കോടികളുടെ പത്രപ്പരസ്യം തിരിഞ്ഞുകൊത്തുന്നു; പിണറായി വിജയന്‍ ഉത്തരം പറയുമോ ഈ ചോദ്യങ്ങള്‍ക്ക്?
സര്‍ക്കാരിന്റെ ആദ്യ ദിവസം തൊട്ട് തന്നെ പ്രതിപക്ഷ ധര്‍മ്മം ഞങ്ങളും തുടങ്ങുകയാണ് എന്ന് പറഞ്ഞുകൊണ്ടാണ് തൃത്താല എം എല്‍ എ വി ടി ബല്‍റാം തന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. മന്ത്രിമാരുടെയും പേഴ്‌സണല്‍ സ്റ്റാഫിന്റെയും എണ്ണം കുറച്ച് ചെലവ് ചുരുക്കാനുള്ള നീക്കത്തെ അഭിനന്ദിക്കുന്ന ബല്‍റാമിന് പക്ഷേ ശരിക്കും അറിയാനുള്ളത് പിണറായി വിജയന്റെ സ്ഥാനാരോഹണത്തിനായി നല്‍കിയ പരസ്യത്തെക്കുറിച്ചാണ്.
സത്യപ്രതിജ്ഞ ചടങ്ങിനോടനുബന്ധിച്ചുള്ള ധൂര്‍ത്തിനെയും ബല്‍റാം വിമര്‍ശിക്കുന്നുണ്ട്. സി പി എമ്മെന്നോ എല്‍ ഡി എഫെന്നോ ഒരിക്കല്‍പ്പോലും പറയാതെ പിണറായി വിജയന്‍ സര്‍ക്കാര്‍ എന്നായിരുന്നു മുഴുപ്പേജ് വ്യക്തിമാഹാത്മ്യ പരസ്യം. അതിനുവേണ്ടി സര്‍ക്കാരിന്റെ പബ്ലിക് റിലേഷന്‍സ് വകുപ്പ് പൊതുഖജനാവില്‍ നിന്ന് എത്ര തുക ചെലവഴിച്ചു എന്നതടക്കം വി ടി ബല്‍റാമിന് ചില ചോദ്യങ്ങളുണ്ട്.
ആദ്യ നിയമസഭാ സമ്മേളനത്തില്‍ ഞാന്‍ ചോദിക്കാനായി ഉദ്ദേശിക്കുന്ന ജനങ്ങളുടെ വക ചോദ്യം - എന്ന് പറഞ്ഞുകൊണ്ട് വി ടി ബല്‍റാം ഉന്നയിക്കുന്ന ചോദ്യങ്ങള്‍ നോക്കൂ.

എത്രയിടത്ത് പരസ്യം കൊടുത്തു
പുതുതായി രൂപീകരിക്കപ്പെടാന്‍ പോകുന്ന പുതിയ സര്‍ക്കാരുമായി ബന്ധപ്പെട്ട് പി ആര്‍ ഡി വഴി ആകെ എത്ര ദിനപത്രങ്ങളില്‍ പരസ്യം നല്‍കി? ഇതില്‍ കേരളത്തിനു പുറത്തുള്ള എത്ര പത്രങ്ങളിലാണ് പരസ്യം നല്‍കിയത്?

എത്ര ചെലവഴിച്ചു, എന്താണ് ഗുണം
ഇതിനായി സര്‍ക്കാര്‍ ആകെ ചെലവഴിച്ച തുക എത്ര? കേരളത്തിനു പുറത്ത് കോടിക്കണക്കിന് രൂപ ചെലവഴിച്ച് പരസ്യങ്ങള്‍ നല്‍കുന്നതുകൊണ്ട് കേരളത്തിലെ ജനങ്ങള്‍ക്കുണ്ടാവുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന പ്രയോജനം എന്താണ്?

നിബന്ധന പാലിച്ചിരുന്നോ
പത്രങ്ങളില്‍ പരസ്യങ്ങള്‍ നല്‍കുന്ന വേളയില്‍ സര്‍ക്കാര്‍ പരസ്യങ്ങളില്‍ രാഷ്ട്രപതി, പ്രധാനമന്ത്രി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്നിവരുടെ ഫോട്ടോകള്‍ മാത്രമേ ഉപയോഗിക്കാവൂ എന്ന നിബന്ധന നിലവിലുണ്ടായിരുന്നോ? ഉണ്ടെങ്കില്‍ അത്തരം മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് തന്നെയായിരുന്നോ പ്രസ്തുത പരസ്യങ്ങള്‍ നല്‍കിയിരുന്നത്?

പിണറായി വിജയന്റെ ചിത്രം
മുഖ്യമന്ത്രിയായോ എം.എല്‍.എ ആയോ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിട്ടില്ലാത്ത ഒരു വ്യക്തിയുടെ ഫോട്ടോ അത്തരം പരസ്യങ്ങളില്‍ ഉള്‍പ്പെടുത്തിയത് നിയമപരമായിരുന്നോ?

നഷ്ടം നികത്തുമോ
ഇക്കാര്യത്തില്‍ നിയമലംഘനങ്ങളോ ചട്ടലംഘനങ്ങളോ ഉണ്ടെങ്കില്‍ ആയതിന് ചെലവഴിച്ച തുക ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കി ഖജനാവിന്റെ നഷ്ടം നികത്താന്‍ നടപടികള്‍ സ്വീകരിക്കുമോ?

സത്യപ്രതിജ്ഞയ്ക്ക് എത്ര ചെലവായി
പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിനായി വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ചെലവഴിച്ച ആകെ തുക എത്ര? അതിന്റെ വിശദാംശങ്ങള്‍ നല്‍കുമോ?












Click it and Unblock the Notifications