വൈറ്റില ജങ്ഷനിലെ കുരുക്ക് അഴിക്കും..; ഒന്നരക്കോടിയുടെ അടിയന്തര പദ്ധതി
വൈറ്റില ജങ്ഷനിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ അടിയന്തര അടിസ്ഥാനത്തിൽ ഒന്നരക്കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ ആരംഭിക്കാൻ തീരുമാനം. ജില്ലാ കളക്ടർ ജി പ്രിയങ്ക അധ്യക്ഷത വഹിച്ച യോഗത്തിലാണ് റോഡ് സേഫ്റ്റി അതോറിറ്റി പി.ഡബ്ല്യു.ഡി ദേശീയപാത വിഭാഗത്തിന് അനുവദിച്ച ഫണ്ട് ഉപയോഗിച്ച് നവീകരണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കാൻ നിർദേശം നൽകിയത്.
അനുവദിച്ച തുക വിനിയോഗിച്ചുള്ള റോഡ് നവീകരണ പ്രവർത്തനങ്ങൾ അടുത്ത ആഴ്ച തന്നെ തുടങ്ങണമെന്നാണ് നിർദേശം. നിലവിലുള്ള തടസ്സങ്ങൾ നീക്കം ചെയ്ത് പുതിയ രീതിയിൽ റോഡ് ലൈൻ ക്രമീകരിക്കുന്ന പദ്ധതി ജൂലൈ 30നകം അതിവേഗം പൂർത്തിയാക്കണമെന്ന് ജില്ലാ കളക്ടർ ഉദ്യോഗസ്ഥരെ അറിയിച്ചു.
ഒന്നരക്കോടി രൂപ ചെലവഴിക്കുന്ന പദ്ധതിയിലൂടെ വൈറ്റില മേഖലയിലെ ഗതാഗതക്കുരുക്ക് ഏകദേശം 60 ശതമാനം വരെ കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷ. ഇതിന്റെ ഭാഗമായി സഹോദരൻ അയ്യപ്പൻ റോഡിൽ നിന്നുള്ള ചില കട്ടിംഗുകളും ദേശീയപാത മേൽപ്പാലത്തിന്റെ തൂണുകൾക്കരികിലെ കോൺക്രീറ്റ് ഭാഗങ്ങളും ഭാഗികമായി മാറ്റി ക്രമീകരിക്കും. ഇതോടെ സഹോദരൻ അയ്യപ്പൻ റോഡിലൂടെ എത്തുന്ന സ്വകാര്യ ബസുകൾ അടക്കമുള്ള വലിയ വാഹനങ്ങളെ കണിയാമ്പുഴ റോഡിലൂടെ ഹബ് എക്സിറ്റിലേക്ക് തിരിച്ചുവിടാനാണ് തീരുമാനം. അതേസമയം കാറുകൾ പോലുള്ള ചെറിയ വാഹനങ്ങൾ സിഗ്നൽ കടന്ന് സ്റ്റേറ്റ് ഹൈവേ വഴി കടത്തിവിടും. ഹെവി വാഹനങ്ങൾക്ക് അധിക ദൂരം പോകേണ്ടി വന്നാലും ജംഗ്ഷനിൽ ഉണ്ടാകുന്ന നീണ്ട സമയനഷ്ടം കുറയ്ക്കാൻ ഇത് സഹായിക്കുമെന്നാണ് വിലയിരുത്തൽ.

പദ്ധതിയുടെ ഭാഗമായി വൈറ്റില ജംഗ്ഷനിൽ നിന്ന് കണിയാമ്പുഴ ഭാഗത്തേക്ക് 120 മീറ്റർ നീളവും 12.5 മീറ്റർ വീതിയുമുള്ള പുതിയ റോഡും നിർമ്മിക്കും. നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെ ഗതാഗതക്കുരുക്ക് രൂക്ഷമാകാതിരിക്കാനായി മതിൽ പൊളിക്കൽ ഉൾപ്പെടെയുള്ള സിവിൽ ജോലികൾ മുഴുവൻ രാത്രിയിലാകും നടത്തുക. പൊളിച്ചുമാറ്റുന്ന അവശിഷ്ടങ്ങൾ ഉടൻ തന്നെ ഗ്രീൻ സോണുകളിലേക്ക് മാറ്റി റോഡിൽ തടസ്സം ഉണ്ടാകാതിരിക്കണമെന്ന് കരാറുകാരന് നിർദേശം നൽകിയിട്ടുണ്ട്.
ഇതിനൊപ്പം ഭാവിയിൽ വൈറ്റില പൂർണമായും സിഗ്നൽ രഹിതമാക്കാനുള്ള ദീർഘകാല പദ്ധതികളെയും കുറിച്ച് യോഗത്തിൽ ചർച്ചയായി, ഇ ശ്രീധരൻ, പൊതുപ്രതിനിധി റോയ്, യുണൈറ്റഡ് ഫോറം എന്നിവർ സമർപ്പിച്ച മൂന്ന് വ്യത്യസ്ത നിർദേശങ്ങളാണ് ഇപ്പോൾ പരിഗണനയിൽ ഉള്ളത്. ഈ മൂന്ന് പദ്ധതികളും ഏകോപിപ്പിച്ച് ചെലവ് കുറഞ്ഞതും പ്രായോഗികവുമായ രൂപരേഖ തയ്യാറാക്കുന്നതിനായി ഈ മാസം 19ന് വൈകിട്ട് 4 മണിക്ക് കളക്ടറുടെ നേതൃത്വത്തിൽ വീണ്ടും യോഗം ചേരും. തുടർന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടൊപ്പം പ്രദേശം നേരിട്ട് സന്ദർശിക്കാനും തീരുമാനമായി.
സബ് കളക്ടർ Granthae Sai Krishna, Kochi Corporation കൗൺസിലർമാർ, ആർ.ടി.ഒ ഉദ്യോഗസ്ഥർ, ട്രാഫിക് പോലീസ് വിഭാഗം, പി.ഡബ്ല്യു.ഡി പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.












Click it and Unblock the Notifications