നേമത്ത് ശശി തരൂർ മത്സരിക്കുമായിരുന്നു; പക്ഷേ, സംഭവിച്ചത് മറ്റൊന്ന്... എന്തുകൊണ്ട് കോൺഗ്രസ് ആവശ്യപ്പെട്ടില്ല
കോഴിക്കോട്: ഇത്തവണ നേമത്ത് സ്ഥാനാര്‍ത്ഥി ചര്‍ച്ചകളില്‍ ഉയര്‍ന്ന് കേട്ട പേരുകളില്‍ ഒന്നായിരുന്നു ശശി തരൂരിന്റേത്. എന്നാല്‍ അവസാന നിമിഷം മറ്റൊരു സിറ്റിങ് എംപിയായ കെ മുരളീധരനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിക്കുകയായിരുന്നു.
നേമത്ത് മത്സരിക്കാന്‍ താന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടില്ല എന്നാണ് ശശി തരൂര്‍ വ്യക്തമാക്കുന്നത്. എന്നാല്‍ നേമത്ത് മത്സരിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിരുന്നെങ്കില്‍ അതിന് തയ്യാറായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കുന്നു. മാതൃഭൂമിയോടാണ് അദ്ദേഹത്തിന്റെ പ്രതികരണം. വിശദാംശങ്ങള്‍...

നോ പറയില്ലായിരുന്നു
നേമത്ത് മത്സരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടിരുന്നെങ്കില്‍ 'നോ' പറയില്ലായിരുന്നു എന്നാണ് ശശി തരൂര്‍ വ്യക്തമാക്കുന്നത്. മത്സരിക്കണം എന്ന് പ്രത്യേകിച്ച് ആഗ്രഹം ഉണ്ടായിരുന്നില്ല. എന്നാല്‍ പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നെങ്കില്‍ സന്നദ്ധനായിരുന്നു എന്നതാണ് നിലപാട്.

മാധ്യമങ്ങളില്‍ മാത്രം
നേമത്തെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച ചര്‍ച്ചകള്‍ മാധ്യമങ്ങളിലായിരുന്നു വന്നത്. പാര്‍ട്ടി നേതൃത്വമോ ഹൈക്കമാന്‍ഡോ ഇങ്ങനെ ഒരു കാര്യം തന്നോട് പറഞ്ഞിട്ടില്ല എന്നാണ് തരൂര്‍ പറയുന്നത്. പാര്‍ട്ടി ഏല്‍പിക്കുന്ന ഏത് ദൗത്യവും താന്‍ നിറവേറ്റുമെന്നും അദ്ദേഹം പറയുന്നുണ്ട്.

തരൂര്‍ മത്സരിച്ചപ്പോള്‍
2009 ലേയും 2014 ലേയും 2019 ലേയും ലോക്‌സഭ തിരഞ്ഞെടുപ്പുകളില്‍ തിരുവനന്തപുരത്ത് നിന്ന് മത്സരിച്ചത് ശശി തരൂര്‍ ആയിരുന്നു. മൂന്ന് തവണയും ജയിച്ചത് ശശി തരൂര്‍ തന്നെ. എന്നാല്‍ 2009 ലെ തിരഞ്ഞെടുപ്പില്‍ ഒഴികെ മറ്റ് രണ്ട് തിരഞ്ഞെടുപ്പുകളിലും നേമം മണ്ഡലത്തില്‍ ഭൂരിപക്ഷം ബിജെപിയ്ക്കായിരുന്നു എന്നതാണ് വസ്തുത.

നേമത്തെ സ്ഥിതി
2006 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഘടകക്ഷികകള്‍ക്കായിരുന്നു കോണ്‍ഗ്രസ് നേമം സീറ്റ് നല്‍കിയത്. 2011 ലെ തിരഞ്ഞെടുപ്പില്‍ ഇവിടെ ബിജെപി രണ്ടാം സ്ഥാനത്തെത്തി. 2016 ല്‍ ഒ രാജഗോപാല്‍ വിജയിക്കുകയും ചെയ്തു. രണ്ട് തവണയും യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു.

നിര്‍ണായക മത്സരം
ഇത്തവണ നേമത്ത് നിര്‍ണായക പോരാട്ടമാണ് നടക്കുന്നത്. ശക്തനായ സ്ഥാനാര്‍ത്ഥിയെ തന്നെ നിര്‍ത്തുമെന്ന് കോണ്‍ഗ്രസ് ആദ്യമേ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഉമ്മന്‍ ചാണ്ടിയുടേതടക്കമുള്ള പേരുകള്‍ ഇവിടെ പരിഗണിക്കുകയും ചെയ്തിരുന്നു. ഇതിനിടെയായിരുന്നു ശശി തരൂരിന്റെ പേരും ഉയര്‍ന്ന് വന്നത്.

സ്ഥാനാര്‍ത്ഥികള്‍
ആദ്യം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത് സിപിഎം ആയിരുന്നു. കഴിഞ്ഞ തവണ മത്സരിച്ച് പരാജയപ്പെട്ട നേമം മുന്‍ എംഎല്‍എ വി ശിവന്‍ കുട്ടിയെ ആണ് ഇത്തവണയും മത്സരിപ്പിക്കുന്നത്. മുസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരനാണ് ബിജെപി സ്ഥാനാര്‍ത്ഥി. കെ മുരളീധരന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും.

നേമം ഗുജറാത്ത്
നേമം കേരളത്തിലെ ഗുജറാത്ത് ആണെന്ന കുമ്മനം രാജശേഖരന്‍ നടത്തിയ പരാമര്‍ശമാണ് ഇത്തവണ ഇത്രയും ശക്തമായ പോരാട്ടത്തിന് വഴിവച്ചിട്ടുള്ളത്. കുമ്മനം ആ പരാമര്‍ശത്തില്‍ ഉറച്ച് നില്‍ക്കുകയും ചെയ്തു. നേമത്ത് കോണ്‍ഗ്രസ് ബിജെപിയുമായി വോട്ട് കച്ചവടം നടത്തുന്നു എന്ന സിപിഎം ആരോപണം കൂടി ശക്തമായതോടെയാണ് ശക്തനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ കോണ്‍ഗ്രസ് തയ്യാറായത്.












Click it and Unblock the Notifications