ഉമര്‍ ഫൈസിയും കെഎസ് ഹംസയും പുറത്താകും? ബുധനാഴ്ച നിര്‍ണായകം, വഖഫ് ബോര്‍ഡ് അഴിച്ചുപണിയും
വഖഫ് ബോര്‍ഡ് പുനഃസംഘടിപ്പിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍. അംഗങ്ങളുടെ യോഗ്യത ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി ബുധനാഴ്ച ഹൈക്കോടതിയുടെ പരിഗണനയില്‍ വരുന്നുണ്ട്. ഇതിന് ശേഷം തുടര്‍ നടപടികളിലേക്ക് സര്‍ക്കാര്‍ കടന്നേക്കും. മാത്രമല്ല, മുസ്സിം ഇതര അംഗങ്ങളെ ഇപ്പോള്‍ നിയമിക്കില്ല. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ബന്ധപ്പെട്ട ഹര്‍ജിയില്‍ അന്തിമ തീരുമാനം വന്ന ശേഷമേ ഇക്കാര്യം ആലോചിക്കൂ.
വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ കെഎസ് ഹംസ ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത് നിയമിക്കപ്പെട്ട വ്യക്തിയാണ്. ഇദ്ദേഹത്തിന്റെ പല പ്രതികരണങ്ങളും സര്‍ക്കാരിന് തലവേദനയാകുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഹംസയെ മാറ്റണം എന്ന നിലപാടാണ് സര്‍ക്കാരിലെ ഒരു വിഭാഗത്തിനുള്ളത്. മാത്രമല്ല, ഉമര്‍ ഫൈസി മുക്കത്തെയും ബോര്‍ഡില്‍ നിന്ന് മാറ്റാന്‍ സമ്മര്‍ദ്ദമുണ്ട്.

മുനമ്പത്തേത് വഖഫ് ഭൂമിയാണ് എന്ന നിലപാടാണ് ബോര്‍ഡ് ചെയര്‍മാന്‍ കെഎസ് ഹംസയ്ക്കുള്ളത്. മുസ്ലിം സംഘടനകള്‍ക്കും ഇതേ നിലപാടാണ്. എന്നാല്‍ മുഖ്യമന്ത്രി വിഡി സതീശന്‍ പറയുന്നത് അത് വഖഫ് ഭൂമിയല്ല എന്നാണ്. മുസ്ലിം ലീഗില്‍ രണ്ട് അഭിപ്രായമുള്ള നേതാക്കളുമുണ്ട്. ഹംസയുടെ പ്രതികരണം പലപ്പോഴും ഇക്കാര്യത്തില്‍ സര്‍ക്കാരിന് എതിരാണ്.
വഖഫ് ബോര്‍ഡും വഖഫ് വകുപ്പും ചേര്‍ച്ചയില്ലാതെയാണ് മുന്നോട്ട് പോകുന്നത്. ഇതും സര്‍ക്കാരിന് മുന്നില്‍ വെല്ലുവിളിയാണ്. വഖഫ് ബോര്‍ഡില്‍ അമുസ്ലിങ്ങളെ നിയമിക്കാന്‍ പോകുന്നു എന്ന പ്രചാരണം മറ്റൊരു ഭാഗത്തുണ്ട്. ഇത് സര്‍ക്കാരിനെതിരെ മുസ്ലിം സമുദായത്തിനിടയില്‍ വികാരം വളരാന്‍ കാരണമാകുമെന്ന് മുസ്ലിം ലീഗ് കരുതുന്നു. ഇതെല്ലാം ബോര്‍ഡ് പുനഃസംഘടിപ്പിക്കുന്നതിലൂടെ പരിഹരിക്കാമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.
വഖഫ് ബോര്‍ഡിലെ നാല് അംഗങ്ങളുടെ യോഗ്യത ചോദ്യം ചെയ്തുള്ള ഹര്‍ജിയാണ് ഹൈക്കോടതിയിലുള്ളത്. ബോര്‍ഡ് പുനഃസംഘടപ്പിക്കല്‍ ആവാമെന്ന് നേരത്തെ ഹൈക്കോടതി പറഞ്ഞിരുന്നു. ഈ ഹര്‍ജിയില്‍ ഇനി ബുധനാഴ്ച വാദം കേള്‍ക്കുന്ന ഹൈക്കോടതിയിലെ നടപടികള്‍ എങ്ങനെ മുന്നോട്ട് പോകുന്നു എന്ന് കൂടി നിരീക്ഷിച്ചാകും സര്‍ക്കാരിന്റെ തീരുമാനം. അതേസമയം, പുതിയ വഖഫ് നിയമ പ്രകാരമുള്ള രണ്ട് അമുസ്ലിങ്ങളെ ഇപ്പോള്‍ നിയോഗിക്കില്ല.
വഖഫ് ബോര്‍ഡ് പിരിച്ചുവിടാന്‍ തീരുമാനിച്ചിട്ടില്ലെന്ന് വകുപ്പ് മന്ത്രി എന്‍ ഷംസുദ്ദീന്‍ പ്രതികരിച്ചു. കോടതിയിലെ നടപടികള്‍ സര്‍ക്കാര്‍ നിരീക്ഷിക്കുകയാണ്. ചില അംഗങ്ങളുടെ യോഗ്യതയില്‍ സംശയമുണ്ട്. ഇപ്പോള്‍ പിരിച്ചുവിടാന്‍ തീരുമാനിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ബോര്‍ഡ് പിരിച്ചുവടല്‍ തീരുമാനം സര്‍ക്കാരിന്റെ ആസൂത്രിത ശ്രമമായിരിക്കാമെന്ന് ചെയര്‍മാന്‍ കെഎസ് ഹംസ പ്രതികരിച്ചു. നിയമം മറികടക്കാന്‍ സാധിക്കില്ലെന്നും പിരിച്ചുവിടല്‍ സാധ്യതയില്ലാത്ത കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.


Click it and Unblock the Notifications
