വടകര കുന്നംകുളങ്ങര ചിറ സംരക്ഷിക്കാൻ ആളില്ല.. ഒരേക്കർ വിസ്തൃതിയിൽ നശിക്കുന്നത് നാടിന്റെ ജലസ്രോതസ്സ്
വടകര: ജല സമരം വരുന്ന ഘട്ടത്തിലെങ്കിലും നാട് ഓര്‍ക്കുക ഇവിടെ ഒരു ചിറ ഒളിഞ്ഞിരിപ്പുണ്ട് ഈ ചിറ ആരു സംരക്ഷിക്കും? മുന്നൂറ് വർഷത്തിലധികം പഴക്കമുള്ള വില്യാപപ്ള്ളി പഞ്ചായത്തിലെ കൂട്ടങ്ങാരത്തെ കുന്നംകുളം പരദേവതാ ക്ഷേത്ര പരിസരത്തെ കുന്നംകുളങ്ങര വടക്കെ ഇല്ലം ചിറ അനാഥമായി കിടക്കുന്നത് മുപ്പത് വർഷത്തിലധികമായി. വലിയ സാമ്പത്തിക ബാധ്യത വരുന്നതിൽ സ്വകാര്യ കൂട്ടു സ്വത്തായ ചിറ ആരുമേറ്റെടുക്കാതെയും സംരക്ഷിക്കുവാനാളില്ലാതെയും നശിച്ചു കൊണ്ടിരിക്കുകയാണ്.
വർഷങ്ങൾ പഴക്കമുള്ള ഒരേക്കറോളം വ്യാപിച്ചുകിടക്കുന്ന ചിറ അക്കാലത്ത് പാറക്കല്ലിൽ പടവുകൾ തീർത്തായിരുന്നു നിർമ്മാണമെന്ന് പഴമക്കാർ പറയുന്നു. മുപ്പത് വർഷത്തോളമായി ആഫ്രിക്കൻ പായൽ നിറഞ്ഞ് ഇപ്പോൾ കാട് മൂടിക്കിടക്കുകയാണ്. ഇവിടെ ഒരു ചിറ ജീവിച്ചിരിപ്പുണ്ടായിരുന്നു എന്ന് പറയേണ്ട അവസ്ഥയിലാണിപ്പോൾ. നാലാൾ പൊക്കത്തിൽ ചളി തന്നെ ഉണ്ടാവുമെന്നാണ് വിദഗ്ദരുടെ അഭിപ്രായം.

ആഫ്രിക്കൻ പായൽ മൂടിക്കിടക്കുന്ന വില്യാപപ്ള്ളി കൂട്ടങ്ങാരത്തെ കുന്നംകുളം പരദേവതാ ക്ഷേത്ര പരിസരത്തെ കുന്നംകുളങ്ങര വടക്കെ ഇല്ലം ചിറ
ചിറയിൽ ദുർഗാ ദേവി പ്രതിഷ്ഠയുണ്ടെന്ന് വിശ്വാസത്തിൽ ക്ഷേത്രോൽസവത്തോടനുബന്ധിച്ച് കാളി പൂജയും അനുബന്ധ പൂജാവിധികളൊക്കെ നടക്കാറുണ്ടെന്ന് ഇല്ലാംഗമായ പ്രകാശൻ നമ്പൂതിരി പറഞ്ഞു. ചിറയോട് ചേർന്നാണ് പഞ്ചായത്ത് സൗജന്യ വിലയിൽ കുടുംബാംഗങ്ങളോട് വാങ്ങിയ സ്ഥലത്ത് ജലനിധി കിണറും പമ്പ് ഹൗസും സ്ഥാപിച്ചിരിക്കുന്നത്. മറ്റെല്ലാ ജലഉറവിടങ്ങളും വറ്റിയാലും ചിറ പൂർവ്വസ്ഥിതിയിലേക്ക് മാറ്റിയാൽ ഇപ്പോൾ പഞ്ചായത്തിലെ ജലദൗർലഭ്യത പരിഹരിക്കുവാൻ തക്ക ജലമിവിടെയുണ്ട്.
അധികൃതരുടെ ശ്രദ്ധ ചിറ സംരക്ഷണത്തിനായി പതിയണമെന്നാണ് കുന്നംകുളങ്ങര വടക്കെ ഇല്ലം കുടുംബാംഗങ്ങളുടെയും നാട്ടുകാരുടെയും താൽപര്യം.ഇക്കാര്യങ്ങൾ പഞ്ചായത്ത് അധികൃതരെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും ചിറ നവീകരണമുൾപ്പെടെ ആലോചനകൾ നടക്കണമെന്നും പത്തൊമ്പതാം വാർഡംഗം ഭാസ്കരൻ കൊയ്യോടൻ പറഞ്ഞു.












Click it and Unblock the Notifications