മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു; 137.5 അടിയിലെത്തി
ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് ഉയരുന്നു. നിലവില്‍ 137.5 അടിയാണ് ഡാമിലെ ജലനിരപ്പ് എത്തിനില്‍ക്കുന്നത്. 138 അടിയായി ഉയര്‍ന്നാല്‍ രണ്ടാമത്തെ മുന്നറിയിപ്പ് നല്‍കും. സുപ്രിംകോടതിയുടെ ഉത്തരവ് പ്രകാരം അനുവദനീയമായ സംഭരണ ശേഷി 142 അടിയാണ്. ഈ 142 അടിയിലെത്തിയാല്‍ ഷട്ടറുകള്‍ ഉയര്‍ത്താന്‍ സാധ്യതയുണ്ട്. സെക്കന്‍ഡില്‍ 3025 ഘനയടി വെള്ളമാണ് ഒഴുകിയെത്തുന്നത്. അതില്‍ 2150 ഘനയടി വെള്ളമാണ് തമിഴ്നാട് കൊണ്ടുപോകുന്നത്. വൃഷ്ടിപ്രദേശങ്ങളില്‍ മഴ തുടരുന്നതിനാല്‍ ഡാമിലേക്കുള്ള നീരൊഴുക്ക് കൂടുകയാണ്. ജലനിരപ്പ് 136 അടിയെത്തിയപ്പോള്‍ തമിഴ്നാട് കേരളത്തിന് ആദ്യമുന്നറിയിപ്പ് നല്‍കിയിരുന്നു.
Recommended Video

അതേസമയം ഡാമില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ കൂടുതല്‍ വെള്ളം തമിഴ്‌നാട് കൊണ്ടുപോകണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് കത്തയച്ചു. നിലവിലെ അളവില്‍ നീരൊഴുക്ക് തുടര്‍ന്നാല്‍ ഡാമിലെ ജലനിരപ്പ് അതിവേഗം ഉയരാനാണ് സാധ്യത. ഷട്ടറുകള്‍ തുറക്കേണ്ടിവന്നാല്‍ 24 മണിക്കൂര്‍ മുന്‍പ് അറിയിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. മുല്ലപ്പെരിയാര്‍ ഡാമുമായി ബന്ധപ്പെട്ട പൊതുതാത്പര്യ ഹര്‍ജികള്‍ സുപ്രീംകോടതി നാളെ പരിഗണിക്കും. ഡാമിലെ നിലവിലെ ജലനിരപ്പ് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിക്കും. അണക്കെട്ടിന്റെ ബലപ്പെടുത്തല്‍ നടപടികളില്‍ തമിഴ്നാട് വീഴ്ച വരുത്തിയെന്നാണ് ഹര്‍ജി. കരാര്‍ ലംഘനമുണ്ടെന്ന പാട്ടക്കരാര്‍ റദ്ദാക്കണമെന്നുമാണ് ഹരജിയില്‍ ആവശ്യപ്പെടുന്നത്.
സുരക്ഷയ്ക്കായുള്ള മേല്‍നോട്ട സമിതി ഉത്തരവാദിത്തം നിര്‍വഹിക്കുന്നില്ലെന്നാണ് രണ്ടാമത്തെ ഹര്‍ജി. ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് രണ്ട് ഹര്‍ജികളും പരിഗണിക്കുന്നത്. മുല്ലപ്പെരിയാര്‍ ഡാമില്‍ 142 അടിയാണ് സുപ്രിംകോടതി നിജപ്പെടുത്തിയിരിക്കുന്ന ജലനിരപ്പ്. 142 അടിയിലെത്തിയാല്‍ ഷട്ടറുകള്‍ ഉയര്‍ത്താന്‍നാണ് സാധ്യത. ഇതിനിടെ യുഎന്‍ സര്‍വകലാശാലയുടെ റിപ്പോര്‍ട്ട് കൂടിവന്നതോടെ അണക്കെട്ടിന്റെ കാര്യത്തില്‍ ആശങ്ക വര്‍ധിച്ചിരിക്കുകയാണ്. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് ഭൂചലനം ഉണ്ടായതിനാല്‍ അണക്കെട്ടില്‍ വിള്ളലുണ്ടെന്നും, പരമാവധി 50 വര്‍ഷമാണ് അണക്കെട്ടിന്റെ ആയുസുമെന്നുമാണ് യുഎന്‍ സര്‍വകലാശാലയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഡാം പുതുക്കി പണിയണമെന്ന് തന്നെയാണ് റിപ്പോര്‍ട്ടിലും ആവശ്യപ്പെടുന്നത്.
അണക്കെട്ടിനു ഘടനാപരമായ ബലക്ഷയമുണ്ട്. അണക്കെട്ട് ഭൂചലന സാധ്യതാ മേഖലയിലാണ് സ്ഥിതി ചെയ്യുന്നത്. 1979ലും 2011ലുമുണ്ടായ ചെറിയ ഭൂചലനങ്ങള്‍ മൂലം അണക്കെട്ടില്‍ വിള്ളലുകളുണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യുഎന്‍ യൂണിവേഴ്‌സിറ്റിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ വാട്ടര്‍, എന്‍വയണ്‍മെന്റ് ആന്‍ഡ് ഹെല്‍ത്ത് ആണ് ലോകത്തിലെ പഴക്കം ചെന്ന ഡാമുകളുടെ സുരക്ഷാ ഭീഷണിയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ഇന്ത്യ, യുഎസ്, ഫ്രാന്‍സ്, കാനഡ, ജപ്പാന്‍, സാംബിയ, സിംബാവെ എന്നീ രാജ്യങ്ങളിലെ പഴക്കം ചെന്ന ഡാമുകളെക്കുറിച്ചാണ് ഇവര്‍ പഠനം നടത്തിയത്. അതില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടും ഉള്‍പ്പെടുന്നു. ഇടുക്കി ഉള്‍പ്പെടെയുള്ള ജില്ലകളില്‍ തുടര്‍ച്ചയായുണ്ടാകുന്ന അതിതീവ്ര മഴയും മിന്നല്‍പ്രളയവും ഉരുള്‍പൊട്ടലും മൂലം മുല്ലപ്പെരിയാര്‍ ഉള്‍പ്പെടെയുള്ള അണക്കെട്ടുകളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക ഉയരുന്നതിനിടെയാണ് യുഎന്‍ യൂണിവേഴ്‌സിറ്റിയുടെ റിപ്പോര്‍ട്ട് പുറത്തുവന്നത്.












Click it and Unblock the Notifications