കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യദ്രോഹിയാകാനുള്ള എല്ലാ സാധ്യതയുമുണ്ട്, എന്നാലും പറയട്ടെ, എംപി ഫണ്ട് മരവിപ്പിച്ചതിനെതിരെ ബല്‍റാം

Google Oneindia Malayalam News

തിരുവനന്തപുരം: കൊറോണ വൈറസ് രോഗം വ്യാപിച്ച പശ്ചാത്തലത്തില്‍ കൂടുതല്‍ ഫണ്ട് കണ്ടെത്തുന്നതിന്റെ ഭാഗമായി പാര്‍ലമെന്റംഗങ്ങളുടെയും മന്ത്രിമാരുടെയും ശമ്പളം 30 ശതമാനം കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചിരുന്നു. എംപിമാരുടെ വികസന ഫണ്ട് രണ്ട് വര്‍ഷത്തേക്ക് മരവിപ്പിക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട ഓര്‍ഡിനന്‍സ് കേന്ദ്രമന്ത്രിസഭ പാസാക്കി. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, മന്ത്രിമാര്‍, ഗവര്‍ണര്‍മാര്‍ എന്നിവരുടെ ശമ്പളവും 30 ശതമാനം കുറച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗമാണ് നിര്‍ണായകമായ തീരുമാനം എടുത്തത്.

എംപിമാരുടെ മണ്ഡല വികസന ഫണ്ട് മരവിപ്പിക്കുകയും ആ പണം സര്‍ക്കാരിന്റെ കൊറോണ പ്രതിരോധ ഫണ്ടിലേക്ക് മാറ്റുകയും ചെയ്യും. ഇപ്പോഴിതാ കേന്ദ്രതീരുമാനത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് വിടി ബല്‍റാം എംഎല്‍എ. ആരോഗ്യമേഖലക്ക് കൂടുതല്‍ പണം കണ്ടെത്തുന്നതിനായി കേന്ദ്രത്തിന് വേണമെങ്കില്‍ നമ്മുടെ ഭീമമായ പ്രതിരോധ ബജറ്റില്‍ താല്‍ക്കാലികമായ ഒരു ചെറിയ വെട്ടിക്കുറവ് ആലോചിക്കാവുന്നതാണെന്നും പുതിയ ആയുധങ്ങള്‍ വാങ്ങുന്നത് ഒരു വര്‍ഷം നീട്ടിവക്കുന്ന കാര്യവും പരിശോധിക്കാവുന്നതാണെന്നും ബല്‍റാം പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലാണ് ബല്‍റാമിന്റെ വിമര്‍ശനം. കുറിപ്പ് വായിക്കാം.

നൂലാമാലകളും ചുവപ്പുനാടകളും

നൂലാമാലകളും ചുവപ്പുനാടകളും

അത്യാവശ്യ ഘട്ടങ്ങളില്‍ ഉപകരിക്കാന്‍ കഴിയുന്ന തരത്തില്‍ നൂലാമാലകളും ചുവപ്പുനാടകളും പരമാവധി കുറഞ്ഞ ഒരു വിഭവ സാധ്യത എന്നതാണ് എംപി/എംഎല്‍എ ഫണ്ടുകളുടെ ഏറ്റവും പ്രധാന മേന്മ. കേന്ദ്ര, സംസ്ഥാന ഗവണ്‍മെന്റുകളാവട്ടെ പഞ്ചായത്തുകളാവട്ടെ, അവര്‍ സാമ്പത്തിക വര്‍ഷാരംഭത്തില്‍ ബജറ്റ് അവതരിപ്പിച്ച് പദ്ധതികള്‍ക്ക് രൂപം നല്‍കിക്കഴിഞ്ഞാല്‍ പിന്നെ അതില്‍ മാറ്റങ്ങള്‍ വരുത്തുക പ്രായോഗികമായി വലിയ ബുദ്ധിമുട്ടാണ്. പിന്നീടുള്ള മാസങ്ങളില്‍ ഇടക്ക് വരുന്ന അത്യാവശ്യങ്ങള്‍ക്ക് പ്രാദേശികമായി ചെറിയ ഫണ്ടുകള്‍ അനുവദിക്കാന്‍ സാധിക്കുക എംപി/എംഎല്‍എ ഫണ്ടുകളില്‍ നിന്നാണ്.

എം പി ഫണ്ട്

എം പി ഫണ്ട്

കേരളത്തില്‍ത്തന്നെ ഇപ്പോള്‍ നമ്മള്‍ കണ്ടത് കോവിഡ് പരിശോധനക്ക് വേണ്ട റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ ആദ്യമായി ഇവിടെ എത്തിച്ചത് ശശി തരൂര്‍ എം പിയുടെ എം പി ഫണ്ടില്‍ നിന്നാണ്. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും സംസ്ഥാന സര്‍ക്കാരിന്റെ ആരോഗ്യ വകുപ്പ് എന്ന ഔദ്യോഗിക സംവിധാനത്തിന് ഇപ്പോഴും വേണ്ട രീതിയില്‍ കിറ്റുകള്‍ എത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. വിവിധ ആശുപത്രികളില്‍ വെന്റിലേറ്റര്‍/ഐസിയു സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിലും എം പി ഫണ്ടുകളാണ് കൂടുതല്‍ പ്രയോജനപ്പെട്ടത്.

വികേന്ദ്രീകൃത സംവിധാനം

വികേന്ദ്രീകൃത സംവിധാനം

എംപി/എംഎല്‍എ ഫണ്ടുകള്‍ താരതമ്യേന ഒരു വികേന്ദ്രീകൃത സംവിധാനമാണ്. ഭരിക്കുന്നവരുടെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്കപ്പുറം ഒരോ പ്രദേശത്തും ചില മിനിമം വികസനമെങ്കിലും ഉറപ്പുവരുത്താന്‍ ഇതുമൂലം കഴിയും. ഇപ്പോള്‍ത്തന്നെ കൊറോണ ദുരിതാശ്വാസത്തിന്റെ ഭാഗമായി കേന്ദ്രം തുക വീതം വച്ചപ്പോള്‍ കേരളത്തിന് അര്‍ഹമായ തുക ലഭിച്ചില്ല എന്ന അവസ്ഥയുണ്ട്.

 സര്‍ക്കാരിന്റെ കയ്യിലുണ്ട്

സര്‍ക്കാരിന്റെ കയ്യിലുണ്ട്

ഒരു വര്‍ഷം ഏതാണ്ട് 25 ലക്ഷം കോടിയുടേയോ മറ്റോ ബജറ്റാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നത്. എംപി ഫണ്ട് രണ്ട് വര്‍ഷത്തേക്ക് 7500 കോടിയോളമാണെന്ന് കാണുന്നു. ഇത് മൊത്തം ബജറ്റിന്റെ 0.15 ശതമാനം മാത്രമേ വരൂ. ഇതില്‍ കൈവച്ചില്ലെങ്കിലും 99.85% പിന്നെയും സര്‍ക്കാരിന്റെ കയ്യിലുണ്ട്.

രാജ്യദ്രോഹി

രാജ്യദ്രോഹി

രാജ്യദ്രോഹിയാകാനുള്ള എല്ലാ സാധ്യതയുമുണ്ടെന്ന് അറിഞ്ഞുകൊണ്ട് തന്നെ വ്യക്തിപരമായ ഒരു അഭിപ്രായം പറയട്ടെ, ആരോഗ്യമേഖലക്ക് കൂടുതല്‍ പണം കണ്ടെത്തുന്നതിനായി കേന്ദ്രത്തിന് വേണമെങ്കില്‍ നമ്മുടെ ഭീമമായ പ്രതിരോധ ബജറ്റില്‍ താല്‍ക്കാലികമായ ഒരു ചെറിയ വെട്ടിക്കുറവ് ആലോചിക്കാവുന്നതാണ്. പുതിയ ആയുധങ്ങള്‍ വാങ്ങുന്നത് ഒരു വര്‍ഷം നീട്ടിവക്കുന്ന കാര്യവും പരിശോധിക്കാവുന്നതാണ്. സൈനിക ശക്തിയില്‍ പാക്കിസ്ഥാനുമായുള്ള താരതമ്യത്തില്‍ നമുക്ക് നല്ല മേല്‍ക്കൈ ഉണ്ട്, ചൈനയുടെയാണെങ്കില്‍ നമ്മളെത്ര തുക ചെലവഴിച്ചാലും അവരുടെ ഏഴയലത്ത് എത്തുകയുമില്ല. ഏതായാലും മനുഷ്യരുണ്ടായാലല്ലേ അതിര്‍ത്തികള്‍ സംരക്ഷിച്ചിട്ട് കാര്യമുള്ളൂ!

English summary
VT Balram MLA Against Ordinance Passed To Cut MP Fund
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X