• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പിണറായിയുടെ 20,000 കോടി കൊറോണ പാക്കേജ് പൊളിച്ച് ബൽറാം! സാമാന്യ മര്യാദയുടെ പരിധി വിടുന്നു!

തിരുവനന്തപുരം: കൊറോണയെ പ്രതിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക പാക്കേജോ പദ്ധതികളോ പ്രഖ്യാപിക്കുമെന്ന് കരുതിയവരെ നിരാശപ്പെടുത്തുന്നമായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം. ജനങ്ങളെടുക്കേണ്ട കരുതലുകളിലൂന്നിയായിരുന്നു മോദിയുടെ പ്രസംഗം.

അതേസമയം കേരളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ 20000 കോടിയുടെ പ്രത്യേക കൊറോണ പാക്കേജ് പ്രഖ്യാപിച്ച് കയ്യടി നേടി. സോഷ്യല്‍ മീഡിയയില്‍ മോദിയേയും പിണറായിയേയും താരതമ്യം ചെയ്ത് വന്‍ ചര്‍ച്ചയും നടക്കുന്നു. എന്നാല്‍ കേരളത്തിന്റെ കൊറോണ പാക്കേജ് വെറും കബളിപ്പിക്കലാണ് എന്നാണ് കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാമിന്റെ ആരോപണം. യഥാര്‍ത്ഥത്തില്‍ 700 കോടി മാത്രമാണ് ജനങ്ങള്‍ക്ക് കൊറോണയുമായി ബന്ധപ്പെട്ട് അധികസഹായമായി ലഭിക്കുന്നതെന്ന് ബല്‍റാം കണക്കുകള്‍ നിരത്തുന്നു. എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

രാഷ്ട്രീയ നാടകം

രാഷ്ട്രീയ നാടകം

''അൽപ്പം രാഷ്ട്രീയം പറയാൻ തന്നെയാണ് തീരുമാനം. കാരണം കൊറോണയുമായി ബന്ധപ്പെട്ട കേരളീയ ജനതയുടെ പൊതുവികാരത്തെ ചൂഷണം ചെയ്ത് രാഷ്ട്രീയ നാടകം നടത്താനുള്ള പിണറായി വിജയൻ സർക്കാരിന്റെ നിരന്തര പരിശ്രമങ്ങൾ സാമാന്യ മര്യാദയുടെ പരിധി വിടുകയാണ്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഇന്നലത്തെ "20,000 കോടിയുടെ കൊറോണ പാക്കേജ്" പ്രഖ്യാപനം.

പാക്കേജുകൾ പ്രഖ്യാപിക്കുന്നത് ഈ സർക്കാരിന് ഒരു ഹരമാണ്. കുട്ടനാട് പാക്കേജും ഇടുക്കി പാക്കേജും വയനാട് പാക്കേജും ഓഖി പാക്കേജും തീരദേശ പാക്കേജും ഒന്നാം പ്രളയ പാക്കേജും രണ്ടാം പ്രളയ പാക്കേജുമൊക്കെ ഇങ്ങനെ ഓരോ കാലത്ത് പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്.

 വെറും പാക്കേജിംഗ് മാത്രം

വെറും പാക്കേജിംഗ് മാത്രം

മുൻപെല്ലാം ധനമന്ത്രി തോമസ് ഐസക്കാണ് ഈ അതിബുദ്ധിയുടെ ഉടമയായി രംഗത്തുവരാറുള്ളത്. ഇത്തവണ മുഖ്യമന്ത്രി പിണറായി വിജയൻ അത് നേരിട്ട് ഏറ്റെടുത്തു എന്നേയുള്ളൂ. സാധാരണ ഗതിയിൽ സർക്കാർ ഓരോ മേഖലയിലും ചെലവഴിക്കുന്ന തുകക്ക് പുറമേ ഒരു പ്രത്യേക സാഹചര്യത്തെ നേരിടാൻ അധികമായി ചെലവഴിക്കുന്ന തുക എന്നാണ് നമ്മൾ പാക്കേജു കൊണ്ട് പൊതുവിൽ അർത്ഥമാക്കുന്നത്. എന്നാൽ ഈ സർക്കാരിന്റെ പാക്കേജുകൾ ഒന്നും അത്തരത്തിലുള്ളവയല്ല, അവ വെറും പാക്കേജിംഗ് മാത്രമാണ്.

പതിവ് പദ്ധതികൾ കൂട്ടിച്ചേർത്ത്

പതിവ് പദ്ധതികൾ കൂട്ടിച്ചേർത്ത്

പല സർക്കാർ വകുപ്പുകളും അവരുടെ പതിവ് പദ്ധതികൾക്കായി ചെലവിടുന്ന തുകകൾ ഒന്നുകൂടി ചേർത്തെഴുതി ഒരു പാക്കേജായി വീണ്ടും പ്രഖ്യാപിക്കുകയാണ്. ഉദാഹരണത്തിന് ഇക്കഴിഞ്ഞ ബജറ്റിൽ ധനമന്ത്രി പ്രഖ്യാപിച്ചിരുന്ന 5000 കോടിയുടെ തീരദേശപാക്കേജ്. ഇതിലുള്ളത് മഹാഭൂരിപക്ഷവും തീരദേശവുമായി ബന്ധപ്പെട്ട മത്സ്യ ബന്ധന, ഹാർബർ വകുപ്പുകളുടെ പതിവ് ബജറ്റ് വിഹിത പദ്ധതികളാണ്. കൂടാതെ പൊതുവിദ്യാഭ്യാസ വകുപ്പ് എല്ലായിടത്തേക്കുമായുള്ള പദ്ധതിയായി വേറെ പ്രഖ്യാപിച്ച സ്ക്കൂൾ നവീകരണത്തിലെ തീരദേശത്തെ സ്ക്കൂളുകളുടെ പ്രത്യേക ലിസ്റ്റ് തീരദേശ പാക്കേജിൽ വീണ്ടും ഉൾപ്പെടുത്തിയിരിക്കുന്നു.

14,000 കോടിയും കുടിശ്ശിക തീർക്കാൻ

14,000 കോടിയും കുടിശ്ശിക തീർക്കാൻ

തീരദേശത്തെ ലൈഫ് വീടുകൾ പാക്കേജിലും ആവർത്തിക്കപ്പെടുന്നു. കിഫ്ബി പദ്ധതിയായി പ്രഖ്യാപിക്കപ്പെട്ട കോസ്റ്റൽ ഹൈവേ തീരദേശ പാക്കേജിലും ആവർത്തിക്കപ്പെടുന്നു. ആകെയുള്ള 550 കിലോമീറ്ററിൽ സ്ഥലമെടുപ്പ് പ്രശ്നങ്ങൾ മൂലം 12 കിലോമീറ്ററിന്റെ ഒരു റീച്ച് മാത്രമാണ് ഇപ്പോൾ സർക്കാരിന്റെ അജണ്ടയിൽത്തന്നെ ഉള്ളൂ. 20,000 കോടിയുടെ കൊറോണ

പാക്കേജിന്റെ കാര്യം ഇതിലും രസമാണ്. ഇതിലെ 14,000 കോടിയും സർക്കാരിന്റെ കഴിഞ്ഞ വർഷത്തെ പ്രവൃത്തികൾ ഏറ്റെടുത്ത് ബില്ല് സമർപ്പിച്ച കരാറുകാരുടെ കുടിശ്ശിക തീർക്കാനാണ്.

 കുത്തഴിഞ്ഞ സാമ്പത്തിക മാനേജ്മെൻറ്

കുത്തഴിഞ്ഞ സാമ്പത്തിക മാനേജ്മെൻറ്

സർക്കാരിന്റെ കുത്തഴിഞ്ഞ സാമ്പത്തിക മാനേജ്മെൻറ് മൂലമുണ്ടായ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയും ട്രഷറി നിയന്ത്രണവും കാരണം ഇക്കഴിഞ്ഞ നവംബർ മാസം മുതൽ വെറും അമ്പതിനായിരം രൂപയിൽത്താഴെയുള്ള ചെറിയ ചെക്കുകൾക്ക് മാത്രമേ ട്രഷറി വഴി പണം നൽകുന്നുള്ളൂ. കിട്ടാനുള്ള കോടികളുടെ കുടിശ്ശിക കാരണം പണികൾ ബഹിഷ്ക്കരിച്ച് കരാറുകാർ സമരത്തിലുമാണ്. ഇവർക്ക് നേരത്തേ മുതൽ നൽകിയ ഉറപ്പാണ് പുതിയ സാമ്പത്തിക വർഷം ആരംഭിക്കുന്ന ഏപ്രിൽ മാസത്തിൽ പണം നൽകാമെന്നത്.

കൊറോണയുമായി യാതൊരു ബന്ധവുമില്ല

കൊറോണയുമായി യാതൊരു ബന്ധവുമില്ല

കാരണം, ഈ സാമ്പത്തിക വർഷത്തിൽ സർക്കാരിന് കടമെടുക്കാവുന്ന പരമാവധി പരിധി പൂർത്തിയായിക്കഴിഞ്ഞു. പുതിയ സാമ്പത്തിക വർഷം ഏതാണ്ട് 29,000 കോടി കടമെടുക്കാൻ അനുവാദമുണ്ട്. അതിലെ ആദ്യ മൂന്ന് ക്വാർട്ടറിലെ കടം ഒരുമിച്ചെടുത്ത് കരാറുകാരുടെ കുടിശ്ശിക തീർക്കും. ധനമന്ത്രി എത്രയോ മുൻപ് നിയമസഭയിലടക്കം പ്രഖ്യാപിച്ച കാര്യമാണിത്. ഇതിന് കൊറോണയുമായി യാതൊരു ബന്ധവുമില്ല. തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട 1000 കോടിയുടേയും അവസ്ഥ ഇതുതന്നെയാണ്.

വലിയ കബളിപ്പിക്കൽ

വലിയ കബളിപ്പിക്കൽ

പുതിയ സാമ്പത്തിക വർഷത്തിൽ സ്വാഭാവികമായിത്തന്നെ നടക്കേണ്ടവയാണവ. വർഷം മുഴുവനായി ഏതാണ്ട് 3000 കോടിയാണ് കേരളത്തിന് അനുവദിക്കപ്പെട്ടിരിക്കുന്നത്. മാത്രവുമല്ല, സോഷ്യൽ ഡിസ്റ്റൻസിംഗ് കൂടുതൽ കർശനമാക്കേണ്ടി വന്നാൽ തൊഴിലുറപ്പ് പദ്ധതി അടക്കം താത്കാലികമായി നിർത്തി വക്കേണ്ടതായും വരും. ക്ഷേമപെൻഷനുകളുടെ കാര്യത്തിലെ പ്രഖ്യാപനം ഇതിലും വലിയ കബളിപ്പിക്കലാണ്. ഏപ്രിൽ മാസത്തിലെ പെൻഷൻ മുൻകൂറായി നൽകുന്നതടക്കം 2 മാസത്തെ പെൻഷൻ ഒരുമിച്ച് നൽകുമെന്നാണ് പ്രഖ്യാപനം.

വലിയ കാര്യമായി കൊട്ടിഘോഷിക്കുന്നു

വലിയ കാര്യമായി കൊട്ടിഘോഷിക്കുന്നു

കേട്ടാൽ തോന്നും ഫെബ്രുവരി വരെയുള്ളത് കൊടുത്തു എന്നും ഇനി മാർച്ച്, ഏപ്രിൽ മാത്രമേ നൽകാൻ ബാക്കിയുള്ളൂ എന്നും. എന്നാൽ യാഥാർത്ഥ്യമെന്താണ്? കഴിഞ്ഞ സെപ്തംബർ വരെയുള്ള പെൻഷൻ മാത്രമേ കൊടുത്തിട്ടുള്ളൂ. മാർച്ച് അടക്കം ആറ് മാസത്തെ പെൻഷൻ കുടിശ്ശികയാണ്. എന്നിട്ടാണ് അതിൽ രണ്ട് മാസത്തേത് കൊടുക്കുന്നത് വലിയ കാര്യമായി കൊട്ടിഘോഷിക്കുന്നത്. കുടുംബശ്രീ ലോണുകളുടെ പലിശക്ക് വേണ്ടി ഒരു രൂപ പോലും നീക്കി വക്കാത്തതിനാൽ അതും ഒരധിക സഹായമായി കാണാനാവില്ല.

700 കോടി മാത്രം

700 കോടി മാത്രം

ആരോഗ്യ വകുപ്പിനുള്ള അധിക സഹായമായ 500 കോടി, എപിഎൽ, ബിപിഎൽ വ്യത്യാസമില്ലാതെ എല്ലാവർക്കും സൗജന്യ റേഷൻ നൽകാൻ വേണ്ടിയുള്ള 100 കോടി, അന്ത്യോദയ കുടുംബങ്ങൾക്കുള്ള 1000 രൂപ ധന സഹായത്തിനുള്ള ഏതാണ്ട് 60 കോടി, ടാക്സികൾക്ക് മോട്ടോർ വാഹന നികുതി ഇളവായ 24 കോടി രൂപ എന്നിവയടക്കം എതാണ്ട് 700 കോടിയാണ് യഥാർത്ഥത്തിൽ കൊറോണയുമായി ബന്ധപ്പെട്ട് അധിക സഹായമായി ജനങ്ങൾക്ക് ലഭിക്കുന്നത്. അതിനേയാണ് 20,000 കോടിയായി പാക്കേജിംഗിലൂടെ അവതരിപ്പിക്കപ്പെടുന്നത്.

പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും

പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും

ഏറെ പ്രതീക്ഷയർപ്പിച്ചിട്ടും തീർത്തും നിരാശാജനകമായി കൈകൊട്ടിക്കളിയിലും ദഫ്മുട്ടിലും പര്യവസാനിച്ച പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽ നിന്ന് വ്യത്യസ്തമായി ജനങ്ങൾ കൊറോണ മൂലം സാമ്പത്തികമായി ബുദ്ധിമുട്ടുന്നുണ്ടെന്ന് അംഗീകരിക്കുകയെങ്കിലും ചെയ്തെന്ന കാര്യത്തിൽ കേരള മുഖ്യമന്ത്രി തീർച്ചയായും അഭിനന്ദനമർഹിക്കുന്നുണ്ട്. എന്നാൽ അതിനപ്പുറത്ത് ഒരു യാഥാർത്ഥ്യബോധവുമില്ലാത്ത വലിയ വലിയ കള്ളക്കണക്കുകൾ പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുന്നത് ഇതുപോലൊരു സാഹചര്യത്തിൽ ഒട്ടും ഉചിതമല്ല. വ്യാജമായ പ്രതിച്ഛായാ നിർമ്മിതിക്കല്ല, ജനങ്ങളോട് കാര്യങ്ങൾ സത്യസന്ധമായി തുറന്നു പറയാനാണ് ഈ സമയത്തെങ്കിലും ഭരണാധികാരികൾ തയ്യാറാവേണ്ടത്''.

English summary
VT Balram MLA against Corona Package of State Government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X