ഖുശ്ബു വയനാട്ടിലെ ബിജെപി സ്ഥാനാര്‍ത്ഥി? പ്രിയങ്കയെ നേരിടാന്‍ താരപരിവേഷമുള്ള ആള്‍ വേണമെന്ന് കേന്ദ്രം
വയനാട്: വയനാട് ലോക്‌സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ ബി ജെ പി സ്ഥാനാര്‍ത്ഥിയാകുന്നത് ആരെന്ന് ഇന്ന് അറിയാം. മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി പട്ടികയ്‌ക്കൊപ്പം വയനാട് ഉപതിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥിയേയും ഇന്ന് കേന്ദ്ര നേതൃത്വം പ്രഖ്യാപിച്ചേക്കും എന്നാണ് വിവരം. വയനാട്ടില്‍ സിനിമാ താരം ഖുശ്ബുവിനെ ബി ജെ പി പരിഗണിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്.
രാഹുല്‍ ഗാന്ധി ഒഴിഞ്ഞ വയനാട് മണ്ഡലത്തില്‍ പ്രിയങ്ക ഗാന്ധിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകുന്നത്. അമേഠിയില്‍ സ്മൃതി ഇറാനിയെ ഇറക്കി 2019 ല്‍ വിജയിച്ച പരീക്ഷണത്തിനാണ് ഖുശ്ബുവിലൂടെ ബി ജെ പി ലക്ഷ്യമിടുന്നത്. എന്നാല്‍ സംസ്ഥാന നേതൃത്വത്തിന്റെ കൂടി തീരുമാനം നോക്കിയ ശേഷമെ ഇക്കാര്യത്തില്‍ തുടര്‍നീക്കങ്ങളുണ്ടാകൂ എന്നാണ് അറിയാന്‍ കഴിയുന്നത്.

കോണ്‍ഗ്രസ് നേതാവായിരുന്ന ഖുശ്ബു നാല് വര്‍ഷം മുന്‍പാണ് ബി ജെ പിയില്‍ എത്തിയത്. നിലവില്‍ തമിഴ്‌നാട് ബി ജെ പിയില്‍ ആണ് പ്രവര്‍ത്തിക്കുന്നത്. പ്രിയങ്കയെ പോലെ താരപരിവേഷമുള്ള നേതാവിന് ദേശീയ തലത്തില്‍ നിന്നുള്ള നേതാവ് തന്നെ മത്സരിക്കട്ടെ എന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. ഖുശ്ബുവാകട്ടെ മലയാളികള്‍ക്കും സുപരിചിതയാണ്.
മാത്രമല്ല തമിഴ് വംശജര്‍ കൂടി വോട്ടര്‍മാരായുള്ള മണ്ഡലമാണ് വയനാട് എന്നതും താരത്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് അനുകൂല ഘടകമാണ്. എന്നാല്‍ തമിഴ്‌നാട് ഘടകത്തിന്റെ കൂടി തീരുമാനം ഇതില്‍ നിര്‍ണായകമാണ്. തമിഴ്‌നാട് അധ്യക്ഷന്‍ കെ അണ്ണാമലൈയുമായി അത്ര നല്ല സ്വരചേര്‍ച്ചയില്‍ അല്ല ഖുശ്ബു. അതിനാല്‍ തന്നെ പ്രിയങ്കയെ പോലൊരു നേതാവിന്റെ എതിരാളിയായി മത്സരിച്ചയാളാക്കി ഖുശ്ബുവിനെ മാറ്റണോ എന്ന കാര്യം അണ്ണാമലെ പരിഗണിച്ചേക്കാനും സാധ്യതയുണ്ട്.
അങ്ങനെ വന്നാല്‍ കേരളം സമര്‍പ്പിച്ച പേരുകളിലേക്ക് തന്നെ ദേശീയ നേതൃത്വം കടക്കും. നിലവില്‍ സംസ്ഥാന വക്താവായിരുന്ന സന്ദീപ് വാര്യര്‍, ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടി, മഹിളാമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി നവ്യ ഹരിദാസ് എന്നിവരുടെ പേരുകളാണ് വയനാട് സ്ഥാനാര്‍ത്ഥി പട്ടികയില്‍ കേരള ഘടകം സമര്‍പ്പിച്ചിരിക്കുന്നത് എന്നാണ് വിവരം.
എം ടി രമേശ്, ശോഭാ സുരേന്ദ്രന്‍, ഷോണ്‍ ജോര്‍ജ് എന്നീ പേരുകളും വയനാട്ടിലേക്ക് ബിജെപി സജീവമായി പരിഗണിക്കുന്നുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് വയനാട്ടില്‍ ബി ജെ പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത്. സുരേന്ദ്രന് മണ്ഡലത്തില്‍ നിന്ന് 1,41,045 വോട്ടുകള്‍ ലഭിച്ചിരുന്നു. 2019 ല്‍ ബ ജെ പിയുടെ ഘടകകക്ഷിയായ ബിഡിജെഎസിന്റെ തുഷാര്‍ വെള്ളാപ്പള്ളിയാണ് മത്സരിപ്പിച്ചത്.
അന്ന് വെറും 78,816 വോട്ടുകള്‍ മാത്രമാണ് ഇവിടെ നിന്ന് ലഭിച്ചത്. വയനാട് ജില്ലയിലെ മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ മണ്ഡലങ്ങളും മലപ്പുറം ജില്ലയിലെ ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍ മണ്ഡലങ്ങളും കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി നിയമസഭാ മണ്ഡലവും ഉള്‍പ്പെടുന്നതാണ് വയനാട് ലോക്സഭാ മണ്ഡലം.












Click it and Unblock the Notifications