'വഖഫ് എന്നാൽ നാല് അക്ഷരങ്ങളിലൊതുങ്ങുന്ന കിരാതം'; വിവാദ പരാമർശവുമായി സുരേഷ് ഗോപി
വഖഫ് ബോർഡിനെതിരെ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സുരേഷ് ഗോപി. മുനമ്പത്തേത് നാല് അക്ഷരത്തിലൊതുങ്ങുന്ന കിരാതമാണെന്നും വഖഫ് ബോർഡ് പൂട്ടിക്കെട്ടിയിരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. വയനാട്ടിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെയായിരുന്നു വിവാദ പരാമർശങ്ങൾ.
'മണിപ്പൂരും പൊക്കിപ്പിടിച്ച് നടന്നവൻമാരൊന്നും ഇന്നില്ല. ആർക്കും മണിപ്പൂരിനെ വേണ്ടി. മണിപ്പൂരിനെ പോലെ തന്നെ സമാനമായ ഭാരതത്തിലെ മറ്റൊരു വിഷയം, ആ ബോർഡിന്റെ പേര് പറയാൻ ഉദ്ദേശിക്കുന്നില്ല. നാല് ആംഗലേയ അക്ഷരങ്ങളിൽ ഒതുങ്ങുന്ന ഒരു കിരാതം. എനിക്ക് ഇന്നലേയും കേന്ദ്രത്തിൽ നിന്ന് അമിത് ഷായുടെ ഓഫീസിൽ നിന്ന് ഒരു വീഡിയോ വന്നിട്ടുണ്ട്. ആ വീഡിയോ ഞാൻ ഇവിടുത്തെ സംസ്ഥാന നേതൃത്വത്തിന് കൈമാറിയിട്ടുണ്ട്. അത് ഇന്ന് മുതൽ പ്രചാരത്തിൽ വരണം.

മോദിയുടെ നെഞ്ചളവ് നിങ്ങൾക്ക് അളക്കാൻ പറ്റില്ല. ദേശത്തിലെ ഭരണസംവിധാനം എത്ര സംശുദ്ധമായി പ്രജകൾക്ക് വേണ്ടി നിലകൊള്ളുന്നു എന്ന് വ്യക്തമാക്കിക്കൊണ്ട് ഒരു ബോർഡും ഇവിടെ തണ്ടെല്ലോട് കൂടി നിൽക്കില്ല. ആ തണ്ടല്ല് ഞങ്ങൾ ഊരിയിരിക്കും. ഞങ്ങൾക്ക് മുനമ്പത്തെ സുഖിപ്പിച്ച് കൊണ്ട് ഒന്നും നേടേണ്ട', സുരേഷ് ഗോപി പറഞ്ഞു.
അതേസമയം ഇതേ വേദിയിൽ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ബി ഗോപാലകൃഷ്ണനും വഖഫിനെതിരെ വിവാദ പരാമർശം നടത്തിയിരുന്നു.
'ശബരിമല, അയ്യപ്പന്റെ ഭൂമി, നാളെ വഖഫ് ആണെന്ന് പറയില്ലേ. അവിടെയൊരു ചങ്ങായി ഇരിപ്പുണ്ട് അയ്യപ്പനു താഴെ. അയ്യപ്പൻ പതിനെട്ടു പടിയുടെ മുകളിലാണ്. പതിനെട്ടു പടിയുടെ അടിയിൽ വേറൊരു ചങ്ങായി ഇരിപ്പുണ്ട്. വാവര്. ഈ വാവര് നാളെ പറയുവാണ് ഞാനിത് വഖഫിന് കൊടുത്തെന്ന് പറഞ്ഞാൽ നാളെ ശബരിമല വഖഫിന്റേത് ആകും. അയ്യപ്പന് ഇറങ്ങിപ്പോകേണ്ടി വരും. അനുവദിക്കണോയെന്നായിരുന്നു ഗോപാലകൃഷ്ണന്റെ പരാമർശം.
വഖഫ് ബോർഡിന്റെ അധിനിവേശത്തിന്റെ കഥകൾ പലസ്ഥലങ്ങളിലും ആശങ്കയായി ഉയർന്നുവരികയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും പ്രതികരിച്ചു. തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രത്തിന് സമീപത്തുള്ള സ്ഥലങ്ങളിലും ചേലക്കര മണ്ഡലത്തിലെ ഒരു സ്ഥലത്തും വഖഫിന്റെ അധിനിവേശ ഭീഷണി ഉയർന്നിരിക്കുകയാണ്.വ്യാപകമായ രീതിയിൽ വഖഫിന്റെ അധിനിവേശം സംസ്ഥാനത്ത് ഭീതിജനകമായ സാഹചര്യം സൃഷ്ടിച്ചിട്ടും എൽഡിഎഫും യുഡിഎഫും പ്രതികരിക്കുന്നില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.












Click it and Unblock the Notifications