്യപ്പെട്ടിട്ടില്ല

പിന്തുണ ആവശ്യപ്പെട്ടിട്ടില്ല

ബൽറാം പറയുന്നത് ഇതാണ്: വരുന്ന പാർലമെന്റ്‌ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ സിപിഎമ്മിന്റെ പിന്തുണ ഇതുവരെ ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടില്ല. എന്നാൽ ഈ രാജ്യവും നമ്മുടെ രാഷ്ട്രസങ്കൽപ്പങ്ങളുടെ അടിത്തറയായ ഭരണഘടനാ മൂല്ല്യങ്ങളും വലിയ വെല്ലുവിളിയെ അഭിമുഖീകരിക്കുന്ന ഈ ഫാഷിസ്റ്റ്‌ കാലത്ത്‌ ചെറുതും വലുതുമായ എല്ലാ മതേതര കക്ഷികളുടേയും ഒരു ബൃഹദ്‌സഖ്യം ഉണ്ടായിവരണമെന്ന് കോൺഗ്രസ്‌ ആഗ്രഹിക്കുന്നുണ്ട്‌. ആ വിശാല മതേതര കൂട്ടായ്മക്ക്‌ നേതൃത്ത്വം നൽകാൻ പ്രായോഗികമായി ഇന്ന് കോൺഗ്രസിന്‌ മാത്രമേ കഴിയൂ എന്ന തിരിച്ചറിവിലാണ്‌‌ കോൺഗ്രസ്‌ മുന്നോട്ടുപോകുന്നതും അതിന്റെ പുറകിൽ ഇന്നാട്ടിലെ സാമാന്യബോധമുള്ളവർ അണിനിരക്കുന്നതും.

കോൺഗ്രസിന്റെ വെട്ടുവീഴ്ച

കോൺഗ്രസിന്റെ വെട്ടുവീഴ്ച

അധികാരം പങ്കുവെക്കലിന്റേതായ സ്വാർത്ഥതാത്പര്യങ്ങൾ മാറ്റിവെച്ച്‌ പൊതുലക്ഷ്യത്തിനായി വിട്ടുവീഴ്ച ചെയ്യുക എന്ന വിശാല കാഴ്ചപ്പാടാണ്‌ സമീപകാലത്തുടനീളം കോൺഗ്രസ്‌ കാഴ്ചവെക്കുന്നത്‌. ദേശീയതലത്തിൽ സംഘ്‌ പരിവാർ സർക്കാറിനെ താഴെയിറക്കാനുള്ള ഉത്തരവാദിത്തം മുന്നിൽ നിന്ന് ഏറ്റെടുക്കുമ്പോഴും വിവിധ സംസ്ഥാനങ്ങളിൽ പ്രാദേശിക പാർട്ടികൾക്ക്‌ അർഹിക്കുന്ന പ്രാധാന്യം നൽകി വിട്ടുവീഴ്ച ചെയ്യുന്ന കോൺഗ്രസിനേയാണ്‌ ബീഹാറിലും യുപിയിലുമൊക്കെ നമുക്ക്‌ കാണാനായത്‌.

യുക്തിസഹമായ അടവ് നയം

യുക്തിസഹമായ അടവ് നയം

വിവിധ സാമൂഹ്യ വിഭാഗങ്ങളെ കോർത്തിണക്കിയ ഗുജറാത്ത്‌ പരീക്ഷണവും ഈനിലയിലുള്ള നീക്കമായിരുന്നു. അത്തരം പരീക്ഷണങ്ങൾ എല്ലായിടത്തും പൂർണ്ണവിജയമായിരുന്നു എന്ന് പറയാൻ കഴിയില്ലായിരിക്കാം. അതതിടത്തെ പ്രാദേശിക നേതാക്കന്മാരുടെ എതിർപ്പും ആദ്യഘട്ടങ്ങളിൽ എല്ലായിടത്തും ഉണ്ടായിരുന്നു. എന്നാൽ ഇതുപോലൊരു ആസുരകാലത്ത്‌ ഉത്തരവാദിത്തമുള്ള ഒരു രാഷ്ട്രീയപാർട്ടിക്ക്‌ സ്വീകരിക്കാൻ കഴിയുന്ന യുക്തിസഹമായ "അടവുനയം" എന്താണെന്നതിനേക്കുറിച്ച്‌ കൃത്യമായ ഒരു സമീപനം കോൺഗ്രസ്‌‌ മുന്നോട്ടുവെക്കുന്നുണ്ട്‌.

പിന്തുണ കൊണ്ട് പ്രയോജനമില്ല

പിന്തുണ കൊണ്ട് പ്രയോജനമില്ല

കോൺഗ്രസിനോട്‌ കൂട്ടുചേരുന്നതിനേക്കുറിച്ച്‌ സിപിഎമ്മിനകത്ത്‌ നടക്കുന്ന അഭിപ്രായങ്ങളും അഭിപ്രായഭിന്നതകളുമൊക്കെ അവരുടെ മാത്രം കാര്യമാണ്‌. സിപിഎമ്മിന്റെ പിന്തുണകൊണ്ട്‌ കോൺഗ്രസ്സിന്‌ പ്രത്യേകിച്ച്‌ പ്രയോജനമൊന്നും കിട്ടാനില്ല എന്നതാണ്‌ വാസ്തവം. ത്രിപുരയിൽ ആകെയുള്ള 2 സീറ്റുകളിൽ സിപിഎമ്മിന്‌ വിജയം ആവർത്തിക്കാൻ കഴിഞ്ഞേക്കും. എന്നാൽ ദേശീയതലത്തിൽ ആ രണ്ട്‌ സീറ്റുകൾക്ക്‌ എത്ര പ്രാധാന്യമുണ്ടാകുമെന്ന് കണ്ടറിയേണ്ടിവരും.

കോൺഗ്രസിന്‌ നല്ലത്‌ മമത

കോൺഗ്രസിന്‌ നല്ലത്‌ മമത

ബംഗാളിൽ ജനങ്ങൾ വെറുത്ത സിപിഎമ്മിനേക്കാളും കോൺഗ്രസിന്‌ നല്ലത്‌ മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസുമായുള്ള സഖ്യം‌ തന്നെയാണ്‌.സ്വയം കോൺഗ്രസിന്‌ എത്ര സീറ്റുകൾ കിട്ടുന്നു എന്നത്‌ മാത്രമല്ല, മമത ബിജെപിക്കൊപ്പം പോകാതിരിക്കുന്നു എന്നുറപ്പ്‌ വരുത്താനും അതാണ്‌ നല്ലത്‌. കേരളത്തിലാവട്ടെ, സിപിഎമ്മിന്റെ മുഖ്യശത്രു ഇപ്പോഴും എപ്പോഴും കോൺഗ്രസ്‌ തന്നെയാണെന്ന് അവരുടെ സമീപനങ്ങളിൽ നിന്ന് മനസ്സിലാവുന്നു.

ജീവിച്ചിരിക്കുന്നു എന്ന് തെളിയിക്കാൻ

ജീവിച്ചിരിക്കുന്നു എന്ന് തെളിയിക്കാൻ

"ഏത്‌ ചെകുത്താനെ കൂട്ടുപിടിച്ചും കോൺഗ്രസിനെ തോൽപ്പിക്കും" എന്ന ഇഎംഎസിന്റെ പഴയ സിദ്ധാന്തത്തിന്റെ തുടർച്ചയാണ്‌ ഇന്നത്തെ സിപിഎമ്മും അതിന്റെ കേരളത്തിലെ നേതാക്കളും. അതുകൊണ്ട്‌ കോൺഗ്രസ്‌ ബന്ധത്തേക്കുറിച്ച്‌ സിപിഎം ഇടക്കിടെ നടത്തിവരുന്ന ചർച്ചകളും കോലാഹലങ്ങളുമൊക്കെ തങ്ങളിവിടെ ജീവിച്ചിരിക്കുന്നു എന്ന് തെളിയിക്കാനും മറ്റ്‌ എന്തിൽനിന്നൊക്കെയോ ജനശ്രദ്ധ തിരിക്കുന്നതിനുവേണ്ടിയുമുള്ള അവരുടെ കൗശലം മാത്രമാവാനേ തരമുള്ളൂ.

ശരിയായ നയം എവിടെ

ശരിയായ നയം എവിടെ

കോൺഗ്രസിനോട്‌ അയിത്തം പാലിക്കാൻ സിപിഎമ്മും അതിന്റെ ബുദ്ധിജീവികളും സ്ഥിരമായി പറയുന്ന കാരണമെന്നത്‌ കോൺഗ്രസിന്റെ "തെറ്റായ" സാമ്പത്തിക നയമാണെന്നതാണ്‌. ഏത്‌ കാലത്തും അവരുടെ പരാതി ഇത്‌ തന്നെയാണ്‌. എന്നാൽ എന്താണ്‌ ഇവർക്ക്‌ മുന്നോട്ടുവെക്കാനുള്ള "ശരിയായ" സാമ്പത്തിക നയം എന്നോ ലോകത്തെവിടെയാണ്‌ ആ നയങ്ങൾ വിജയകരമായി പ്രവർത്തിക്കുന്നത്‌ എന്നോ ഇന്ത്യൻ സാഹചര്യങ്ങളിൽ അത്‌ വിജയിക്കുമെന്നതിന്‌ എന്താണുറപ്പ്‌ എന്നോ ഒരിക്കലും ജനങ്ങൾക്ക്‌ മനസ്സിലാവുന്നമട്ടിൽ വിശദീകരിക്കാൻ അവർക്കായിട്ടില്ല.

ഇടതുപക്ഷം പരാജയം

ഇടതുപക്ഷം പരാജയം

സ്ഥിരം താത്വികവിശകലനങ്ങൾക്കും ബാലിശ ഒഴിവുകഴിവുകൾക്കും പ്രത്യയശാസ്ത്ര ഇരട്ടത്താപ്പുകൾക്കുമപ്പുറം പ്രായോഗികവും പ്രയോജനക്ഷമവുമായ ഒരു സമഗ്രസാമ്പത്തികനയം ഇന്ത്യയിലെ മാർക്സിസ്റ്റ്‌ ഇടതുപക്ഷത്തിന്‌ ഒരുകാലത്തും മുന്നോട്ടുവെക്കാൻ കഴിഞ്ഞിട്ടില്ല. ഇന്ന് ലോകത്തെവിടെയും മാർക്സിയൻ സാമ്പത്തികക്രമം വിജയകരമായി നിലനിൽക്കുന്നില്ല.ഇന്ത്യക്ക്‌ അനുയോജ്യം തുറന്നതും മത്സരോന്മുഖവും ന്യായമായ രീതിയിൽ മാത്രം റഗുലേറ്റ്‌ ചെയ്യപ്പെട്ടതുമായ ഒരു വിപണി സമ്പദ്‌വ്യവസ്ഥയാണ്‌ എന്നത്‌ തന്നെയാണ്‌ കോൺഗ്രസിന്റെ സാമ്പത്തിക കാഴ്ചപ്പാട്‌.

ആധുനിക ഇന്ത്യയുടെ സൃഷ്ടാക്കൾ

ആധുനിക ഇന്ത്യയുടെ സൃഷ്ടാക്കൾ

രാജീവ്‌ ഗാന്ധിയുടെ കാലത്ത്‌ തുടക്കം കുറിച്ചതെങ്കിലും പിന്നീട്‌ വന്ന നരസിംഹ റാവുവും ഡോ. മന്മോഹൻ സിംഗും ചേർന്ന് തൊണ്ണൂറുകളിൽ ഊർജ്ജിതമായി മുന്നോട്ടുകൊണ്ടുപോയ സാമ്പത്തിക പരിഷ്ക്കരണങ്ങളിൽ കോൺഗ്രസ്‌ അഭിമാനിക്കുന്നു. സമ്പൂർണ്ണ തകർച്ചയുടെ ഒരു ഘട്ടത്തിൽ നിന്ന് ലോകത്തെ ഏറ്റവും വികസ്വരമായ വലിയ സമ്പദ്‌വ്യവസ്ഥകളിലൊന്നായി, ഇന്ന് കാണുന്ന ആധുനിക ഇന്ത്യയെ സൃഷ്ടിച്ചത്‌ കോൺഗ്രസ്‌ തുടങ്ങിവെച്ച ആ പുതിയ സാമ്പത്തികനയങ്ങൾ തന്നെയാണ്‌.

പൊതുബോധം സൃഷ്ടിച്ചെടുത്തു

പൊതുബോധം സൃഷ്ടിച്ചെടുത്തു

ക്ഷേമപദ്ധതികളും അടിസ്ഥാനസൗകര്യവികസന പദ്ധതികളും ദാരിദ്ര്യനിർമ്മാർജ്ജന പദ്ധതികളുമൊക്കെ ആവിഷ്ക്കരിക്കാൻ നമുക്ക്‌ കഴിയുന്നത്‌ പുതിയ സാമ്പത്തികനയം ഇന്ത്യക്ക്‌‌ നൽകിയ സാമ്പത്തിക വളർച്ചയുടെ ഫലമായിട്ടാണ്‌. ഇതിനേക്കുറിച്ച്‌ വിശദീകരിക്കാനാണെങ്കിൽ ഏറെയുണ്ട്‌. എന്നാൽ ഈ സാമ്പത്തിക നയം എന്തോ വലിയ അബദ്ധമാണെന്ന ഒരു തെറ്റിദ്ധാരണാത്മകമായ പൊതുബോധം സൃഷ്ടിച്ചെടുക്കാൻ കേരളത്തിലെ സാമൂഹ്യ, സാംസ്ക്കാരിക, മാധ്യമ രംഗത്തെ മാർക്സിസ്റ്റ്‌ സൈദ്ധാന്തികന്മാർക്ക്‌ സാധിച്ചിട്ടുണ്ട്‌.

കരുത്താവുന്നത് ഈ നിശബ്ദത

കരുത്താവുന്നത് ഈ നിശബ്ദത

ഇതിനായി അവിടെനിന്നും ഇവിടെനിന്നുമൊക്കെ അടർത്തിമാറ്റിയെടുത്ത ചില കണക്കുകളൊക്കെ ഇക്കൂട്ടർ ഉപയോഗിക്കും.‌ അത്‌ തുറന്നുകാട്ടാനും പൊളിച്ചെഴുതാനും കോൺഗ്രസ്‌ നേതാക്കൾ പൊതുവെ താത്പര്യം കാണിക്കാറുമില്ല. അതുകൊണ്ടുതന്നെ കോൺഗ്രസിന്റെ മതേതരത്വം, ജനാധിപത്യം, ബഹുസ്വരത, എന്നിവയേക്കുറിച്ചൊക്കെ പാടിപ്പുകഴ്ത്തുന്നവർ പോലും സാമ്പത്തിക നയത്തിന്റെ കാര്യം വരുമ്പോൾ നൈസായി ഒഴിഞ്ഞുമാറുന്നതാണ്‌ പലപ്പോഴും കണ്ടുവരുന്നത്‌. മാർക്സിസ്റ്റ്‌ വാചാടോപത്തിന്‌ കരുത്ത്‌ പകരുന്നതും ഈ നിശബ്ദതയാണ്‌

അത് വെറും ഒഴിവുകഴിവ്

അത് വെറും ഒഴിവുകഴിവ്

കോൺഗ്രസിന്റേയും ബിജെപിയുടേയും സാമ്പത്തിക നയങ്ങൾ ഒരേമട്ടിലുള്ളതാണെന്ന് സിപിഎമ്മുകാരുടെ പതിവ്‌ ആക്ഷേപമാണ്‌. സിപിഎമ്മിനെ സംബന്ധിച്ച്‌ ഈ ന്യായങ്ങൾ കോൺഗ്രസിനൊപ്പം നിൽക്കാതിരിക്കാനുള്ള വെറും ഒഴിവുകഴിവ്‌ മാത്രമാണ്‌. കാരണം ഇന്ന് സിപിഎമ്മും ഒരുപരിധിവരെ സിപിഐയും ഒഴിച്ച്‌ ഇന്ത്യയിലെ മറ്റ്‌ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും വിശദാംശങ്ങളിൽ നേരിയ ഭിന്നത കാണുമെങ്കിലും പൊതുവായ സാമ്പത്തിക നയത്തേക്കുറിച്ച്‌ സമാനാഭിപ്രായമാണുള്ളത്‌.

ജയലളിതയുടെ നയമേത്

ജയലളിതയുടെ നയമേത്

അതുകൊണ്ടാണ്‌ തൊണ്ണൂറുകൾക്ക്‌ ശേഷം വന്ന എല്ലാ സർക്കാരുകളും കോൺഗ്രസ്‌ തുടങ്ങിവെച്ച സാമ്പത്തിക പരിഷ്ക്കാരങ്ങൾ മുന്നോട്ടുകൊണ്ടുപോയത്‌. കോൺഗ്രസിനും ബിജെപിക്കും ബദലായി സിപിഎം ഉണ്ടാക്കുമെന്ന് കിനാവ്‌ കാണുന്ന മതേതര മുന്നണിയിലെ മറ്റ്‌ ഏത്‌ കക്ഷിക്കാണ്‌ കോൺഗ്രസിന്റേതിൽ നിന്ന് അടിസ്ഥാനപരമായി വ്യത്യാസപ്പെട്ട സാമ്പത്തിക നയമുള്ളത്‌? കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സിപിഎം പ്രധാനമന്ത്രി സ്ഥാനത്തേക്ക്‌ ഉയർത്തിക്കാട്ടിയിരുന്ന ജയലളിതക്ക്‌ എന്താ മാർക്സിസ്റ്റ്‌ സാമ്പത്തിക നയമായിരുന്നോ ഉണ്ടായിരുന്നത്‌?

നയങ്ങളിൽ വലിയ വ്യത്യാസമുണ്ട്

നയങ്ങളിൽ വലിയ വ്യത്യാസമുണ്ട്

എല്ലാവരേയും ഉൾക്കൊള്ളാൻ ശ്രമിക്കുന്ന കോൺഗ്രസിന്റെ സാമ്പത്തിക നയങ്ങളും ഇന്നത്തെ ബിജെപി സർക്കാരിന്റെ നയങ്ങളും തമ്മിൽ പ്രത്യക്ഷത്തിൽത്തന്നെ വലിയ വ്യത്യാസങ്ങളുള്ളത്‌ സിപിഎമ്മിന്റെ മാത്രം കണ്ണിൽ പെടുന്നില്ല. ഇന്ന് ചുരുക്കം ചില കോർപ്പറേറ്റുകൾക്ക്‌ മാത്രം ഗുണം ചെയ്യുന്ന നരേന്ദ്രമോഡിയുടെ ക്രോണി കാപ്പിറ്റലിസം ഇന്ത്യയുടെ യഥാർത്ഥ സാമ്പത്തിക പരിഷ്ക്കരണത്തെയും സർവ്വാശ്ലേഷിയായ വളർച്ചയുടേയും താളം തെറ്റിക്കുന്നതാണ്‌.

മോദിയുടെ നയങ്ങൾ എതിർക്കപ്പെടേണ്ടത്

മോദിയുടെ നയങ്ങൾ എതിർക്കപ്പെടേണ്ടത്

മോഡി സർക്കാർ ചെറുകിട മേഖലയെ ഇല്ലാതാക്കുകയാണ്‌. ഇന്ത്യയിലെ സാധാരണ ജനങ്ങളെ മുന്നിൽക്കണ്ട്‌ യുപിഎ സർക്കാർ നടപ്പാക്കിയ അവകാശാധിഷ്ഠിത ക്ഷേമപദ്ധതികളും മോഡി സർക്കാർ ഏതാണ്ട്‌ ഇല്ലാതാക്കി. അതോടൊപ്പം നോട്ടുനിരോധനത്തിലൂടെയും ജിഎസ്‌ടിയിലൂടെയുമൊക്കെ ഒട്ടും ദീർഘവീക്ഷണമില്ലാതെ നടപ്പാക്കിയ നയവിഡ്ഢിത്തങ്ങളും കാര്യക്ഷമതാരാഹിത്യവും എതിർക്കപ്പെടേണ്ടതുണ്ട്‌.

പിന്തുണ ആരും ആവശ്യപ്പെട്ടില്ല

പിന്തുണ ആരും ആവശ്യപ്പെട്ടില്ല

എന്നാൽ ഇതിനർത്ഥം ഇന്ത്യയുടെ സാമ്പത്തിക ക്രമം പൂർണ്ണമായി മാറ്റി എന്നോ കാലഹരണപ്പെട്ട മാർക്സിയൻ സാമ്പത്തിക സമീപനങ്ങൾ സ്വീകരിക്കണം എന്നല്ല എന്ന് മാത്രം. അതുകൊണ്ട്‌ ചുരുക്കത്തിൽ, കോൺഗ്രസിനെ സിപിഎം പിന്തുണക്കണമെന്ന് ഞങ്ങളാരും ആവശ്യപ്പെടുന്നില്ല. അതിന്റെപേരിൽ ആ പാർട്ടി രണ്ടായി ചേരിതിരിയുന്നതിനും കോൺഗ്രസ്‌ ഉത്തരവാദിയല്ല.

സിപിഎം ചിലതോർക്കുന്നത് നന്ന്

സിപിഎം ചിലതോർക്കുന്നത് നന്ന്

പക്ഷേ രാജ്യചരിത്രത്തിന്റെ ഒരു നിർണ്ണായക നിമിഷത്തിലും സിപിഎമ്മിന്റെ നയങ്ങൾ തീരുമാനിക്കപ്പെടുന്നത്‌ വിശാലമായ ദേശീയതാത്പര്യങ്ങളുടെ അടിസ്ഥാനത്തിലല്ല, മറിച്ച്‌ അവരുടെ പ്രാദേശികമായ സങ്കുചിത രാഷ്ട്രീയ താത്പര്യങ്ങൾ വെച്ച്‌ മാത്രമാണെന്നത്‌ ഇന്നാട്ടിലെ ജനങ്ങൾക്ക്‌ മനസ്സിലാക്കാൻ കഴിയുന്നുണ്ട്‌ എന്ന് അവരോർക്കുന്നത്‌ നന്ന് എന്നാണ് വിടി ബൽറാം എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്.

English summary
VT Balram's facebook post against CPM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X