കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൻകിട മുതലാളിമാരെ തഴുകിത്തലോടി; ഇതെന്ത് തലതിരിഞ്ഞ സർക്കാരാണ്? വീണ്ടും വിടി ബൽറാം!

Google Oneindia Malayalam News

തിരുവനന്തപുരം: രണ്ട് പ്രളയങ്ങളും പിന്നാലെ കൊവിഡും ബാധിച്ചതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. സര്‍ക്കാര്‍ ജീവനക്കാരോട് അതുകൊണ്ട് തന്നെ സാലറി ചലഞ്ചിനും ആഹ്വാനം ചെയ്തിട്ടുണ്ട്. സാലറി ചലഞ്ചിനെ രൂക്ഷമായി എതിര്‍ത്ത് വിടി ബല്‍റാം എംഎല്‍എ രംഗത്ത് വന്നിരുന്നു.

കൊറോണ കാലത്ത് സര്‍ക്കാരിന് അധിക സാമ്പത്തിക ചിലവ് വരുന്നില്ല എന്നാണ് ബല്‍റാമിന്റെ വാദം. ജനങ്ങള്‍ക്ക് 400 കോടിയുടെ ആനുകൂല്യം നല്‍കാന്‍ എന്തിനാണ് 3200 കോടി പിരിച്ചെടുക്കുന്നത് എന്നും എംഎല്‍എ ചോദിക്കുകയുണ്ടായി. വൻകിട മുതലാളിമാരെ തഴുകിത്തലോടി മാസശമ്പളക്കാരെ മാത്രം വേട്ടയാടുന്നതാണോ ഈ സർക്കാരിൻ്റെ ജനപക്ഷ ഇടതു ബദൽ എന്നാണ് എംഎൽഎയുടെ ചോദ്യം. ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

തെറിയഭിഷേകം മാറ്റിവച്ചാൽ

തെറിയഭിഷേകം മാറ്റിവച്ചാൽ

'' സാലറി ചലഞ്ചിനേക്കുറിച്ചുള്ള എൻ്റെ ഇന്നലത്തെ പോസ്റ്റിൽ സിപിഎമ്മുകാരുടെ പതിവ് തെറിയഭിഷേകം മാറ്റിവച്ചാൽ കാമ്പുള്ള ചുരുക്കം എതിർവാദങ്ങൾ മാത്രമാണ് ഉയർന്നുവന്നത്: ഒന്ന് ) ലോക്ക്ഡൗൺ മൂലം സർക്കാരിൻ്റെ നികുതി വരുമാനം കുറയുമെന്നതിനാൽ അത് നികത്താൻ സാലറി ചലഞ്ചിലൂടെ ഉദ്യോഗസ്ഥർ കടന്നു വരണം. രണ്ട്) കോവിഡ് ടെസ്റ്റിംഗിനും മറ്റുമായി ആരോഗ്യമേഖലയിൽ കൂടുതൽ ചെലവ് ഉണ്ടാകും. ഇവയ്ക്കും മറ്റ് പ്രസക്തമായ വിഷയങ്ങൾക്കുമുള്ള എൻ്റെ പ്രതികരണം താഴെക്കൊടുക്കുന്നു:

പ്രളയ, കൊറോണ സാലറി ചലഞ്ചുകൾ

പ്രളയ, കൊറോണ സാലറി ചലഞ്ചുകൾ

1) പ്രളയ, കൊറോണ സാലറി ചലഞ്ചുകളിലെ വ്യത്യാസത്തേക്കുറിച്ച് ഞാൻ നേരത്തെ പറഞ്ഞത് തന്നെയാണ് സർക്കാർ പക്ഷക്കാരും ഭംഗ്യന്തരേണ സമ്മതിക്കുന്നത്. ഒറ്റ വാചകത്തിൽപ്പറഞ്ഞാൽ പ്രളയകാലത്തെ സംഭാവനകൾ ദുരിതത്തിൽപ്പെട്ട ജനങ്ങളെ സഹായിക്കാൻ വേണ്ടിയായിരുന്നു, എന്നാൽ ഇപ്പോഴത്തെ സാലറി ചലഞ്ച് സർക്കാരിനെ സഹായിക്കാൻ വേണ്ടിയാണ്. അതായത്, പ്രളയകാലത്ത് സർക്കാർ ജീവനക്കാരാവട്ടെ മറ്റുള്ളവരാവട്ടെ, അവർ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ സംഭാവനകൾ തിരിച്ച് പാവപ്പെട്ട ജനങ്ങളിലേക്ക് സഹായമായി ഒഴുകിയെത്തുമെന്ന പ്രതീക്ഷയെങ്കിലുമുണ്ടായിരുന്നു. (അതിൻ്റെ വകമാറ്റിച്ചെലവഴിക്കലും സിപിഎമ്മുകാരുടെ മോഷണവുമൊക്കെ തൽക്കാലം ചർച്ച ചെയ്യുന്നില്ല). എന്നാൽ കൊറോണക്കാലത്തെ സംഭാവനയിൽ നിന്ന് അങ്ങനെ നമ്മുടെ സഹജീവികൾക്ക് നേരിട്ടുള്ള പ്രയോജനമൊന്നും സർക്കാർ വഴി ലഭിക്കാൻ പോകുന്നില്ല.

ഉത്തരവാദിത്തം ആരാണ് വഹിക്കേണ്ടത്

ഉത്തരവാദിത്തം ആരാണ് വഹിക്കേണ്ടത്

2) ഇനി സർക്കാരിൻ്റെ വരുമാന നഷ്ടം എന്ന വിഷയത്തിലേക്ക് തന്നെ വരാം. നികുതി വരുമാനം കുറയുമെന്നത് അംഗീകരിക്കുന്നു. എന്നാൽ ഇതിൻ്റെ ഉത്തരവാദിത്തം ആരാണ് വഹിക്കേണ്ടത്, ഉദ്യോഗസ്ഥർ മാത്രമാണോ? സർക്കാരിൻ്റെ ധൂർത്ത്, പാഴ്ച്ചെലവ്, രാഷ്ട്രീയ പ്രേരിതച്ചെലവുകൾ, പ്രചരണച്ചെലവുകൾ എന്നിവയിൽ ഒരു രൂപയുടെ എങ്കിലും വെട്ടിക്കുറവ് വരുത്താൻ ഇതുവരെ തയ്യാറായിട്ടുണ്ടോ? അതൊക്കെ "മുറ പോലെ തുടരും" എന്ന ധാർഷ്ഠ്യ സ്വരമല്ലേ മുഖ്യമന്ത്രി ഇപ്പോഴും പ്രകടിപ്പിക്കുന്നത്? പാഴ്ചെലവും ധൂർത്തും ഇല്ലാതാക്കിക്കൊണ്ട് സിംബോളിക് ആയെങ്കിലും സർക്കാർ ആദ്യം മാതൃക കാണിക്കണം. ഏറ്റവും ചെറിയ കാര്യങ്ങൾ പോലും ശ്രദ്ധിക്കുന്നു എന്ന് പാടിപ്പുകഴ്ത്തപ്പെടുന്ന മുഖ്യമന്ത്രി സ്വന്തം സർക്കാരിൻ്റെ അനാവശ്യച്ചെലവുകൾ കാണുന്നില്ല എന്ന് മാത്രമല്ല, ചൂണ്ടിക്കാട്ടിയാലും അതംഗീകരിക്കുന്നില്ല എന്നത് ഏറെ ദൗർഭാഗ്യകരമാണ്.

വലിയ തോതിലുള്ള പണച്ചെലവ് ഉണ്ടോ

വലിയ തോതിലുള്ള പണച്ചെലവ് ഉണ്ടോ

3) ഇനി കോവിഡ് പ്രതിരോധത്തിനായി സർക്കാരിന് വലിയ തോതിലുള്ള പണച്ചെലവ് ആരോഗ്യ മേഖലയിൽ ഇപ്പോൾ വന്നിട്ടുണ്ടോ? ഇല്ല എന്നത് തന്നെയാണ് വാസ്തവം. ആരോഗ്യ വകുപ്പിലെ നിലവിലെ സ്റ്റാഫും ഇൻഫ്രാസ്ട്രക്ച്ചറും വച്ച് തന്നെയാണ് കാര്യങ്ങൾ മുന്നോട്ടു പോകുന്നത്. (ആകെ പുതുതായി നിയമിച്ചത് ശ്രീറാം വെങ്കട്ടരാമനെ മാത്രമാണ്. അയാൾക്ക് സസ്പെൻഷൻ കാലത്തെ പകുതി ശമ്പളം ഇപ്പോൾ മുഴുവൻ ശമ്പളമായി).

യുഡിഎഫ് എംപിമാരുടെ ഫണ്ടിൽ നിന്ന്

യുഡിഎഫ് എംപിമാരുടെ ഫണ്ടിൽ നിന്ന്

ചൈനയിലും മറ്റും ചെയ്തത് പോലെ മേയ്ക്ക്ഷിഫ്റ്റ് ആശുപത്രികളൊന്നും പുതുതായി കേരളത്തിൽ നിർമ്മിച്ചിട്ടില്ല. ഒരു വെൻ്റിലേറ്റർ പോലും പുതുതായി വാങ്ങിച്ചിട്ടില്ല. പേഴ്സണൽ പ്രൊട്ടക്റ്റീവ് എക്വിപ്മെൻറ്, മാസ്ക്കുകൾ തുടങ്ങിയവ ജില്ലാ/താലൂക്ക് ആശുപത്രികളിലുളള ചുരുക്കം ആളുകൾക്ക് മാത്രമേ നൽകിയിട്ടുള്ളൂ. ഈ വക കാര്യങ്ങൾക്കുള്ള പരമാവധി ചെലവ് അഞ്ചോ പത്തോ കോടി മാത്രമായിരിക്കും. യുഡിഎഫ് എംപിമാരുടെ ഫണ്ടിൽ നിന്നാണ് പലയിടങ്ങളിലും ഈ സൗകര്യങ്ങൾ ഒരുക്കുന്നത്.

അതായത് നാല് കോടി രൂപ

അതായത് നാല് കോടി രൂപ

ടെസ്റ്റിംഗിന് ഏതാണ്ട് 4000 രൂപയാണ് നിലവിലെ ചെലവ്. റാപ്പിഡ് ടെസ്റ്റ് വന്നാൽ അത് ആയിരത്തിൽത്താഴെയാകും. കേരളത്തിൽ ഇതുവരെ 10,000ൽത്താഴെ ടെസ്റ്റുകൾ മാത്രമാണ് നടത്തിയിട്ടുള്ളത്, അതായത് നാല് കോടി രൂപ. ഇനി വരും ദിവസങ്ങളിൽ ഇതിൻ്റെ പത്തിരട്ടിയാളുകൾക്ക് റാപ്പിഡ് ടെസ്റ്റ് നടത്തിയാൽപ്പോലും ആ നിലക്കുള്ള ചെലവ് 10-12 കോടിയിൽ നിൽക്കും.

പല ചെലവുകളും കുറഞ്ഞു

പല ചെലവുകളും കുറഞ്ഞു

4) ആരോഗ്യ വകുപ്പടക്കം ചില വകുപ്പുകളിൽ അൽപ്പം അധികച്ചെലവ് ഉണ്ടാകുമെന്ന് സമ്മതിച്ചാൽത്തന്നെയും മൂന്നാഴ്ചക്കാലത്തെ ലോക്ഡൗൺ സർക്കാരിൻ്റെ മറ്റ് പല ചെലവുകളും ഗണ്യമായി കുറച്ചിട്ടുമുണ്ട്. ഉദ്യോഗസ്ഥരുടെ യാത്രാബത്ത മുതൽ ഓഫീസ് ചെലവും വാഹനത്തിൻ്റെ ഇന്ധനച്ചെലവുമൊക്കെ ഇക്കാലത്ത് കുറഞ്ഞിട്ടുണ്ട്.

കൊട്ടിഘോഷിക്കുന്ന കമ്മ്യൂണിറ്റി കിച്ചൺ

കൊട്ടിഘോഷിക്കുന്ന കമ്മ്യൂണിറ്റി കിച്ചൺ

5) കമ്മ്യൂണിറ്റി കിച്ചനുകൾക്ക് സർക്കാർ ഒരു രൂപ പോലും പുതുതായി നൽകുന്നില്ല. കുടുംബശ്രീക്ക് നിലവിൽ ഉള്ള പദ്ധതി വിഹിതത്തിൽ നിന്ന് അമ്പതിനായിരം രൂപ ഇക്കാര്യത്തിനായി ചെലവഴിക്കാനുള്ള അനുവാദം നൽകുക മാത്രമാണ് സർക്കാർ ചെയ്തിട്ടുള്ളത്. 900 ഓളം പഞ്ചായത്തുകളിൽ 50,000 രൂപ വീതം സംസ്ഥാനത്ത് ആകെ നാലര കോടിയുടെ ഇടപെടലാണ് ഈ കൊട്ടിഘോഷിക്കുന്ന കമ്മ്യൂണിറ്റി കിച്ചൺ. അവിടത്തെ ബാക്കി കാര്യങ്ങൾ നടക്കുന്നത് ജനങ്ങളുടെ സംഭാവനയാലാണ്. ചില കിച്ചനുകൾ അടച്ചുപൂട്ടലിൻ്റെ വക്കിലെത്തിക്കഴിഞ്ഞു.

സത്യാവസ്ഥ പുറത്തു വരുന്നു

സത്യാവസ്ഥ പുറത്തു വരുന്നു

6) 20000 കോടി പാക്കേജ് പ്രഖ്യാപിച്ച് കയ്യടി നേടിയ സർക്കാർ ഈ മാസം ശമ്പളം കൊടുക്കാൻ പോലും കഴിയാത്തത്ര ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലാണ് എന്ന സത്യാവസ്ഥ പുറത്തു വരുന്നു. ആളുകളുടെ കയ്യിലേക്ക് കൂടുതൽ പണം എത്തിക്കുക, പറ്റുമെങ്കിൽ ലിക്വിഡ് കാഷ് തന്നെ എത്തിക്കുക എന്നതാണ് ഇക്കാലത്ത് അടിയന്തരമായി ചെയ്യേണ്ടത് എന്നാണ് പാക്കേജ് പ്രഖ്യാപന വേളയിൽ ധനമന്ത്രി തോമസ് ഐസക് പറഞ്ഞിരുന്നത്. എന്നാലേ വിപണിയെ സജീവമാക്കാൻ കഴിയൂ. എന്നാൽ സാലറി ചാലഞ്ച് അതിൻ്റെ നേർവിപരീതമായ കാര്യമാണ്. ലോക്ക്ഡൗൺ കഴിഞ്ഞാലും മാർക്കറ്റിന് തിരിച്ചു വരാൻ കഴിയാത്തവണ്ണം ജനങ്ങളുടെ വാങ്ങൽ ശേഷിയെ ഇത് ബാധിക്കും. നികുതി വരുമാനം വീണ്ടും കുറയും.

സന്മനസ്സും ഔദാര്യവും മാത്രം

സന്മനസ്സും ഔദാര്യവും മാത്രം

7) സർക്കാരിന് പണം നൽകാൻ ജനങ്ങൾക്ക് ഉത്തരവാദിത്തമുള്ളത് നികുതിയിലൂടെ മാത്രമാണ്. തങ്ങൾ തെരഞ്ഞെടുത്ത പ്രതിനിധികൾ അംഗങ്ങളായ നിയമസഭയിൽ ചർച്ച ചെയ്ത് അംഗീകാരം നൽകുന്ന നികുതി നിർദ്ദേശങ്ങളാണ് ജനങ്ങൾക്ക് ബാധകം. അല്ലാത്ത എന്തു തരം സംഭാവനയും നൽകുന്നവരുടെ സന്മനസ്സും ഔദാര്യവും മാത്രമാണ്, സർക്കാരിൻ്റെ അവകാശമല്ല. എന്നാൽ സാലറി ചലഞ്ച് സർക്കാരിൻ്റെ അധികാരമുപയോഗിച്ചുകൊണ്ടുള്ള പിടിച്ചുപറിയാണ്.

കണക്കുകൾ സഹിതം

കണക്കുകൾ സഹിതം

സ്വർണ്ണ വ്യാപാര മേഖലയിൽ നിന്ന് സർക്കാരിന് 3000 ഓളം കോടി രൂപയുടെ നികുതി പിരിച്ചെടുക്കാവുന്നതാണെന്ന് വി ഡി സതീശൻ കണക്കുകൾ സഹിതം നിയമസഭയിൽ സമർത്ഥിച്ചിരുന്നു. എന്നാൽ നിലവിൽ നികുതിയായി ലഭിക്കുന്നത് അതിൻ്റെ പത്തിലൊന്നായ 300 കോടി മാത്രമാണ്. മൈനിംഗ് മേഖലയിൽ നിന്ന് റോയൽറ്റിയും പെനാൽറ്റിയുമായി ഏതാണ്ട് 2000 കോടി സർക്കാരിന് പിരിച്ചെടുക്കാനുണ്ട്. അതൊന്നും ചെയ്യാതെ വൻകിട മുതലാളിമാരെ തഴുകിത്തലോടി മാസശമ്പളക്കാരെ മാത്രം വേട്ടയാടുന്നതാണോ ഈ സർക്കാരിൻ്റെ ജനപക്ഷ ഇടതു ബദൽ?

ഇതെന്ത് തലതിരിഞ്ഞ സർക്കാരാണ്?

ഇതെന്ത് തലതിരിഞ്ഞ സർക്കാരാണ്?

8. ) ധനമന്ത്രി അടക്കമുള്ളവർ തെറ്റിദ്ധരിപ്പിക്കുന്നത് പോലെ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളൊന്നും ഒരു മാസത്തെ ശമ്പളം മുഴുവനായി നിർബ്ബന്ധപൂർവ്വം പിടിച്ചു വാങ്ങുന്നില്ല. തമിഴ്നാട് പോലുള്ള ചില സംസ്ഥാനങ്ങൾ ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർക്ക് സ്പെഷൽ അലവൻസ് നൽകുന്ന കാഴ്ചയാണ് കാണുന്നത്. അതാണ് ശരിയായ രീതി. വലിയ റിസ്ക്കെടുത്ത് രാപകലില്ലാതെ കഷ്ടപ്പെടുന്ന ആരോഗ്യം, പോലീസ് തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ ഉള്ള ശമ്പളം പോലും തട്ടിപ്പറിക്കുന്നത് ക്രൂരതയാണ്. വീണ്ടും ചോദിക്കേണ്ടി വരികയാണ്, ഇതെന്ത് തലതിരിഞ്ഞ സർക്കാരാണ്?''

English summary
VT Balram MLA against state government's Salary Challenge
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X