വൈറ്റില മൊബിലിറ്റി ഹബ്ബിന്റെ രണ്ടാം ഘട്ടം; 100 ബസ് ബേകൾ, മൾട്ടി ലെവൽ കാർ പാർക്കിംഗ്..വൻ പദ്ധതി
കഴിഞ്ഞ 15 വർഷത്തിലധികമായി അനിശ്ചിതത്വത്തിലായിരുന്ന വൈറ്റില മൊബിലിറ്റി ഹബ്ബിന്റെ രണ്ടാം ഘട്ട പദ്ധതിക്ക് ഒടുവിൽ ജീവൻ വെക്കുന്നു. ഫണ്ടിന്റെ ലഭ്യതക്കുറവും നടപടിക്രമങ്ങളിലെ തടസ്സങ്ങളുമാണ് പദ്ധതി വൈകാൻ ഇടയതായത്. മാതൃകാ പെരുമാറ്റച്ചട്ടം മാറിയാലുടൻ നടപടികൾ ആരംഭിക്കുമെന്ന് വൈറ്റില മൊബിലിറ്റി ഹബ് സൊസൈറ്റി (VMHS) മാനേജിംഗ് ഡയറക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. പുതിയ വിശദമായ പദ്ധതി റിപ്പോർട്ട് (DPR) തയ്യാറാക്കി പുതിയ സർക്കാരിനെ സമീപിച്ച് രണ്ടാം ഘട്ടം പുനരാരംഭിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
രണ്ടാം ഘട്ടത്തിലൂടെ, കൊച്ചി മെട്രോ, ജലഗതാഗതം, ദീർഘദൂര ബസ് സർവീസുകൾ എന്നിവയെ ബന്ധിപ്പിക്കുന്ന ലോകോത്തര നിലവാരമുള്ള ഒരു സമഗ്ര ഗതാഗത ടെർമിനലാക്കി വൈറ്റില ഹബ്ബിനെ മാറ്റാനാണ് ലക്ഷ്യമിടുന്നത്. ഏകദേശം 100 ബസ് ബേകൾ, മൾട്ടി ലെവൽ കാർ പാർക്കിംഗ് സൗകര്യം (MLCP), വിപുലമായ വാണിജ്യ-ഹോസ്പിറ്റാലിറ്റി ഇടങ്ങൾ എന്നിവ രണ്ടാം ഘട്ടത്തിൽ നടപ്പാക്കും.

2014-ൽ വിഎംഎച്ച്എസ് തയ്യാറാക്കിയ ആദ്യ ഡിപിആർ, 433.34 കോടി രൂപയുടെ പദ്ധതിച്ചെലവ് കണക്കാക്കിയിരുന്നെങ്കിലും ഫണ്ടില്ലാത്തതിനെത്തുടർന്ന് ഉപേക്ഷിക്കേണ്ടി വന്നു. 2019-ൽ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡും ഡിപിആർ സമർപ്പിച്ചിരുന്നു. 590 കോടി രൂപയാണ് ചെലവ് കണക്കാക്കിയത്. ഹരിത ഇടങ്ങൾ സംരക്ഷിച്ചുകൊണ്ടും നിലനിർത്തിക്കൊണ്ടും ഗതാഗത, വാണിജ്യ സൗകര്യങ്ങൾ പൂർണ്ണമായി സമന്വയിപ്പിക്കുന്ന ഒരു 'ഹബ് ആൻഡ് സ്പോക്ക്' മാതൃകയാണ് കെഎംആർസിഎൽ മുന്നോട്ട് വെച്ചത്. എന്നാൽ ധനകാര്യ വകുപ്പ് നേരിട്ടുള്ള ഫണ്ടിംഗ് തള്ളിക്കളഞ്ഞു. പൊതു-സ്വകാര്യ പങ്കാളിത്തം മാതൃകയാണ് വകുപ്പ് മുന്നോട്ട് വെച്ചത് . തുടർന്ന്, ഫ്രഞ്ച് ഡെവലപ്‌മെന്റ് ഏജൻസിയിൽ (AFD) നിന്ന് ഫണ്ട് കണ്ടെത്താനുള്ള ഒരു പദ്ധതിയും നീതി ആയോഗിന്റെ എതിർപ്പിനെ തുടർന്ന് ഉപേക്ഷിക്കേണ്ടി വന്നു.
നിലവിൽ, ട്രാൻസിറ്റ് ഓറിയന്റഡ് ഡെവലപ്‌മെന്റ് (TOD) മാതൃക പരിഗണിക്കാമെന്ന നിർദേശമാണ് ഉയർന്നിരിക്കുന്നത്.. മാളുകൾ, ഓഫീസ് കെട്ടിടങ്ങൾ, ഹോട്ടലുകൾ തുടങ്ങിയ വാണിജ്യ സ്ഥാപനങ്ങളിലൂടെ സ്ഥലത്തിന്റെ വാണിജ്യ സാധ്യതകൾ പൂർണ്ണമായി ഉപയോഗപ്പെടുത്തുന്നതിലൂടെ പദ്ധതി സാമ്പത്തികമായി ലാഭകരമാവുകയും, സർക്കാരിന് കൂടുതൽ ആകർഷകമായി മാറുകയും ചെയ്യുമെന്നാണ് സൊസൈറ്റി കണക്കാക്കുന്നത്.
"കൊച്ചിയുടെ നഗര ഭൂപ്രകൃതിക്ക് കാര്യമായ മാറ്റങ്ങൾ വന്നിട്ടുണ്ട്. മെട്രോയുടെ ഒന്നാം ഘട്ടം വിജയകരമായി പൂർത്തിയാക്കിയതും വാട്ടർ മെട്രോയുടെ വരവും യാത്രാരീതികൾ മാറ്റിമറിച്ചു. അതിനാൽ മുൻപ് നടത്തിയ സാധ്യതാ പഠനങ്ങൾ ഇപ്പോൾ പൂർണ്ണമായും കാലഹരണപ്പെട്ടു കഴിഞ്ഞു. വൈറ്റില ഹബ്ബിനുള്ളിലെ ഭൂമി കെഎസ്ആർടിസിക്ക് കൈമാറ്റം ചെയ്യാനുള്ള മുൻ നിർദ്ദേശം പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട്. ഈ ഭൂമി, തീർച്ചയായും, രണ്ടാം ഘട്ട വികസനത്തിന് നിർണായകമാകും,', ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറഞ്ഞു.
അതേസമയം, കൊച്ചി കോർപ്പറേഷൻ തയ്യാറാക്കുന്ന ലോക്കൽ ഏരിയ പ്ലാനുമായി പദ്ധതിയെ സംയോജിപ്പിക്കണമെന്ന ആവശ്യവും ശക്തമായി ഉയർന്നിട്ടുണ്ട്. പദ്ധതിയുടെ വിപുലീകരണം കോർപ്പറേഷനുമായി ചേർന്നുള്ള ഒരു സംയുക്ത സംരംഭമായി അനിവാര്യമായി നടപ്പാക്കണമെന്ന് വൈറ്റില കൗൺസിലർ വി.പി. ചന്ദ്രൻ അഭിപ്രായപ്പെട്ടു. "വൈറ്റില മെട്രോ സ്റ്റേഷന്റെ 500 മീറ്റർ ചുറ്റളവിൽ 105 ഹെക്ടറിലധികം വികസനം Lഎൽഎപി മുഖേന ലക്ഷ്യമിടുന്നുണ്ട്. ഈ വിശാലമായ പ്രദേശം വൈറ്റില ജംഗ്ഷനിലെ വലിയ ഗതാഗതക്കുരുക്ക് ലഘൂകരിക്കാനും ഫലപ്രദമായി ഉപയോഗിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications