അന്തേവാസി മരിച്ച സംഭവം: മാനസികാരോഗ്യ കേന്ദ്രത്തിലെ വാർഡൻ അറസ്റ്റിൽ, മരണകാരണം അവയവങ്ങൾക്കേറ്റ ക്ഷതം
പാലക്കാട്: തൃത്താലയിൽ മാനസികാരോഗ്യ കേന്ദ്രത്തിൽ അന്തേവാസി മരിച്ച സംഭവത്തിൽ വാർഡൻ അറസ്റ്റിൽ. സ്നേഹനിലയത്തിലെ അന്തേവാസി സിദ്ദിഖ് മർദ്ദനമേറ്റ് മരിച്ചെന്ന പരാതിയിലാണ് മുഹമ്മദ് നബീലിനെ പോലീസ് അറസ്റ്റ് ചെയ്തത്. നബീൽ മരിച്ച സിദ്ദിഖിനെ മർദ്ദിച്ചിരുന്നതായി ബന്ധുക്കളിൽ നിന്ന് പരാതിയുയർന്നിരുന്നു. അതേസമയം സ്നേഹനിലയത്തിന്റെ പ്രവർത്തനം നിയമാനുസൃതമല്ലെന്ന് ആരോഗ്യ വകുപ്പ് കണ്ടെത്തിയിട്ടുമുണ്ട്.
സിദ്ദിഖിന്റെ മരണകാരണം ആന്തരീകാവയവങ്ങൾക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ആന്തരീകാവയവങ്ങളിൽ നീർക്കെട്ട് ഉണ്ടായിരുന്നുവെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്. നീർക്കെട്ടിന് കാരണം മർദ്ദനമേറ്റതാകാമെന്നാണ് പോലീസ് നിഗമനം. ഇതോടെയാണ് വാർഡന്റെ അറസ്റ്റ്. ബന്ധുക്കൾ ആരോപണമുന്നയിച്ചതോടെ നേരത്തെ തന്നെ തൃത്താല പോലീസ് കേസെടുത്തിരുന്നു.

അന്തേവാസികളിൽ ഒരാൾ മരിച്ചതോടെ സ്ഥാപനത്തിനെതിരെ പരിസരവാസികളിൽ നിന്നും ആരോപണമുയർന്നിരുന്നു. അന്തേവാസികളിൽ പലരും നേരത്തെയും മർദ്ദനത്തിനിരയായിട്ടുണ്ടെന്നാണ് നാട്ടുകാർ പയുന്നത്.
അതേസമയം മാനസികാസ്വാസ്ഥ്യമുള്ള അന്തേവാസികളെ പരിചരിക്കാൻ ആവശ്യമായ അംഗീകാരം സ്ഥാപനത്തിനില്ലെന്ന് ആരോഗ്യ വകുപ്പും കണ്ടെത്തിയിരുന്നു. ഇതോടെ സ്നേഹനിലയത്തിൽ വരും ദിവസങ്ങളിൽ പരിശോധന തുടരുമെന്ന് ആരോഗ്യവകുപ്പും അറിയിച്ചിട്ടുണ്ട്. അന്തേവാസി മരിച്ച സംഭവത്തിൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് പ്രവർത്തകർ സ്നേഹനിലയത്തിലേക്ക് മാർച്ചും സംഘടിപ്പിച്ചിരുന്നു.












Click it and Unblock the Notifications