വഖഫ് നിയമഭേദഗതി ബില്ല് പാർലമെന്റില്‍ അവതരിപ്പിച്ചു: ശക്തമായ പ്രതിഷേധം ഉയർത്തി പ്രതിപക്ഷം
ഡല്‍ഹി: പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തിനിടെ വഖഫ് നിയമഭേദഗതി ബില്ല് പാർലമെന്റില്‍ അവതരിപ്പിച്ച് കേന്ദ്ര സർക്കാർ. സംയുക്ത പാർലമെന്ററി കമ്മിറ്റിയുടെ നിർദ്ദേശങ്ങൾ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ബില്ല് അവതരിപ്പിച്ചുകൊണ്ട് പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി കിരണ്‍ റിജിജു ചൂണ്ടിക്കാട്ടി. വഖഫ് ബില്ലിനെ ഏകീകൃത വഖഫ് മാനേജ്മെന്റ് ശാക്തീകരണ, കാര്യക്ഷമത, വികസന (UMEED) ബിൽ എന്ന് പുനർനാമകരണം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
"ഞങ്ങൾ അവതരിപ്പിച്ച വഖഫ് (ഭേദഗതി) ബില്ലിൽ ജെ പി സിയിൽ നിന്നുള്ള നിരവധി ശുപാർശകൾ ഉൾപ്പെടുന്നു, അവ ഞങ്ങൾ അംഗീകരിച്ച് ഈ ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജെ പി സിയിൽ നിന്നുള്ള ശുപാർശകൾ ഈ ബില്ലിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് പറയുന്നത് തെറ്റാണ്. ഈ ബില്ലിന്റെ വളരെ പ്രധാനപ്പെട്ട ഒരു വശം പുതിയ ഘടനാപരമായ സംവിധാനമാണ്. വഖഫ് ബില്ലിനെ ഏകീകൃത വഖഫ് മാനേജ്മെന്റ് ശാക്തീകരണ, കാര്യക്ഷമത, വികസന (UMEED) ബിൽ എന്ന് പുനർനാമകരണം ചെയ്തു. ഇത് പ്രതീക്ഷയുടെ ഒരു ബോധം നൽകും," കേന്ദ്രമന്ത്രി പറഞ്ഞു.

പ്രതിപക്ഷ വിമർശനത്തെ കേന്ദ്രമന്ത്രി ശക്തമായ ഭാഷയില്‍ വിമർശിച്ചു. "നമ്മൾ നല്ല മാറ്റങ്ങൾ കൊണ്ടുവരുമ്പോൾ എന്തിനാണ് വെല്ലുവിളിക്കപ്പെടുന്നത്? ബില്ലിൽ നേരിട്ട് പങ്കാളിത്തമില്ലാത്തവരെ തെറ്റിദ്ധരിപ്പിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്യുന്നു." കിരണ്‍ റിജിജു പറഞ്ഞു.
അതേസമയം, കേന്ദ്രം നിയമനിർമ്മാണ സംവിധാനത്തെ അട്ടിമറിക്കുകയാണെന്ന് ബില്ലിനെ എതിർത്തുകൊണ്ട് എ ഐ സി സി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല പറഞ്ഞു. "നിങ്ങൾ സഭയിൽ കൊണ്ടുവരുന്ന ഇത്തരത്തിലുള്ള ബില്ലുകളില്‍ (വഖഫ് ഭേദഗതി ബിൽ), അംഗങ്ങൾക്ക് ഭേദഗതികൾ നിർദേശിക്കാന്‍ അധികാരമുണ്ടായിരിക്കണം. നിങ്ങൾ നിയമനിർമ്മാണം അട്ടിമറിക്കുകയാണ്. ഭേദഗതിക്ക് നിങ്ങൾ സമയം നൽകേണ്ടതുണ്ട്. ഭേദഗതി നൽകേണ്ട നിരവധി വ്യവസ്ഥകളുണ്ട്. അതൊന്നും ഇവിടെ പാലിച്ചിട്ടില്ല" അദ്ദേഹം പറഞ്ഞു.
അതേസമയം ബില്ലിനെതിരെ വോട്ട് ചെയ്യുമെന്ന് ഇന്ത്യ സഖ്യത്തിന് പുറത്തുള്ള എ ഐ എ ഡി എം കെ, നവീൻ പട്നായികിന്റെ ബിജു ജനതാദൾ, കെ ചന്ദ്രശേഖരറാവുവിന്റെ ഭാരത് രാഷ്ട്ര സമിതി തുടങ്ങിയ പാർട്ടികൾ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഈ കക്ഷികളെല്ലാം എതിർത്താലും ബില്‍ പാസാക്കാനുള്ള അംഗബലം ഭരണപക്ഷത്തിനുണ്ട്. ഏതെങ്കിലും തരത്തിലുള്ള തിരിച്ചടിയുണ്ടാകണമെങ്കില്‍ ജെ ഡി യു, ടി ഡി പി എന്നീ കക്ഷികള്‍ എതിർത്ത് വോട്ട് ചെയ്യണം. എന്നാല്‍ ഇതിനുള്ള സാധ്യത വളരെ കുറവാണ്.












Click it and Unblock the Notifications