ആ പ്രഖ്യാപനമല്ലേ മുഖ്യമന്ത്രീ താങ്കൾ ഈ കേരളത്തിന് നൽകേണ്ടിയിരുന്ന മറുപടി? പിണറായിക്കെതിരെ ബൽറാം
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നതിനെ പരിഹസിച്ച ലീഗ് എംഎല്‍എ കെഎം ഷാജിക്ക് പിണറായി വിജയന്‍ ഇന്ന് ചുട്ട മറുപടി നല്‍കിയിരുന്നു. കെഎം ഷാജിക്ക് വികൃത മനസ്സാണ് എന്ന് മുഖ്യമന്ത്രി തുറന്നടിച്ചത്. ഒരു എംഎല്‍എ ഇത്തരത്തില്‍ പറയുമെന്ന് പ്രതീക്ഷിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ മറുപടിക്കെതിരെ വിടി ബല്‍റാം എംഎല്‍എ ഫേസ്ബുക്കില്‍ പ്രതികരിച്ചിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: '' കൊലക്കേസ് പ്രതികളായ സിപിഎം ക്രിമിനലുകളെ രക്ഷപ്പെടുത്താൻ വേണ്ടി കൊണ്ടുവരുന്ന വക്കീലന്മാർക്ക് ലക്ഷങ്ങളും കോടികളും ഫീസ് നൽകുന്നത് കേരള സർക്കാരിൻ്റെ ഏത് ഹെഡ് ഓഫ് അക്കൗണ്ടിൽ നിന്നാണ് എന്നതല്ലല്ലോ മുഖ്യമന്ത്രീ പ്രശ്നം, ഏത് അക്കൗണ്ടിൽ നിന്നായാലും അത് ജനങ്ങളുടെ നികുതിപ്പണമാണ് എന്നതല്ലേ യാഥാർത്ഥ്യം? അതിലെ അധാർമ്മികതയല്ലേ ഒരു ജനപ്രതിനിധി ചൂണ്ടിക്കാട്ടിയത്? മുറ പോലെ നടക്കും എന്ന് താങ്കൾ ആവർത്തിച്ച് പറയുന്ന ഹെലികോപ്റ്റർ അടക്കമുള്ളവയുടെ ധൂർത്തും അനാവശ്യ കാബിനറ്റ് റാങ്കുകാരുടെ ധാരാളിത്തവും കോടികൾ പൊടിക്കുന്ന പിആർ ചെലവും ഈ ദുരിതകാലത്ത് ഒരു വലിയ അധാർമ്മികതയല്ലേ?
ഇനിയെങ്കിലും അത്തരം ധൂർത്തും പാഴ്ച്ചെലവും പാർട്ടിക്കാർക്ക് വേണ്ടിയുള്ള തോന്ന്യാസവും സർക്കാരിൻ്റെ ഭാഗത്തുനിന്ന് ഉണ്ടാവില്ല എന്ന ഒരു പ്രഖ്യാപനമല്ലേ മുഖ്യമന്ത്രീ യഥാർത്ഥത്തിൽ താങ്കൾ ഈ കേരളത്തിന് നൽകേണ്ടിയിരുന്ന മറുപടി?''

കെഎം ഷാജിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇതാണ്: '' മുഖ്യമന്ത്രിയുടെ ഇന്നലത്തെ പത്ര സമ്മേളനം എല്ലാവരും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അടിയന്തിരമായും മഹല്ലു കമ്മിറ്റികൾ ചേർന്ന് ഈ വർഷത്തെ സക്കാത്ത് മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് നൽകാൻ നിർദ്ദേശം നൽകേണ്ടതാണ്. പ്രത്യേകിച്ച് അടുത്ത് തന്നെ ഷുക്കൂർ കേസിൽ വിധി വരാൻ ഇടയുണ്ട് ; CBI ക്കു കേസ് വിട്ടുകൊടുക്കാതെ നമ്മുടെ ജയരാജനെയും രാജേഷിനെയും ഒക്കെ രക്ഷപെടുത്തിയെടുക്കണമെങ്കിൽ നല്ല ഫീസ് കൊടുത്ത് വക്കീലിനെ വെക്കാനുള്ളതാണെന്ന് എല്ലാവർക്കും അറിയാവുന്നതാണല്ലോ!!
നേരത്തെ നിങ്ങൾ പ്രളയ കാലത്ത് മുഖ്യമന്ത്രിക്ക് കൊടുത്ത ഫണ്ടുണ്ടായത് കൊണ്ട് ഷുക്കൂർ , കൃപേശ് , ശരത്ത് ലാൽ ഷുഹൈബ് കേസിൽ നമ്മുടെ സഖാക്കൾക്കു വേണ്ടി മുന്തിയ വക്കീലമ്മാരെ വല്യ ഫീസ് കൊടുത്ത് വെക്കാൻ നമുക്കു പറ്റി! അതുകൊണ്ട് സക്കാത്ത് മാത്രമല്ല വിഷു കൈനീട്ടം കൂടി കൈ നീട്ടി സർക്കാർ ഫണ്ടിലേക്ക് തരണം!! മുഖ്യമന്ത്രിക്കു ഈ പൈസയൊക്കെ കൊടുക്കുമ്പോൾ "എല്ലാം നമുക്കു വേണ്ടിയാണല്ലോ ഈശ്വര" എന്ന ആശ്വാസത്തോടെ വേണം എല്ലാവരും കൊടുക്കാൻ!!''












Click it and Unblock the Notifications