ഫാഷിസത്തിന്റെ പ്രധാന സൂചനകളിലൊന്ന് ആന്റി ഇന്റലക്ച്വലിസം; അടൂര്‍ വിഷയത്തില്‍ വിടി ബല്‍റാം
തൃത്താല: അടൂര്‍ ഗോപാലകൃഷ്ണന്‍ വിഷയത്തില്‍ പ്രതികരണവുമായി വിടി ബല്‍റാം എംഎല്‍എ. ഫാഷിസത്തിന്റെ പ്രധാന സൂചനകളില്‍ ഒന്നാണ് ആന്റി ഇന്റലക്ച്വലിസം എന്നാണ് വിടി ബാല്‍റാം പറയുന്നത്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് അടൂര്‍ ഗോപാലകൃഷ്ണനെതിരെ ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍ ഉയര്‍ത്തിയ ഭീഷണി എന്നും ബല്‍റാം പറഞ്ഞു.
ജയ് ശ്രീറാം വിളിയും അതേ തുടര്‍ന്നുള്ള അക്രമസംഭവങ്ങളും മുന്‍നിര്‍ത്തി അടൂര്‍ ഗോപാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള സാംസ്‌കാരിക പ്രവര്‍ത്തകര്‍ പ്രധാനമന്ത്രിയ്ക്ക് കത്തയച്ചതായിരുന്നു ബിജെപി നേതാവ് ബി ഗോപാലകൃഷ്‌നെ ചൊടിപ്പിച്ചത്. ജയ് ശ്രീറാം വിളി കേള്‍ക്കാന്‍ വയ്യെങ്കില്‍ അടൂര്‍ അന്യ ഗ്രഹങ്ങളിലേക്ക് പോകട്ടെ എന്നായിരുന്നു ഗോപാലകൃഷ്ണന്റെ പ്രതികരണം.

കേന്ദ്ര സര്‍ക്കാരിനേയും അവരുടെ പ്രത്യയശാസ്ത്രത്തേയും വിമര്‍ശിക്കുന്നവരെ രാജ്യദ്രോഹികളായി മുദ്രകുത്താനാണ് സംഘപരിവാര്‍ കാലങ്ങളായി ശ്രമിക്കുന്നത് എന്നും ബല്‍റാം വിമര്‍ശിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു ബല്‍റാമിന്റെ പ്രതികരണം. ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം....
ഫാഷിസത്തിന്റെ പ്രധാന സൂചനകളിലൊന്ന് ആന്റി ഇൻറ്റലക്ച്വലിസമാണ്. അതിന് കേരളത്തിൽ നിന്നുള്ള ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് പ്രശസ്ത ചലച്ചിത്രകാരൻ ശ്രീ അടൂർ ഗോപാലകൃഷ്ണനെതിരെ ഉയരുന്ന ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്റെ ഭീഷണി.
കേന്ദ്ര സർക്കാരിനേയും അവരുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തേയും കുറിച്ച് വിമർശനമുന്നയിക്കുന്നവരെ മുഴുവൻ ഒറ്റയടിക്ക് രാജ്യദോഹികളായി മുദ്രകുത്താനും അവരെ ഒറ്റതിരിഞ്ഞ് ആക്രമിച്ച് നിശ്ശബ്ദരാക്കാനുമാണ് സംഘ്പരിവാർ കാലങ്ങളായി പരിശ്രമിക്കുന്നത്. അടൂരിന്റെ സർഗ്ഗാത്മക ജീവിതത്തെ അപഹസിക്കാനും അദ്ദേഹത്തിന്റെ വ്യക്തിപരമായ ഇന്റഗ്രിറ്റിയെ താറടിച്ച് കാണിക്കാനും കൂടി ബിജെപി നേതാവ് ശ്രമിക്കുന്നു എന്നതും കാണേണ്ടതുണ്ട്.
താൻ പ്രവർത്തിക്കുന്ന മേഖലയിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ എല്ലാ സുപ്രധാന അംഗീകാരങ്ങളും നേരത്തെത്തന്നെ ശ്രീ അടൂർ ഗോപാലകൃഷ്ണനെ തേടിയെത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ എന്തെങ്കിലും തരത്തിലുള്ള നിരാശ ബാധിച്ച് വിമർശനമുന്നയിക്കേണ്ട ഗതികേട് അദ്ദേഹത്തിനില്ല. വിശ്വാസികൾ ഭക്ത്യാദരപൂർവ്വം ഉച്ചരിക്കുന്ന രാമനാമം "ജയ് ശ്രീറാം" എന്ന കൊലവിളിയാക്കുന്നതിനെ മാത്രമാണ് താനെതിർക്കുന്നത് എന്ന അദ്ദേഹത്തിന്റെ വാക്കുകൾ ഇന്നത്തെ ഇന്ത്യയിൽ ഏറെ പ്രസക്തമാണ്. വിദ്വേഷത്തിന്റെ രാഷ്ട്രീയത്തിനെതിരായ വിവേകത്തിന്റെ ശബ്ദങ്ങളാൽ നമ്മുടെ സാംസ്ക്കാരിക രംഗം ഇനിയും മുഖരിതമാകേണ്ടതുണ്ട്.












Click it and Unblock the Notifications