• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കോവിഡ് രോഗിയായ പെൺകുട്ടിക്ക് പീഡനം, ആരോഗ്യമന്ത്രിക്കും സർക്കാരിനുമെതിരെ ആഞ്ഞടിച്ച് വിടി ബൽറാം!

പാലക്കാട്: കൊവിഡ് രോഗിയായ യുവതിയെ ആംബുലൻസ് ഡ്രൈവർ പീഡിപ്പിച്ച സംഭവം കേരളത്തെ നടുക്കിയിരിക്കുകയാണ്. സംഭവത്തിൽ സംസ്ഥാന സർക്കാരിനും ആരോഗ്യ വകുപ്പിനും എതിരെ പ്രതിപക്ഷം ശക്തമായി രംഗത്ത് വന്നിട്ടുണ്ട്. ആരോഗ്യമന്ത്രിയും സർക്കാർ സംവിധാനങ്ങളും ഈ വിഷയത്തോട് പ്രതികരിക്കുന്നത് വളരെ നിസ്സാരമായിട്ടാണെന്ന് തൃത്താല എംഎൽഎ വിടി ബൽറാം കുറ്റപ്പെടുത്തി.

വിടി ബൽറാമിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: '' ഈ കോവിഡ് കാലത്ത് കേരളത്തിൽ നിന്ന് ലോകം കേൾക്കേണ്ടി വന്ന ഏറ്റവും ഞെട്ടിപ്പിക്കുന്ന വാർത്തയാണ് പത്തനംതിട്ട അടൂരിൽ സർക്കാരിൻ്റെ 108 ആംബുലൻസിൽ വച്ച് കോവിഡ് രോഗിയായ പെൺകുട്ടി ലൈംഗികാതിക്രമത്തിന് ഇരയായി എന്നത്. വേദനാജനകവും അപമാനകരവും പ്രതിഷേധാർഹവുമായ സംഭവമായിരുന്നിട്ടും എത്ര നിസ്സാരമായിട്ടാണ് നമ്മുടെ ആരോഗ്യമന്ത്രിയും സർക്കാർ സംവിധാനങ്ങളും ഈ വിഷയത്തോട് പ്രതികരിക്കുന്നത്!

ഇപ്പോഴത്തെ അതിക്രമം നടത്തിയ വ്യക്തിക്കെതിരെ നടപടികൾ സ്വീകരിച്ചത് കൊണ്ട് മാത്രം പ്രശ്നം തീരില്ല. ഇതുപോലുള്ള സാഹചര്യങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള പഴുതടച്ചുള്ള സംവിധാനങ്ങൾ ഉറപ്പു വരുത്തേണ്ടതുണ്ട്. അങ്ങേയറ്റം ക്രിമിനൽ പശ്ചാത്തലമുള്ള ഡ്രൈവർ എങ്ങനെ ഇത്തരമൊരു ജോലിയിൽ നിയമിക്കപ്പെട്ടു?, അയാൾക്ക് വേണ്ടി ശുപാർശ ചെയ്തത് ആര്/ഏത് ഏജൻസി? പകൽ സമയത്ത് തന്നെ രോഗം സ്ഥിരീകരിക്കപ്പെട്ട പെൺകുട്ടിയെ ആശുപത്രിയിലേക്ക് മാറ്റാൻ എന്തിന് അർദ്ധരാത്രി കഴിയുന്നത് വരെ കാത്തുനിന്നു?

ഓരോ പഞ്ചായത്തിലും നിരവധി ഉദ്യോഗസ്ഥരും രജിസ്റ്റർ ചെയ്ത നിരവധി ഹെൽത്ത് വളണ്ടിയർമാരും ഉണ്ടായിട്ടും എന്തുകൊണ്ട് ഇങ്ങനെയൊരു സാഹചര്യത്തിൽ ഡ്രൈവറെ മാത്രം ചുമതലയേൽപ്പിച്ചു? എന്നതടക്കം എല്ലാ വീഴ്ചകളും സമഗ്രമായി അന്വേഷിച്ച് മാതൃകാപരമായ നടപടികൾ സ്വീകരിക്കണം. പഞ്ചായത്തടിസ്ഥാനത്തിൽ രാഷ്ട്രീയ താത്പര്യം മാത്രം പരിഗണിച്ച് വളണ്ടിയർമാരായി നിയമിക്കപ്പെട്ടവരെക്കുറിച്ച് ഇപ്പോഴേ ഒരു കൃത്യമായ പരിശോധന നടത്തി പ്രശ്നക്കാരെ ഒഴിവാക്കിയില്ലെങ്കിൽ ഇതേമട്ടിലുള്ള മറ്റ് സംഭവങ്ങൾ ഭാവിയിലും അരങ്ങേറാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്.

ഡോ. മുരളി തുമ്മാരുകുടി കൃത്യമായി ചൂണ്ടിക്കാണിക്കുന്നത് പോലെ "കോവിഡ് രോഗിയെ വീട്ടിൽ നിന്നും ആംബുലൻസിലേക്ക് കയറ്റിയ നിമിഷം മുതൽ അവർ സർക്കാരിന്റെ സംരക്ഷണയിൽ ആണ്. അവർക്ക് വേണ്ടത്ര സംരക്ഷണം ഒരുക്കിയതിൽ സർക്കാർ സംവിധാനങ്ങൾ പരാജയപ്പെട്ടു" എന്നാണ് പത്തനംതിട്ട അടൂരിലെ സംഭവം കാണിക്കുന്നത്'' എന്നാണ് പോസ്റ്റ്. മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റും വിടി ബൽറാം എംഎൽഎ പങ്കുവെച്ചിട്ടുണ്ട്.

English summary
VT Balram MLA slams Health Minister and State Government over Covid patient girl attack in ambulance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X