പച്ച തെളിഞ്ഞാലും സീബ്രാ ലൈനില്‍ കാല്‍നടയാത്രക്കാര്‍; നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍

കോഴിക്കോട് : സീബ്രാ ക്രോസിംഗുകളിലൂടെ ഏതു സമയത്തും റോഡ് മുറിച്ചുകടക്കുന്നവര്‍ക്കും ഫുട്പാത്ത് ഉപയോഗിക്കാതെ റോഡിലൂടെ നടക്കുന്നവര്‍ക്കെതിരെയും പോലീസ് നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. അലക്ഷ്യമായി മൊബൈല്‍ ഫോണില്‍ സംസാരിച്ച് റേഡ് മുറിച്ചു കടക്കുന്നവര്‍ക്കെതിരെയും നടപടിയെടുക്കണമെന്നും കമ്മീഷന്‍ ജൂഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.
ഉത്തമമായ ഒരു ട്രാഫിക് സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ ബോധവത്കരണം നല്‍കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. കോഴിക്കോട് നഗരത്തിലെ വണ്‍വേ ലംഘനം, ഹൈബീം ഉപയോഗം, അമിതവേഗത തുടങ്ങിയ നിയമലംഘനങ്ങളെ കുറിച്ച് പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഉത്തരവ്.
നഗരത്തിലെ ട്രാഫിക് ക്രമീകരണങ്ങളിലും നിയമലംഘനങ്ങള്‍ക്കെതിരെയും സിറ്റി ട്രാഫിക് പോലീസ് ക്രിയാത്മകമായി ഇടപെടുന്നുണ്ടെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. എന്നാല്‍ ഇടപെടലുകള്‍ ഉണ്ടായിട്ടും അപകടങ്ങള്‍ വര്‍ദ്ധിക്കുന്നത് ആശങ്കപ്പെടുത്തുന്നു. ഇരുചക്രവാഹനങ്ങള്‍ കൂട്ടിമുട്ടി മരണം സംഭവിക്കുന്നത് കേട്ടുകേള്‍വിയില്ലാത്ത സംഭവമാണ്.
ഇപ്പോള്‍ ഇത് സാധാരണ വാര്‍ത്തയായി മാറിയിരിക്കുന്നു. അനിയന്ത്രിതമായ വേഗതയും നഗ്‌നമായ നിയമലംഘനവും അക്ഷമയും ട്രാഫിക് സംസ്‌കാരത്തിന്റെ അഭാവവുമാണ് അപകടങ്ങള്‍ക്ക് പ്രധാന കാരണം. എല്ലാതരം വാഹനങ്ങള്‍ ഓടിക്കുന്നവരും കാല്‍നടക്കാര്‍ക്ക് അര്‍ഹമായ പരിഗണന നല്‍കേണ്ടതാണ്. അതേസമയം ട്രാഫിക് സിഗ്‌നലുകള്‍ അവഗണിക്കുന്നതില്‍ കാല്‍നടയാത്രക്കാരും ഒട്ടും പിറകിലല്ല.
വാഹനങ്ങള്‍ക്ക് പോകുന്നതിനായി പച്ചലൈറ്റ് കത്തുമ്പോള്‍ തന്നെ റോഡ് മുറിച്ചുകടക്കുന്നത് സാധാരണ കാഴ്ചയാണ്. സീബ്ര ക്രോസിംഗുകളില്‍ കൂടി ഏതു സമയത്തും റോഡ് മുറിച്ചുകടക്കാമെന്നാണ് ചിലരുടെ ധാരണയെന്നും കെ. ബൈജുനാഥ് ഉത്തരവില്‍ പറഞ്ഞു. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്കാണ് കമ്മീഷന്‍ ഉത്തരവ് നല്‍കിയത്.












Click it and Unblock the Notifications