കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജൗഹറിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയത് ഇരട്ടത്താപ്പ്... ആര്‍എസ്എസുകാരായിരുന്നേ കാണായിരുന്നു കളി

  • By Desk
Google Oneindia Malayalam News

ഫാറൂഖ് കോളേജ് അധ്യാപകന്‍ പെണ്‍കുട്ടികള്‍ക്ക് നേരെ നടത്തിയ വത്തക്ക പരാമര്‍ശത്തില്‍ അധ്യാപകന്‍ ജൗഹര്‍ മുനവറിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയ നടപടിയെ വിമര്‍ശിച്ച് വിടി ബല്‍റാം എംഎല്‍എ രംഗത്ത്. അഭിപ്രായ പ്രകടനത്തിന്‍റെ പേരില്‍ ഫാറൂഖ് കോളേജ് അധ്യാപകനെതിരെ ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം ക്രിമിനല്‍ കേസെടുത്ത ഭരണകൂട നീക്കം അമിതാധികാര പ്രവണതയാണെന്ന് വി ടി ബല്‍റാം വ്യക്തമാക്കി. തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് വിടി പിണറായിക്കെതിരെ ആഞ്ഞടിച്ചത്.

സംഘപരിവാറിനെ തോല്‍പ്പിക്കുന്ന രീതിയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നിരന്തരമായി കേസുകള്‍ ചുമത്തുന്ന നിലപാടാണ് പിണറായി സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് യൂത്ത് ലീഗ് വ്യക്തമാക്കിയതിന് പിന്നാലെയാണ് പിണറായിയെ കുത്തി വിടി പോസ്റ്റിട്ടത്. ന്യൂനപക്ഷ വേട്ട അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുമ്പോള്‍ മുസ്ലീങ്ങള്‍ മാത്രം എന്തുകൊണ്ടാണ് ആക്രമിക്കപ്പെടുന്നതെന്നുമായിരുന്നു യൂത്ത് ലീഗ് ചോദിച്ചത്.

പെണ്‍കുട്ടികളുടെ പരാതിയില്‍

പെണ്‍കുട്ടികളുടെ പരാതിയില്‍

വത്തക്കയുടെ ചുവപ്പ് കാണിക്കാൻ ഒരു കഷ്ണം മുറിച്ചുവയ്ക്കുന്നത് പോലെയാണ് മുസ്ലീം പെൺകുട്ടികൾ മാറിടം കാണിക്കുന്നതെന്നായിരുന്നു ജൗഹർ പ്രസംഗത്തിൽ പറഞ്ഞിരുന്നത്. ജൗഹറിന്റെ വിവാദ പരാമർശം മാധ്യമങ്ങളിൽ വാർത്തയായതോടെ പ്രതിഷേധം ശക്തമായി. ഫാറൂഖ് കോളേജിലെ പെൺകുട്ടികളടക്കം അധ്യാപകനെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തി. എന്നാൽ കോളേജിന് പുറത്ത് വച്ച് നടത്തിയ പരാമർശത്തിൽ തങ്ങൾക്ക് നടപടി സ്വീകരിക്കാൻ കഴിയില്ലെന്നായിരുന്നു ഫാറൂഖ് കോളേജ് മാനേജ്മെന്റിന്റെയും നിലപാട്. തുടര്‍ന്ന് സ്ത്രീത്വത്തെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി രണ്ട് വിദ്യാര്‍ത്ഥിനികള്‍ ചേര്‍ന്ന് പോലീസില്‍ പരാതി നല്‍കി. പരാതിയില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കൊടുവള്ളി പോലീസ് ജൗഹറിനെതിരെ കേസെടുക്കുകയായിരുന്നു. കേസെടുത്തതിന് പിന്നാലെ ജൗഹര്‍ മുങ്ങിയതായാണ് വിവരം. ജൗഹറിനെതിരെ കേസെടുത്തതിനെതിരെ പലരും വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. സര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിച്ച് യൂത്ത് ലീഗ് പോസ്റ്റിട്ടതിന് പിന്നാലെയാണ് വിടി ബല്‍റാം ഫേസ്ബുക്കിലൂടെ നിലപാട് വ്യക്തമാക്കിയത്. പോസ്റ്റ് ഇങ്ങനെ

സ്ത്രീ വിരുദ്ധത തന്നെ

സ്ത്രീ വിരുദ്ധത തന്നെ

ഫാറൂഖ് കോളേജ് അധ്യാപകന്‍ ജൗഹറിന്റെ വിവാദ പ്രസംഗത്തിലുള്ളത് സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ തന്നെയാണ്. തന്റെ മതത്തിന്റേയോ അതിന്റെ വികലമായ വ്യാഖ്യാനങ്ങളുടേയോ അടിസ്ഥാനത്തിലുള്ള വസ്ത്രധാരണ സങ്കല്‍പ്പങ്ങളേക്കുറിച്ചായിരിക്കാം, അതിനെ ഏറിയും കുറഞ്ഞും അംഗീകരിക്കുന്ന ഒരു ഓഡിയന്‍സിനു മുന്നില്‍ അദ്ദേഹം പറഞ്ഞത്. ആ നിലയിലുള്ള അദ്ദേഹത്തിന്റെ അഭിപ്രായ സ്വാതന്ത്ര്യത്തെ അംഗീകരിക്കുമ്പോഴും അത്തരം കാഴ്ചപ്പാടുകള്‍ വച്ചുപുലര്‍ത്താത്ത, സ്വന്തം വസ്ത്രധാരണത്തേക്കുറിച്ച് സ്വന്തം നിലക്കുള്ള അഭിപ്രായങ്ങളുള്ള, മറ്റ് എല്ലാ വിദ്യാര്‍ത്ഥിനികളേയും മോശക്കാരാക്കി ചിത്രീകരിക്കുന്ന ഒരു ധ്വനി ജൗഹറിന്റെ പ്രസംഗത്തിലുണ്ട് എന്നത് തന്നെയാണ് അതിനെ സ്ത്രീവിരുദ്ധമാക്കുന്നത്. ഏത് വസ്ത്രം ധരിക്കണം, ഏത് ഭക്ഷണം കഴിക്കണം എന്നതൊക്കെ അടിസ്ഥാനപരമായി ഓരോ വ്യക്തിയുടേയും തെരഞ്ഞെടുപ്പാവുന്നതാണ് സാമാന്യ ബോധമുള്ള ഒരു സമൂഹത്തിന്റെ ലക്ഷണം.

അമിതാധികാര പ്രവണത

അമിതാധികാര പ്രവണത

കുടുംബം, മതം, സ്റ്റേറ്റ് എന്നീ ഇന്‍സ്റ്റിറ്റിയൂഷനുകള്‍ക്കും സംസ്‌ക്കാരം, പാരമ്പര്യം, സദാചാരം, വിശ്വാസം തുടങ്ങിയ സങ്കല്‍പ്പങ്ങള്‍ക്കുമൊക്കെ ഇങ്ങനെയുള്ള വ്യക്തിസ്വാതന്ത്ര്യങ്ങള്‍ക്കുമേല്‍ ഒരു പരിധിക്കപ്പുറം കടന്നുകയറ്റം നടത്താന്‍ അവസരമില്ലാതിരിക്കുന്നത് അഭികാമ്യം മാത്രമല്ല, ഒരു ആധുനിക ജനാധിപത്യത്തിന് അനിവാര്യം കൂടിയാണ്.എന്നാല്‍ ഇവിടെ ഈ അഭിപ്രായ പ്രകടനത്തിന്റെ പേരില്‍ ജൗഹറിനെതിരെ ജാമ്യമില്ലാത്ത ക്രിമിനല്‍ കേസ് ചുമത്താനുള്ള ഭരണകൂട നീക്കം അമിതാധികാര പ്രവണതയാണെന്ന് പറയാതെ വയ്യ. ചര്‍ച്ച ചെയ്യുകയും പുച്ഛിച്ച് തള്ളുകയും ചെയ്യേണ്ടുന്ന ഒരഭിപ്രായത്തെ നിയമത്തിന്റെ കാര്‍ക്കശ്യം ഉപയോഗിച്ച് അടിച്ചമര്‍ത്തുന്നത് ഒട്ടും യോജിക്കാന്‍ കഴിയാവുന്ന കാര്യമല്ല.

ഇരട്ടത്താപ്പും ഇരട്ടനീതിയും

ഇരട്ടത്താപ്പും ഇരട്ടനീതിയും

സ്ത്രീകളുടെ ‘അശുദ്ധി"യുടെ പേരുപറഞ്ഞ് ശബരിമല പ്രവേശനത്തെ എതിര്‍ക്കുന്നതും സ്ത്രീവിരുദ്ധതയായി വ്യാഖ്യാനിക്കാവുന്നതാണ്. എന്നാല്‍ അങ്ങനെ അഭിപ്രായപ്പെട്ടതിന്റെ പേരില്‍ നാളിതുവരെ ആര്‍ക്കെതിരേയും ക്രിമിനല്‍ കേസ് എടുത്തതായി കാണുന്നില്ല. ഇതിനേക്കാള്‍ എത്രയോ ഗുരുതരമായ വിഷലിപ്ത പ്രചരണങ്ങള്‍ കേരളത്തിലുടനീളം നടത്തുന്ന സംഘ് പരിവാര്‍ നേതാക്കള്‍ക്കെതിരെ കേസെടുക്കാനോ അഥവാ പേരിന് കേസെടുത്താല്‍ത്തന്നെ അത് മുന്നോട്ടു കൊണ്ടു പോകാനോ കേരളത്തിലെ ആഭ്യന്തര വകുപ്പിന് കഴിയാതെ പോകുന്നുവെന്നതും നമുക്ക് കാണാതിരിക്കാനാവില്ല.വര്‍ഗീയതക്ക് മുന്നില്‍ മുഖം നോക്കാതെ ഇടപെടുന്ന ഇരട്ടച്ചങ്കല്ല, സംഘ് പരിവാറിനു മുന്‍പില്‍ ആവര്‍ത്തിച്ച് കീഴടങ്ങുന്ന ഇരട്ടത്താപ്പും ഇരട്ടനീതിയുമാണ് ഇന്ന് കേരളത്തിലെ ആഭ്യന്തര വകുപ്പിന്റെ മുഖമുദ്ര വിടി കുറിച്ചു.

English summary
vt balrams facebook post against pinarayi govt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X