കറുത്ത വസ്ത്രം ധരിച്ചാണല്ലോ വന്നത്; വിവി പ്രകാശിന്റെ കുടുംബത്തിന്റെ പ്രതികരണം ഇങ്ങനെ
മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പ്രധാന ചര്‍ച്ചയായിരുന്നു അന്തരിച്ച കോണ്‍ഗ്രസ് നേതാവ് വിവി പ്രകാശിന്റെ കുടുംബത്തിന്റെ വോട്ട്. പിവി അന്‍വറും എം സ്വരാജും പ്രകാശിന്റെ വീട്ടിലെത്തി വോട്ട് ചോദിച്ചെങ്കിലും യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് പോയിരുന്നില്ല. യുഡിഎഫ് കുടുംബത്തില്‍ പോയി വോട്ട് ചോദിക്കേണ്ട ആവശ്യമുണ്ടോ എന്നായിരുന്നു ഇതിനുള്ള കോണ്‍ഗ്രസ് നേതാക്കളുടെ മറുപടി.
കോണ്‍ഗ്രസ് വേദിയിലെ വിവി പ്രകാശിന്റെ പഴയ വീഡിയോകളും എതിര്‍പക്ഷം പ്രചരിപ്പിച്ചിരുന്നു. ഏറ്റവും ഒടുവില്‍ പ്രകാശിന്റെ കുടുംബം വോട്ട് ചെയ്യില്ല എന്നായി പ്രചാരണം. എന്നാല്‍ ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെ പ്രകാശിന്റെ കുടുംബം എടക്കര ജിഎസ്എസിലെ ബൂത്തില്‍ വോട്ട് ചെയ്യാന്‍ എത്തി. മൂന്ന് ദിവസമായി സ്വകാര്യ ആവശ്യത്തിന് പോയതായിരുന്നുവെന്നും കണ്ണൂരില്‍ നിന്ന് ഇപ്പോള്‍ എത്തിയതേയുള്ളൂവെന്നും പ്രകാശിന്റെ ഭാര്യ സ്മിത പറഞ്ഞു...

പിവി അന്‍വറും എ വിജയരാഘവനും ഉള്‍പ്പെടെ വിവി പ്രകാശിന്റെ കുടുംബം വോട്ട് ചെയ്‌തേക്കില്ലെന്ന് സൂചന നല്‍കിയിരുന്നു. സ്മിതയും മകളും വോട്ട് രേഖപ്പെടുത്തിയതോടെ കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ സൈബര്‍ ഇടങ്ങൡ നിറഞ്ഞു. സിപിഎം നേതാവ് കെകെ ലതികയുടെ എഫ്ബി പോസ്റ്റ് പങ്കുവച്ചാണ് രാഹുല്‍ മാങ്കൂട്ടത്തിലും വിടി ബല്‍റാമും തിരിച്ചടിച്ചത്.
വിവി പ്രകാശിന്റെ കുടുംബം വോട്ട് ചെയ്യില്ല. ദൈവത്തിന് മുന്നില്‍ പൊട്ടിക്കരയാന്‍ കൊട്ടിയൂരില്‍ എന്ന് വാചകമാണ് ബല്‍റാം പങ്കുവച്ച ലതികയുടെ പോസ്റ്റിലുള്ളത്. കാഫിര്‍ സ്‌ക്രീന്‍ ഷോട്ടിന്റെ ഡിസ്ട്രിബ്യൂട്ടര്‍ തന്നെ ആണല്ലോ ഈ വ്യാജ പ്രചാരണത്തിന്റെയും മെയിന്‍ വിതരണക്കാരി, ഈ പെരും നുണകള്‍ പറയാന്‍ ചില്ലറ നാണില്ലായ്മ പോര എന്നായിരുന്നു രാഹുലിന്റെ കുറിപ്പ്. ലതികയുടെ എഫ്ബി പേജില്‍ ഈ പോസ്റ്റ് ഇപ്പോഴില്ല.
വിടി ബല്‍റാം എഫ്ബിയില്‍ കുറിച്ചത് ഇങ്ങനെ- വടകരയില്‍ 'കാഫിര്‍ സ്‌ക്രീന്‍ ഷോട്ടു'മായി വര്‍ഗീയ പ്രചരണം നടത്തിയ സിപിഎമ്മിന്റെ പ്രമുഖ സ്ത്രീരത്‌നം ഇത്തവണയും കുത്തിത്തിരിപ്പുമായി വന്നതാണ്. വേറെയും കുറേപ്പേര്‍ക്ക് ഇന്ന് രാവിലെ മുതല്‍ ഇത് മാത്രമായിരുന്നു പറയാന്‍ ഉണ്ടായിരുന്നത്. പക്ഷേ എന്തു ചെയ്യാം, പതിവ് പോലെ ഇതും ചീറ്റിപ്പോയി. വി വി പ്രകാശിന്റെ ഭാര്യ സ്മിതയും മകള്‍ നന്ദനയും ബൂത്തിലെത്തി വോട്ടും ചെയ്തു, ചാനലുകാര്‍ കുത്തിക്കുത്തി ചോദിച്ചിട്ടും ഒരു വാക്ക് പോലും പാളിപ്പോവാതെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
വിവി പ്രകാശിന്റെ ഭാര്യ സ്മിതയും മകള്‍ നന്ദനയും മാധ്യമങ്ങളോട് പറഞ്ഞത്
''വോട്ട് ബഹിഷ്‌കരിക്കുമെന്ന് ഞങ്ങള്‍ പറഞ്ഞിട്ടില്ല. ആറ് മണി വരെ വോട്ട് ചെയ്യാന്‍ സമയം ഉണ്ടല്ലോ. എത്താനുള്ള തടസം കൊണ്ടാണ് ലേറ്റായത്. അല്ലെങ്കില്‍ നേരത്തെ വരുമായിരുന്നു. വിവാദമുണ്ടാക്കിയവരോട് തന്നെ ചോദിക്കണം, അവരെന്തിനാണ് അങ്ങനെ പറഞ്ഞത് എന്ന്. വൈകാരികമായ ഒരു ദിനമാണിന്ന്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അച്ഛന്‍ മല്‍സരിച്ച് ഫലം വരുന്നതിന് തൊട്ടുമുമ്പാണ് മരിച്ചത്. തിരഞ്ഞെടുപ്പ് എന്ന് പറയുമ്പോള്‍ ആ ഓര്‍മയാണ് ഉണ്ടാകുക....
യുഡിഎഫ് ജയിക്കണം. കാരണം, ഞങ്ങളുടെ പാര്‍ട്ടിയാണിത്. മരണം വരെ കോണ്‍ഗ്രസുകാരിയായിരിക്കും എന്ന നിലപാടില്‍ മാറ്റമില്ല. സ്ഥാനാര്‍ഥി വീട്ടിലെത്തിയില്ല എന്ന് ഞങ്ങള്‍ ആരോടും പരാതി പറഞ്ഞിട്ടില്ല. കറുത്ത വസ്ത്രം എന്ന് പറയുന്നത് തീര്‍ച്ചയായും ധൈര്യത്തിന്റെ ഡ്രസ് അല്ലേ. യുഡിഎഫിനൊപ്പം ഞങ്ങള്‍ നില്‍ക്കുമെന്ന അവരുടെ വിശ്വാസമാണ് വീട്ടിലെത്തി വോട്ട് ചോദിക്കാതിരുന്നത്. ആ വിശ്വാസം ഞങ്ങള്‍ എന്നും തെളിയിച്ചിരിക്കും.''












Click it and Unblock the Notifications